Saturday, 13 April 2019

വിഷുത്തലേന്ന്

''എടാ അത്പൊട്ടീല ചുളുവായിപ്പോയി..ഇത്തവണ കൊറെ പോക്കാ...''ഓൻ നിരാശയോടെ പറഞ്ഞു.വിഷുവിന്റെ മാലപ്പടക്കങ്ങൾ പല ഭാഗത്തും  പൊട്ടിയമരുന്നു.ആളുകൾ വിഷു ലഹരിയിൽ

''ടാ നാളെ കാലത്ത് കണികാണുമ്പോൾഈ വെല്ല്യ പൂത്തിരി കത്തിക്കാം'' ഓൻ അനിയനോടു പറഞ്ഞു.

പേപ്പറിട്ടും കശുവണ്ടി പെറുക്കി വിറ്റും ഉണ്ടാക്കിയ കാശാ പൊട്ടിച്ചു കളേന്ന്.എന്തായാലും എട്ടാം ക്ളാസ്സുകാരൻ സന്തോ ഷും അനിയൻ ആറാം ക്ളാസ്സ് കാരൻ സന്ദീപും പഠിക്കാനും മിടുക്കരാ.അച്ഛൻ കുമാരന് കൂലിപ്പണിയാണ്.ആളൊരു പാമ്പാണ്.അമ്മ ഭാമയ്ക്ക് വീട്ടിൽ തയ്യലാണ്.

''എഴാ യെനിക്കൊരു പച്ച ബോംബ് വേണം പൊട്ടിക്കാൻ'' നാല് കാലിൽ വന്ന കുമാരൻസന്തോഷിന്റെ കയ്യീന്ന് പച്ച ബോംബ് പിടിച്ചു വാങ്ങി.ചുണ്ടിലെ ബീഡിക്കുറ്റി ആഞ്ഞു പുകച്ച് പച്ച ബോംബ് പടക്കത്തിന്റെ തിരി അതിൽ മുട്ടിച്ച് കത്തിക്കാൻ ശ്രമിച്ചു.

''അച്ഛാ അങ്ങിനെ കത്തിക്കരുതെ പൊട്ടും''സന്തോഷ് നിലവിളിച്ചു.സന്ദീപ് പേടിച്ചു.ഭാമ ഓടിവന്നു.കുമാരൻ വിടാൻ ഭാവമില്ല ആടിക്കുഴഞ്ഞു കൊണ്ട് പടക്കം ബീഡിക്കുറ്റീൽ മുട്ടിക്കാൻ ശ്രമിക്ക്വാ.

''യ്യോ യേ മനുഷ്യാ കത്തിക്കല്ലേ താഴേക്കള..'ഭാമ പൊട്ടിത്തെറിച്ചു..

''നീയാരാടി ചൂലേ ചോയിക്കാൻ...ഞാനീ ബീഢിക്കുറ്റി വലിച്ചോണ്ട് കത്തിക്ക്വേടി...''കുമാരന് വാശി കേറി.അയാൾ വളരെ ശ്രദ്ധിച്ച്  മുഖം വെട്ടാതെ ബലം പിടിച്ച് ഏറെ പണിപ്പട്ട് ബോംബിന്റെ തിരി പുകയുന്ന ബീഢിക്കുറ്റിയിൽ മുട്ടിച്ചു.

''ശ്...ഢീം..ഭും...''കട്ടപ്പോക കുമാരന്റെ നിലവിളി....പിന്നീട് കുമാരൻ കുടിച്ചില്ല. ഒറ്റക്കണ്ണൻ കുമാരനായി കുറെക്കാലം ജീവിച്ചു.                                                                                    -പ്രശാന്ത് കണ്ണോം -


