Thursday 27 May 2021

പ്രണാമം

വിണ്ണിൽ നിന്നും വിരുന്നു വന്ന്
മണ്ണിൽ തെളിഞ്ഞ പൊൻ താരമേ
വിദ്യയും വാണിയും ഒന്നു ചേർന്ന്
മാനവ സ്നേഹ സ്വരൂപമായി
വിനയത്താൽ കർമ്മ നിരതനായി
മാതൃഭൂമിതൻ വീരപുരുഷനായി
വിശ്വത്തിലെങ്ങും കീർത്തികേട്ട്
മലയാള നാടിന്നഭിമാനമായ്
വിണ്ണിൽ മറഞ്ഞതാമീദിനത്തിൽ
മാലോകരേകുന്നു ബാഷ്പാഞ്ചലി
വിശ്വം നിലനിൽക്കും കാലം വരെ
മാനവരോർക്കുമീ പുണ്യ നാമം.
-പ്രശാന്ത് കണ്ണോം-

Wednesday 26 May 2021

കരിനീല കണ്ണി

കരിനീല കണ്ണുള്ള കൊച്ചു പൂച്ച
ഇവൾ കരയുമ്പോളെൻവീടുണരുമിന്ന് മുകളിലെ കുന്നിലെ പാറയിടുക്കിലായ് മഴയത്തു കണ്ടൊരു കൊച്ചു പൂച്ച
ആരോ കനിവൊട്ടുമില്ലാതുപേക്ഷിച്ച
കാണാനഴകുള്ള കൊച്ചുപൂച്ച
കുറുനരി കൂട്ടങ്ങൾ കണ്ടതില്ല
പാറും പരുന്തുകൾ കണ്ടതില്ല
പാറയിടുക്കിൽ പുളച്ചു പായും
കൊടും കാട്ടു നാഗങ്ങളും കണ്ടതില്ല കാട്ടുചെടികളിൽ കൂട്ടമായി കൂടിയ
കട്ടുറുമ്പിൻ കൂട്ടം കണ്ടതില്ല
വെള്ളിടി വെട്ടി ശര മാരി പെയ്തപ്പോൾ ആകെ നനഞ്ഞു വിറച്ചു പൂച്ച
ഉള്ളിലെ പ്രാണനെ കാത്തിടുമീശ്വരൻ കാരുണ്യം കാട്ടിയ കൊച്ചു പൂച്ച 
നീട്ടി കരഞ്ഞവൾ പ്രാണനെ കാത്തിടാൻ തോരാമഴ തീരും നേരം വരെ 
ആ വഴി പോയൊരു നേരത്ത് ഞാനെൻറെ നെഞ്ചോട് ചേർത്തൊരീ കൊച്ചു പൂച്ച
കരിനീല കണ്ണുള്ള കൊച്ചു പൂച്ച 
ഇവൾ കരയുമ്പോളെൻവീടുണരുമിന്ന്.
-പ്രശാന്ത് കണ്ണോം-

