Saturday 26 June 2021

പേര് മരച്ചോട്ടിൽ

മുകളിൽ ആകാശവും
താഴെ ഭൂമിയും
പേര മരച്ചോട്ടിലെ
കുഞ്ഞനുറുമ്പുകളും
നാണംകുണുങ്ങികളായ
തൊട്ടാവാടി ചെടികളും കൂട്ട്
ആകാശത്തിലെ മേഘജാലങ്ങൾ
തിടുക്കത്തിൽ പായുകയാണ്
ഇളകി വീശുന്ന കാറ്റിൽ
പേര ഇലകൾ
പൊഴിഞ്ഞു വീഴുന്നു
കോവിഡു കണക്കിൽ
നേരിയ കുറവ്
മൂടിക്കെട്ടിയ മുഖങ്ങൾ
മറഞ്ഞു പോകുന്ന കണ്ണുകൾ
വൈറസുകൾക്ക്
പക്ഷഭേദം ഇല്ല
അവയ്ക്ക് മുകളിൽ
ആകാശവും
താഴെ ഭൂമിയും
നാം കരുതിയിരിക്കണം
ജീവവായു തരുന്ന മരങ്ങളെ
പ്രാണനെ പോലെ
പരിരക്ഷിക്കണം
പേര മരം മൗനമായ്
മൊഴിഞ്ഞു.
-പ്രശാന്ത് കണ്ണോം-

Friday 25 June 2021

കണ്ണന്റെ ലൗബേർഡ്സ്


ലൗ ബേർഡ്സിൻറെ കൊഴിഞ്ഞുവീണ രണ്ടു കുഞ്ഞു തൂവലുകൾ. കണ്ണൻറെ കണ്ണീർത്തുള്ളികളിൽ കുതിർന്നു.

കഴിഞ്ഞയാഴ്ചയാണ് അച്ഛൻ രണ്ടു ലൗബേർഡ്സ്കളെ അവന് കൊണ്ട് കൊടുത്തത്. ഒന്ന് പച്ചയും മറ്റേത് നീലയും . എത്ര പെട്ടെന്നാ കണ്ണനുമായി ഇവ അടുത്തത്.കണ്ണൻറെ കയ്യിൽ വന്നിരിക്കുക. ആഹാരസാധനങ്ങൾ കൊത്തി പെറുക്കുക. കണ്ണൻ കുഞ്ഞു കിളികളെ നെഞ്ചോട് ചേർത്തു.
ലോക്ക് ഡൗണും ഓൺലൈൻ പഠനവും ഈ നാലാം ക്ലാസ്സുകാരനെ വല്ലാതെ ബോറടിപ്പിച്ചിരുന്നു.എന്നാൽ കിളികൾ വന്നതോടുകൂടി അവൻ ഉന്മേഷവാനായി. ഊണിലും ഉറക്കത്തിലും കിളികൾ എന്ന ഒറ്റ ചിന്ത മാത്രമായി.

ഉറക്കമുണർന്ന ഉടൻ ഇന്നും തൻറെ ലൗബേർഡ്സിനടുത്തേക്ക് കണ്ണനോടിയെത്തി . വിറക് പുരയിൽ വെച്ചിരുന്ന കിളിക്കൂട് തുറന്നുകിടക്കുന്നു.
അതിൽ പേടിച്ച് വിറച്ച് നീല ലൗബേർഡ്സ് മാത്രം. വീണുകിടന്ന രണ്ടു പച്ചകിളി തൂവലുകളിൽ ചോര പുരണ്ടിരിക്കുന്നു. അവൻ ആ കുഞ്ഞു തൂവലുകൾ വാരിയെടുത്ത് നിലവിളിച്ചു . അമ്മേ....
അവൻ വിങ്ങിപ്പൊട്ടി .

ചുടുചോര മോന്തി വിറക് പുരയുടെ മൂലയിൽ ഒളിച്ചിരിക്കുന്ന പെരുച്ചാഴി ഇതൊന്നും അറിഞ്ഞതേയില്ല.
-പ്രശാന്ത് കണ്ണോം-


Wednesday 23 June 2021

മെസ്സിക്കു പിറന്നാൾ



മാനത്തെ താരങ്ങളും അമ്പിളിമാമനും ഇവൻറെ പാദങ്ങളിൽ മുത്തമിടാൻ കൊതിക്കുന്നു .വെള്ള മുകിലുകൾ വശൃമനോഹരികളായി ഇവനെ പുൽകാനായി ഓടി അടുക്കുന്നു.
ഇവൻറെ കാൽ സ്പന്ദനം കേൾക്കുമ്പോൾ
അലമാലകൾ ആവേശത്താൽ ആർത്തിരമ്പുന്നു.
കാൽപന്തുകളിയുടെ രാജകുമാരാ
നിൻറെ പാദങ്ങളിൽ ഞാൻ ഒന്ന് മുത്തം ഇട്ടോട്ടെ.....

Monday 21 June 2021

സംഗീതം

വർണ്ണമുകിൽ തേരിലേറി
മൃദു മന്ദഹാസം തൂകി
അമൃതാനന്ദ മേകാൻ
അണയൂ സംഗീതമേ

ആരോഹണങ്ങളും
അവരോഹണങ്ങളും
മമ ജീവതാളമായി
സ്വരശ്രുതി മീട്ടുന്നു

പാടുംകുയിലിന്റെ
സ്വരമിന്നിടറുന്നു
ശാരിക പൈതലിൻ
പ്രാണൻ പിടയുന്നു

അമ്മയാം മണ്ണിന്നു
വാമൂടിമയങ്ങുന്നു
വിണ്ണവർ പോലുമിന്ന്
മണ്ണിനെ മറക്കുന്നു

ആനന്ദമേകുവാനായ്
വരിക സംഗീതമേ
ശാന്തിതൻ ദൂതുമായ്
അണയൂ സംഗീതമേ
(വർണ്ണമുകിൽ..........)
-പ്രശാന്ത് കണ്ണോം-

Saturday 12 June 2021

വാർദ്ധക്യം


ഓർമ്മകൾ ഊന്നു വടിയിലായി
ഓരോ ചുവടിലും ഭീതിയായി
ഓരോനിമിഷവും ആധിയായി
ഓമനിക്കാൻ ആരുമില്ലാതായി
വാർദ്ധക്യമേ നിന്റെ നാട്യമെല്ലാം
വാക്കിലും നോക്കിലും മാത്രമായി
വാമൂടി യൂറിച്ചിരിച്ചിരിച്ചു കൊല്ലും
വാൾമുനനാക്കിലൊളിച്ചു വെക്കും
ജീവിതകാലത്തു ശാന്തിനേടാൻ
ജീവനായ് സൗഹൃദം കാത്തിടേണം
ജീർണ്ണത മാനസേ തോന്നിടാതെ
ജീവികൾക്കാനന്ദമേകിടേണം
-പ്രശാന്ത് കണ്ണോം-