Thursday 24 December 2020

ക്രിസ്മസ്



മാനത്തു താരകം പൂത്ത നേരം
മാലാഖമാരൊത്ത് വന്നനേരം
മാലോകർക്കാനന്ദമേകിടാനായ്
മാനവനായ് മണ്ണിൽ വന്നു യേശു
കാലത്തിൻ നാഥനാമുണ്ണിയേശു
കാലിത്തൊഴുത്തിൽ പിറന്ന ദിനം
ക്രിസ്തുമസ് നാളായി പാരിലെങ്ങും
കാലങ്ങളായെന്നുമാഘോഷിപ്പൂ
ക്രിസ്തുമസ് ട്രീകളും സ്റ്റാറുകളും
കുട്ടിപ്പടയുടെ ബാന്റ് മേളോം
ക്രിസ്തുമസ് പപ്പയും വന്നണഞ്ഞേ
ക്രിസ്തുമസ് കേക്ക് മുറിച്ചിടാലോ.
-പ്രശാന്ത് കണ്ണോം-


Wednesday 23 December 2020

സുഗതകുമാരിക്കു പ്രണാമം



അമ്മയാം മണ്ണിനെ ഈറനണിയിച്ച്
അക്ഷര മുത്തശ്ശി യാത്രയായ്
ആത്മാവ് തൊട്ടറിഞ്ഞീ കാവ്യലോകത്ത്
അക്ഷരവിസ്മയം തീർത്തു വെച്ച്
അമ്പിളിമാമനും താരങ്ങളും വാഴും
ആകാശക്കോവിലിൽ നീ വിളങ്ങും.
പൂമരച്ചില്ലയിൽ പൂംകുയിൽ തേങ്ങുന്നു
പൂന്തേൻ നുകരാതെ തുമ്പി വിതുമ്പുന്നു
പുംകിളിക്കൂട്ടങ്ങളാർത്തു കരയുന്നു.
പൂമരം മൗനമായ് പൂക്കളുതിർക്കുന്നു
പൂമാനം കുംകുമ കാന്തി കവരുന്നു
പൂജ്യയാം കവയത്രീ വിണ്ണിൽ വിളങ്ങു നീ.
-പ്രശാന്ത് കണ്ണോം-

Monday 14 December 2020

പൂച്ചക്കുട്ടികൾ (കഥ)

അഞ്ച് പൂച്ചക്കുട്ടികൾ .നല്ല ഓമനകൾ എങ്ങിനെ ഇവയെ ഈ വിജനതയിൽ ഉപേക്ഷിക്കും...അയാൾ പെട്ടു പോയി.

കഴിഞ്ഞാഴ്ചയാ എവിടേന്നൊ കേറി വന്ന ചക്കിപ്പൂച്ച അടുക്കളപ്പുറത്ത് പെറ്റത്.
നല്ല ഓമനത്തമുള്ള ആറ് പൂച്ചക്കുട്ടികൾ.
ഒന്നിനെ തള്ള തിന്നു.ബാക്കി അഞ്ചെണ്ണത്തെ അയാൾ വല്ലാതെ ഇഷ്ടപ്പെട്ടു പോയി.
''എടാ ഇപ്പൊ നിനക്ക് ഭയംകര ഇഷ്ടാണ്..ഓകെ പക്ഷെ ഇവറ്റകള് വലു തായാ വല്ലാത്ത അലമ്പാ കേട്ട്വാ...നിനക്ക് സ്വരക്കേടാകും'' ബാബു അയാളെ കുറ്റപ്പെടുത്തി...