Monday, 8 April 2019

രാജു

''ഓ ഈ അച്ഛനെക്കൊണ്ടു മടുത്തു ഡോക്ടർ.പലതും പറയുന്നു പരസ്പരവിരുദ്ധമായി പ്രവർത്തിക്കുന്നു.ആകെ ഒരു മെന്റൽ പോലെ.ഡോക്ടർ നല്ല ചികിൽസ ആവശ്യമാണ്...കഴിഞ്ഞ ഒരാഴ്ചയായി എന്നെ പുറത്തു വിടുന്നില്ല എന്റെ ഫ്രണ്ട്സിനെ മീറ്റ് ചെയ്യാൻ വിടുന്നില്ല എന്റെ മൊബൈൽ ഫോൺ തരുന്നില്ല ... ഒാ വല്ലാത്തൊരവസ്ഥ തന്നെ ...ഒന്നു വലിച്ചിട്ട് ഒരു സ്മോളു കഴിച്ചിട്ട് ഒരാഴ്ചയായി...അവളെ എന്റെ മഞ്ജുവിനെ കണ്ടിട്ട് ഒരാഴ്ചയായി..എല്ലാം ഈ അച്ഛൻ കാരണാ...ഡോക്ടർ പ്ളീസ് അച്ഛനെചികിൽസിക്കണം...പഴയനിലയിലാക്കണം.അച്ഛന്റെ  ഈ കളികണ്ട് ഇന്ന് കാലത്ത് ദേഷ്യം വന്ന് ടി .വി ഞാൻ അടിച്ചു പൊളിച്ചു...അച്ഛന്റെ മൊബൈൽ ഫോൺ കുത്തിപ്പൊട്ടിച്ചു...ഡോക്ടർ പ്ളീസ് അച്ഛനെ രക്ഷിക്കണം'' +2 പഠിക്കുന്ന രാജു ഡോക്ടറുടെ മുന്നിൽ വികാരാധീനനായി.

പ്രശസ്ത സൈക്യാട്രിസ്റ്റ് മനു വർമ്മ അവന്റെ അച്ഛന്റെ മുഖത്തേക്കു നോക്കി.ദയനീയമായ ആ മുഖത്ത് നിസ്സഹായത.അയാൾ വിങ്ങിപ്പൊട്ടി.ഡോക്ടറെ നോക്കി തലയനക്കി. ഈ സമയം രാജുവിനെ നാലു നഴ്സിംഗ് സ്റ്റാഫു ചേർന്ന് ബലമായി പിടിച്ച് അകത്തെ മുറിയിലേക്ക് നീങ്ങി.അവന്റെ ബഹളം ആശുപത്രിയിൽ മുഴങ്ങി.

-പ്രശാന്ത് കണ്ണോം -

Friday, 5 April 2019

പാപം

ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ അവർ വിവാഹിതരായി.ആദ്യരാത്രിയിൽ അവർ ഒരുപാടു വിഷയങ്ങൾ ആധികാരികമായി ചർച്ച ചെയ്തു.ചർച്ചകൾക്കോടുവിൽ ഒരു തീരുമാനമുണ്ടായി.അവർക്കിടയിൽ ഒരു കുഞ്ഞിക്കാൽ വേണ്ട.പേയിളകിയ സമൂഹത്തിൽ പിച്ചവെച്ചു നടക്കാൻ...പടവെട്ടാൻ...മാനം കാക്കാൻ...  അതിജീവിക്കാൻ ....വേണ്ട.എന്തിനു പാപം ചെയ്യണം 

-പ്രശാന്ത് കണ്ണോം-

Tuesday, 2 April 2019

നഷ്ടം

ട്രൈനിൽ നിന്നും ഇറങ്ങിയ അയാൾക്ക് വല്ലാത്തൊരു നഷ്ടബോധം.തനിക്ക് എന്തോ ഒന്ന് നഷ്ടമായിട്ടുണ്ട്.അയാൾ അസ്വസ്ഥനായി.തീവണ്ടിയുടെ ചൂളം വിളി മുഴങ്ങി.വണ്ടി നീങ്ങാൻ തുടങ്ങി.അനങ്ങിയനങ്ങി അകലേക്ക് നീങ്ങി.അങ്ങൊരു പൊട്ടായി മറഞ്ഞു.

പൊടുന്നനെ ആ ബോധം അയാൾക്കു വന്നു. നഷ്ടപ്പെട്ടത് തന്റെ ഹൃദയമാണ്.വണ്ടിയിലെ ആരോ അത് മോഷ്ടിച്ചിരിക്കുന്നു.

-പ്രശാന്ത് കണ്ണോം-