വൺലൈൻ

'' മാധവൻ സാർ ഞാൻ റെഡിയാണ്.
അവൾ സമ്മതിക്കും ''
രമേശന്റെ വാക്കിൽ വിശ്വസിച്ച് അഘോരി മാധവ് ഇരുപത് ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ അയാൾക്ക് കൈമാറി.
അറുപതുകാരനായ അഘോരി മാധവ് ബിസിനസ്സ് അതികായൻ കല്ല്യാണം കഴിച്ചിട്ടില്ല സ്വന്തമെന്നു പറയാൻ ആരുമില്ല എന്നാൽ സ്വന്തം ചോരയിൽ ഒരു കുട്ടി വേണം എന്ന ആഗ്രഹം, അത് ഒരു വാടക ഗർഭപാത്രം എന്ന ചിന്തയിലെത്തിച്ചു,
എന്നാൽ രമേശന്റെ 45 കാരി ഭാര്യ തനി നാട്ടിൻപുറത്തുകാരി രമയ്ക്ക് അത് ഉൾക്കൊള്ളാനായില്ല രമേശന്റെ നിർബന്ധത്തിനു വഴങ്ങാതെ അവൾ ആത്മഹത്യ ചെയ്തു. ഇളയ കുട്ടിയുടെ ബ്രെയിൻ ഓപ്പറേഷന് പതിനഞ്ച് ലക്ഷം വേണം. കൊടും ദുരിതങ്ങളുടെ നടുവിൽ 21 കാരിയായ മകൾ ആശ ഇതിന് തയ്യാറായി. അച്ഛനു വേണ്ടി അനിയത്തിക്കു വേണ്ടി അവളുടെ ത്യാഗം .അഘോരി മാധവ് അവരെ അവിടെ നിന്നും മാറ്റി. ഊട്ടിയിലെ തന്റെ ഫ്ലാറ്റിൽ താമസിപ്പിച്ചു. രമേശന്റെ ഇളയ മകളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി.ആശ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അവളുടെ മാതൃഹൃദയം അനുവദിച്ചില്ല.അവിവാഹിതയായ അമ്മ.അഘോരി മാധവും സങ്കടത്തിലായി. പ്രശ്നപരിഹാരത്തിനായി അഘോരി മാധവ് ആശയെ വിവാഹം കഴിച്ചു.
'' ഏയ് ഇത് പോരാ ഇതിൽ എന്തെങ്കിലും ട്വിസ്റ്റ് വേണം എന്നാൽ മാത്രമേ സിനിമ കാണാൻ ആളുകൾ കയറൂ. വൺ ലൈൻ സ്റ്റോറി കൊള്ളാം പക്ഷേ ഒന്നു കൂടെ പൊളിച്ചെഴുതണം .കൈമാക്സ് തകർക്കണം'' സംവിധായകൻ മുഖം നോക്കാതെ പറഞ്ഞു
''ഓ ചെയ്യാം സർ''
അയാൾ പ്രതീക്ഷയോടെ പടിയിറങ്ങി
-പ്രശാന്ത് കണ്ണോം-

Sunday 23 May 2021

ആർപ്പുവിളികളും
ആഘോഷങ്ങളുമില്ല
ആൾക്കൂട്ടങ്ങളും
കോലാഹലങ്ങളുമില്ല
കണ്ണുകൾക്ക് അദൃശ്യനായ
വികൃതരൂപിയാണ് ശത്രു
ഉൾക്കരുത്താൽ നേരിടണം
ഇവൻ എല്ലായിടത്തുമുണ്ട്
ഏതു വഴിയും ആക്രമിക്കാം
ആരുടെയൊക്കെയോ ഉള്ളിൽ
തുരന്ന് കയറിയിരിക്കുന്നു
ശ്വാസനാളത്തിൽ വെടിയുതിർക്കാൻ
അപകടകാരിയാണിവൻ
ഇവനെ പുറത്ത് തടയണം
വെടിയോച്ച മുഴങ്ങരുത്
മുഖമറയ്ക്ക് കരുത്ത് വേണം
കരങ്ങൾ സുരക്ഷിതമാക്കണം
 ശരീരത്തിന് വീര്യം വേണം.
ഈ ശത്രുവിനെ നേരിടാൻ
ലോകം ഒറ്റക്കെട്ടാണ്
ഒരുമിച്ച് പടനയിക്കണം.
സംഘം ചേർന്ന പടപ്പുറപ്പാടല്ല
സ്വന്തം മാളങ്ങളിൽ പതിയിരുന്ന്
ഒറ്റയാൾ പോരാട്ടങ്ങൾ
ചരിത്രവിജയം നേടണം
വീര ചരിതം കുറിക്കണം
ഇവനെ ആട്ടിയകറ്റണം
നാം പടപ്പുറപ്പാടിലാണ്
കച്ചകെട്ടി ഒരുങ്ങിയിരിക്കുക
ആത്മ വിശ്വാസത്താൽ
മനോബലം ആർജ്ജിക്കുക
വിജയം സുനിശ്ചിതം.
-പ്രശാന്ത് കണ്ണോം-