ഇന്നലെ രാത്രി മുഴുവൻ ആലോചിച്ചാ അയാൾ തള്ളയില്ലാത്ത നേരം നോക്കി പൂച്ചക്കുട്ടികളെ കളയാൻ ചാക്കിലാക്കി ഈ കുന്നും പ്രദേശത്ത് വന്നത്..
''മീയൊ...മീയോ...''അയാളെ നോക്കി പൂച്ചക്കുട്ടികൾ ദയനീയമായി കരഞ്ഞു..
അയാൾക്കത് താങ്ങാനായില്ല.അയാൾ പൂച്ചക്കുട്ടികളെ വാരിപ്പുണർന്നു...നെഞ്ചോടു ചേർത്തു.
-പ്രശാന്ത് കണ്ണോം-

Friday 11 December 2020

ആഫ്റ്റർ കൊറോണ(കഥ)

''ആഫ്റ്റർ കൊറോണ എങ്ങിനെ ദാസ്''
വിവാഹ വാർഷികത്തിന്റെ ഫേസ്ബൂക്ക്
പോസ്റ്റ് കണ്ടാ അയാൾ ദാസിനെ വിളിച്ചത്.
''ജോറന്നെ'' മറുതലക്കൽ ദാസിന്റെ ചിരി ഉച്ചത്തിലായിരുന്നു.
അല്ലേലും അവനങ്ങിനെയാ ഒരു പേടിയുമില്ല.
രോഗങ്ങളും അപകടങ്ങളും പലതവണ അവനെ തോൽപ്പിക്കാൻ വൃഥാ ശ്രമം നടത്തി.
''കൊറോണ ബെല്ലാത്തൊരു രോഗാ സാറെ..
ആള് തട്ടിപ്പോന്നതറയൂല...ചെലോർത് ശരിയാവും ചെലോർത് ശരിയാവൂല...
എതായാലും നമ്മക്ക് കൊയ്പ്പൂല...''
എത്ര ടെൻഷനുണ്ടേലും ദാസിന്റെ നർമ്മത്തിന് ഒരു കൊറവൂല.
''നമ്മുടെ മമ്മത്ക്ക ഞാനുമായിട്ട് വർത്താനം പറഞ്ഞോണ്ടിരിക്കുമ്പാ മറഞ്ഞു വീണ് മരിച്ചത്..പെട്ടെന്ന് മുഖഭാവം മാറി ഒരു പെടപ്പ്..
ഓ..എത്ര പെട്ടന്നായിരുന്നു...ഇക്കാക്ക് വയസ്സ് 70 കയിഞ്ഞിരുന്നു...'' ദാസ് കൊറോണ വാർഡിലായപ്പോഴത്തെ അനുഭവം ഓർത്തെടുത്തു.
''അല്ലേലും ഈശ്വരനെന്തോ കണ്ടിട്ടുണ്ട്...കളി നമ്മുടെ കയ്യിലല്ല...ശരീരം ക്ഷീണിച്ചാലും മനസ്സിനെ ക്ഷീണിക്കാൻ ഞാൻ ബിടൂല...''
ദാസ് വീണ്ടും ചിരിച്ചു.
അവന്റെ ആത്മവിശ്വാസം അയാളിൽ പുതിയ ഊർജ്ജമായി..
-പ്രശാന്ത് കണ്ണോം-


Wednesday 25 November 2020

പ്രിയ മറഡോണാ



കണ്ണീരണിഞ്ഞൊരീ വാനവും ഭൂമിയും
കണ്ണിമ ചിമ്മാതെ ഹേമന്ത കാലവും
കാൽപ്പന്തുകൾ മൂകം കണ്ണീരുതിർക്കുന്നു
കാലയവനിക പോലും വിതുമ്പുന്നു.
മറഡോണ നിൻ പദം വർണ്ണം വിതറിയ
മാരിവിൽ ഗോളുകൾ മാനത്തുദിക്കുന്നു
മാനവരുള്ളോരു കാലം വരേയും നീ
മാനസഭൂമിയിൽ മന്ദസ്മിതം തൂകും.
-പ്രശാന്ത് കണ്ണോം-

Sunday 15 November 2020

ശാന്തത



ശാന്തസ്വഭാവം ഒരു വ്യക്തിയെ ഉയർത്തും.
ശാന്തരായ വ്യക്തികളുള്ള കുടുംബത്തിൽ
സമാധാനവും സന്തോഷവും കളിയാടും.
ഈശ്വര സാധനയിലൂടെ ശാന്തത കൈവരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ശിശുദിനം



