Thursday 24 December 2020

ക്രിസ്മസ്



മാനത്തു താരകം പൂത്ത നേരം
മാലാഖമാരൊത്ത് വന്നനേരം
മാലോകർക്കാനന്ദമേകിടാനായ്
മാനവനായ് മണ്ണിൽ വന്നു യേശു
കാലത്തിൻ നാഥനാമുണ്ണിയേശു
കാലിത്തൊഴുത്തിൽ പിറന്ന ദിനം
ക്രിസ്തുമസ് നാളായി പാരിലെങ്ങും
കാലങ്ങളായെന്നുമാഘോഷിപ്പൂ
ക്രിസ്തുമസ് ട്രീകളും സ്റ്റാറുകളും
കുട്ടിപ്പടയുടെ ബാന്റ് മേളോം
ക്രിസ്തുമസ് പപ്പയും വന്നണഞ്ഞേ
ക്രിസ്തുമസ് കേക്ക് മുറിച്ചിടാലോ.
-പ്രശാന്ത് കണ്ണോം-


Wednesday 23 December 2020

സുഗതകുമാരിക്കു പ്രണാമം



അമ്മയാം മണ്ണിനെ ഈറനണിയിച്ച്
അക്ഷര മുത്തശ്ശി യാത്രയായ്
ആത്മാവ് തൊട്ടറിഞ്ഞീ കാവ്യലോകത്ത്
അക്ഷരവിസ്മയം തീർത്തു വെച്ച്
അമ്പിളിമാമനും താരങ്ങളും വാഴും
ആകാശക്കോവിലിൽ നീ വിളങ്ങും.
പൂമരച്ചില്ലയിൽ പൂംകുയിൽ തേങ്ങുന്നു
പൂന്തേൻ നുകരാതെ തുമ്പി വിതുമ്പുന്നു
പുംകിളിക്കൂട്ടങ്ങളാർത്തു കരയുന്നു.
പൂമരം മൗനമായ് പൂക്കളുതിർക്കുന്നു
പൂമാനം കുംകുമ കാന്തി കവരുന്നു
പൂജ്യയാം കവയത്രീ വിണ്ണിൽ വിളങ്ങു നീ.
-പ്രശാന്ത് കണ്ണോം-

Monday 14 December 2020

പൂച്ചക്കുട്ടികൾ (കഥ)

അഞ്ച് പൂച്ചക്കുട്ടികൾ .നല്ല ഓമനകൾ എങ്ങിനെ ഇവയെ ഈ വിജനതയിൽ ഉപേക്ഷിക്കും...അയാൾ പെട്ടു പോയി.

കഴിഞ്ഞാഴ്ചയാ എവിടേന്നൊ കേറി വന്ന ചക്കിപ്പൂച്ച അടുക്കളപ്പുറത്ത് പെറ്റത്.
നല്ല ഓമനത്തമുള്ള ആറ് പൂച്ചക്കുട്ടികൾ.
ഒന്നിനെ തള്ള തിന്നു.ബാക്കി അഞ്ചെണ്ണത്തെ അയാൾ വല്ലാതെ ഇഷ്ടപ്പെട്ടു പോയി.
''എടാ ഇപ്പൊ നിനക്ക് ഭയംകര ഇഷ്ടാണ്..ഓകെ പക്ഷെ ഇവറ്റകള് വലു തായാ വല്ലാത്ത അലമ്പാ കേട്ട്വാ...നിനക്ക് സ്വരക്കേടാകും'' ബാബു അയാളെ കുറ്റപ്പെടുത്തി...

ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചാ അയാൾ തള്ളയില്ലാത്ത നേരം നോക്കി പൂച്ചക്കുട്ടികളെ കളയാൻ ചാക്കിലാക്കി ഈ കുന്നും പ്രദേശത്ത് വന്നത്..
''മീയൊ...മീയോ...''അയാളെ നോക്കി പൂച്ചക്കുട്ടികൾ ദയനീയമായി കരഞ്ഞു..
അയാൾക്കത് താങ്ങാനായില്ല.അയാൾ പൂച്ചക്കുട്ടികളെ വാരിപ്പുണർന്നു...നെഞ്ചോടു ചേർത്തു.
-പ്രശാന്ത് കണ്ണോം-

Friday 11 December 2020

ആഫ്റ്റർ കൊറോണ(കഥ)

''ആഫ്റ്റർ കൊറോണ എങ്ങിനെ ദാസ്''
വിവാഹ വാർഷികത്തിന്റെ ഫേസ്ബൂക്ക്
പോസ്റ്റ് കണ്ടാ അയാൾ ദാസിനെ വിളിച്ചത്.
''ജോറന്നെ'' മറുതലക്കൽ ദാസിന്റെ ചിരി ഉച്ചത്തിലായിരുന്നു.
അല്ലേലും അവനങ്ങിനെയാ ഒരു പേടിയുമില്ല.
രോഗങ്ങളും അപകടങ്ങളും പലതവണ അവനെ തോൽപ്പിക്കാൻ വൃഥാ ശ്രമം നടത്തി.
''കൊറോണ ബെല്ലാത്തൊരു രോഗാ സാറെ..
ആള് തട്ടിപ്പോന്നതറയൂല...ചെലോർത് ശരിയാവും ചെലോർത് ശരിയാവൂല...
എതായാലും നമ്മക്ക് കൊയ്പ്പൂല...''
എത്ര ടെൻഷനുണ്ടേലും ദാസിന്റെ നർമ്മത്തിന് ഒരു കൊറവൂല.
''നമ്മുടെ മമ്മത്ക്ക ഞാനുമായിട്ട് വർത്താനം പറഞ്ഞോണ്ടിരിക്കുമ്പാ മറഞ്ഞു വീണ് മരിച്ചത്..പെട്ടെന്ന് മുഖഭാവം മാറി ഒരു പെടപ്പ്..
ഓ..എത്ര പെട്ടന്നായിരുന്നു...ഇക്കാക്ക് വയസ്സ് 70 കയിഞ്ഞിരുന്നു...'' ദാസ് കൊറോണ വാർഡിലായപ്പോഴത്തെ അനുഭവം ഓർത്തെടുത്തു.
''അല്ലേലും ഈശ്വരനെന്തോ കണ്ടിട്ടുണ്ട്...കളി നമ്മുടെ കയ്യിലല്ല...ശരീരം ക്ഷീണിച്ചാലും മനസ്സിനെ ക്ഷീണിക്കാൻ ഞാൻ ബിടൂല...''
ദാസ് വീണ്ടും ചിരിച്ചു.
അവന്റെ ആത്മവിശ്വാസം അയാളിൽ പുതിയ ഊർജ്ജമായി..
-പ്രശാന്ത് കണ്ണോം-