ജീവിതപ്പാലം

(കാഴ്ചക്കപ്പുറം)
മൂർദ്ധാവിൽ ഇറ്റുവീണ
മഴനീർ മുത്തുകൾക്ക്
കണ്ണീരിന്റെ ഉപ്പു ഗന്ധം.
പൊടുന്നനെ പെയ്ത
ചാറ്റൽ മഴയെയും
ആത്മ നൊമ്പരങ്ങളെയും
കൊടിയിലയാൽ മറച്ചു.
ഞേറ്റിലാശ്വാസക്കഞ്ഞിയുണ്ട്
ഖൽബിൽ പ്രാർത്ഥനയും
അക്കരെ ആശുപത്രിയിലെ
രോഗിയാം പതിയെ തേടി
ജീവിതപ്പാലത്തിന്റെ
കൈവരി താണ്ടട്ടേയിവൾ
-പ്രശാന്ത് കണ്ണോം-

Saturday 22 May 2021

കവിതാ പൂരണം


കോട്ടും സൂട്ടുമണിഞ്ഞിട്ട്
കേട്ടോ ചെക്കൻ വരണുണ്ടേ
കിട്ടമ്മാന്റെ കുട്ടിപ്പെണ്ണിനെ
'കെട്ടാ'നെന്തൊരു നെട്ടോട്ടം
-പ്രശാന്ത് കണ്ണോം-

Wednesday 19 May 2021

മഴയോഴിഞ്ഞ വഴിയിൽ



എവിടെയും ആളനക്കമില്ല
നാട്ടിൻപുറത്തെ ഒഴിഞ്ഞ
പീടികത്തിണ്ണകൾ പലതും
നായ്ക്കൾ താവളമാക്കി
അവയ്ക്ക് മാസ്ക് വേണ്ട
സാമൂഹ്യ അകലം ബാധകമല്ല
തെരുവിൽ അലയുന്ന
പിച്ചക്കാർ എങ്ങുപോയി?
ഇരുചക്രങ്ങളും ഒറ്റ വണ്ടികളും
ശൂന്യമായ റോഡിന് സാന്ത്വനമേകുന്നു
ആംബുലൻസിന്റെ ചിറിപ്പാച്ചൽ
കാതടപ്പിക്കുന്നു കരളിൽ കുത്തുന്നു
കൊറോണക്ക് കൂട്ടായി മഴയും
അടച്ചു പൂട്ടലിന് ആക്കം കൂട്ടി
കാക്കിയിട്ട പോലീസുകാർ
അങ്ങുമിങ്ങും ജാഗ്രതയിലാണ്
തളരാതിരുന്നാൽ തീരത്തണയാം
മുഖം മൂടിയില്ലാ കാലത്തിനായ്
കരുതലോടെ കാത്തിരിക്കാം
-പ്രശാന്ത് കണ്ണോം-

Sunday 16 May 2021

കാറ്റിനോട്


കാറ്റേ നീ 
അങ്ങിനെയാണ്
കാണാതെ
അനുഭവിച്ചറിയുന്ന സത്യം
ഇളം കാറ്റേറ്റിരിക്കുവാൻ
എന്തുസുഖമാണ്

കടൽക്കാറ്റിനെ
പ്രണയിതാക്കളും
നെഞ്ചേറ്റും
നല്ല ചൂടിൽ 
വിയർപ്പൊപ്പുന്ന കാറ്റ്

മഴമേഘങ്ങളെ തള്ളി 
ചെടികളുടെ ബീജം
വഹിച്ച്
കാടും മേടും 
കേറും കാറ്റ്
 
യന്ത്രങ്ങളും
ചക്രങ്ങളും കറക്കും
അഗ്നി ആളിക്കത്തിക്കും
ചെറുദീപമണയ്ക്കും
കലിതുള്ളുംകാളിയാകും 
താണ്ഡവമാടും
 
കാറ്റേ അടങ്ങൂ 
ശാന്തയാകൂ
ഇളം തെന്നലായ്
വന്നണയൂ.

ഇന്നലെ നീ
വീശിയടർത്തിയ
പ്ളാമരച്ചില്ലയിലെ
ചക്കകൾ
പ്രായം തികയാത്ത
കുരുന്നുകൾ

വേണ്ട തോന്ന്യാസം
ഇക്കുറി
കൂട്ടുചേരില്ല
നിൻ നെറികേടിന്

ആവില്ല
നിന്നോട് മുട്ടി 
നോക്കാൻ
ആയതിനാൽ
ഇതോരപേക്ഷ മാത്രം

ഉപേക്ഷ കൂടാതെ
കാത്തിടേണം
കാറ്റേ നിൻ ചാരത്ത്
ഞാനുമുണ്ട്.
-പ്രശാന്ത് കണ്ണോം-

 
 

Saturday 15 May 2021

അവൾ


മണ്ണിന്റെ മാറിലേക്ക്
അവൾ പെയ്തിറങ്ങി
കാർമേഘ കൂടുകളിൽ
സൂര്യൻ പിടിച്ചു വെച്ച പെണ്ണ്
ആർത്തി പൂണ്ട മണ്ണ്
മാടി വിളിച്ചപ്പോൾ
കൂടു പൊളിച്ച് അവളെത്തി
മണ്ണിന്റെ പൈദാഹമാറ്റാൻ
മേഘങ്ങൾ ഗർജിച്ചു
അവരുടെ കോപാവേശം
കണ്ണുകളിൽ അഗ്നിയായി ജ്വലിച്ചു
മഴ ആനന്ദനൃത്തമാടി
കാറ്റും അവളോടൊപ്പം കൂടി
ഗിരിശൃംഗങ്ങൾ ആടിയുലഞ്ഞു
മരങ്ങൾ കടപുഴകി
മണ്ണിൻറെ മനം കുളിർത്തു
മാറ് നിറഞ്ഞു 
മഴ നിർത്താൻ ഭാവമില്ല
നൃത്തം താണ്ഡവമായി 
മണ്ണിൻറെ മക്കൾ വാവിട്ടു
ആനന്ദത്തിൽ മുഴുകിയ 
സൂര്യന്റെ മനസ്സലിഞ്ഞു
തൻറെ പ്രണയിനിയെ 
ചേർത്തുപിടിച്ചു 
ആ കരവലയത്തിൽ
അവൾ തെല്ലൊന്ന് 
ശാന്തയായി
-പ്രശാന്ത് കണ്ണോം-

Wednesday 12 May 2021

പെരുന്നാൾ ആശംസകൾ


ആർദ്രമായ മനസ്സിന്റ നൈർമല്യവും ആനന്ദവും സാഹോദര്യ സ്നേഹവും ഒന്നിച്ച് ദാനധർമ്മാദികളാലും സേവന കർമങ്ങളാലും അകലത്തിരുന്നാണേലും മനസ്സു കൊണ്ട് ഒന്നിച്ചുള്ള നമ്മുടെ പെരുന്നാൾ ദിനം പുണ്യം നിറഞ്ഞതാവട്ടെ.പെരുന്നാൾ  ആശംസകൾ 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രണാമം

അന്തരംഗം വിതുമ്പുന്നു
അക്ഷരങ്ങൾ വിറകൊള്ളുന്നു
അഭ്രപാളികളിൽ മറഞ്ഞൊരീ
അറിവിന്റെ ഗുരുനാഥനായ്
അകലെ ആകാശപഥങ്ങളിൽ
അനന്തശയന പാദങ്ങളിൽ
അണയാ ജ്യോതിയായ് നീ
അമരനായ് മരുവൂയിനി
-പ്രശാന്ത് കണ്ണോം-

Saturday 8 May 2021

അമ്മ



നന്മ ചെയ്യുന്ന മർത്യന്നു മണ്ണിതിൽ
കർമ്മദോഷം വരികില്ല നിർണ്ണയം
തിന്മ തീണ്ടാതെ മണ്ണിതിൽ വാഴുവാൻ
അമ്മ തന്നെ തുണ പാരിലാർക്കുമേ
-പ്രശാന്ത് കണ്ണോം-