കുട്ടിക്കൂട്ടം വരിവരിയായി
പാട്ടും പാടി വരുന്നുണ്ടേ
കുട്ടിപ്പടയുടെ ചാച്ചാജിക്ക്
ഇന്ന് പിറന്നാൾ ആഘോഷം
കുട്ടിക്കോട്ടും വെള്ളത്തോപ്പീം
പനിനീർ പൂവും കണ്ടില്ലേ
കൊട്ടും കുഴലും തോരണവും
ശിശുദിന റാലി ജോറാണേ
കുട്ടികളെല്ലാം ഓർക്കണമിന്ന്
നന്മ നിറഞ്ഞ നെഹ്റുവിനെ
കുട്ടിച്ചുവടുകൾ പിന്തുടരേണം
നെഹ്റു നടന്ന നൽവഴികൾ
-പ്രശാന്ത് കണ്ണോം-

Sunday 8 November 2020

കാഴ്ചകൾ

(കാഴ്ചക്കപ്പുറം)


എത്ര നിസ്സാരർ മർത്യരീപ്രപഞ്ചത്തിൻ
വിസ്തൃതിയളന്നീടാനാവതില്ലൊട്ടുമേ
നേത്രാനന്ദമേകും കാഴ്ചകൾ കണ്ടീടാം
വിസ്മൃതിവന്നീടാതെ വാണീടാമീമണ്ണിൽ
-പ്രശാന്ത് കണ്ണോം-

Wednesday 4 November 2020



തീവ്രമായ പ്രണയം അവൻ അനുഭവിച്ചറിഞ്ഞു.പ്രണയം അവന്റെ കുഞ്ഞു മനസ്സിൽ ചേക്കേറിയത് അവൻ പോലുമറിഞ്ഞില്ല.ഏഴാംക്ളാസ്സുകാരന്റെ വികാരവിചാരങ്ങൾ....
പതിനഞ്ചാം വയസ്സിൽ സോഷ്യൽമീഡിയ വെള്ളവും വളവും നൽകി പ്രണയത്തെ കിളിർപ്പിച്ചു...
പക്ഷെ ഇവയൊന്നും പൂത്തു വിടർന്ന് ഫലമുണ്ടാകാറില്ല...
മൂപ്പെത്താതെ  പൂവിട്ടാൽ
പൂക്കൾ വാടി വീഴും.
വിരഹ വേദനയിൽ നിന്നും
ജീവിത യാഥാർത്ഥ്യങ്ങൾ
ബോധ്യപ്പെടും...
കൗമാര ചാപല്യങ്ങളുടെ
കുസൃതിക്കുടുക്കുകൾ
ഊരിയെറിയും
യഥാർത്ഥ പ്രണയം
ഇതല്ലെന്ന് തിരിച്ചറിയും.
-പ്രശാന്ത് കണ്ണോം-

Sunday 1 November 2020

പ്രണയം

(കാഴ്ചക്കപ്പുറം)

കാമുകനാകും വെൺമുകിൽ മാനത്ത്
മണ്ണിനെപുൽകാൻ കൊതിച്ചു വന്നേ
കാമാതുരയായി തീരവും വിണ്ണിനെ
വാരിപ്പുണരാൻ ഒരുങ്ങി നിന്നേ
ഹരിതാഭ ചൂടിയ വിശ്വമനോഹരീ
ഒരുവേള നിന്നെ ഞാൻ പുൽകിടട്ടേ
മുകിലിന്നു മന്ദസ്മിതത്താൽ മൊഴിഞ്ഞത്
മണ്ണിന്നു കാതിൽ കുളിർമഴയായ്.
-പ്രശാന്ത് കണ്ണോം-

Saturday 31 October 2020

കേരളപ്പിറവി



കേരങ്ങളെങ്ങും ചാഞ്ചാടിയാടുന്ന
കേരളമേയെന്റെ കേരളമേ
കേകികൾ പീലി വിടർത്തി നിന്നാടുന്ന
കേദാരമേ നിനക്കെന്തു ചന്തം
കേരലങ്ങൾ നീന്തും പൊയ്കകളും
കേളികൊട്ടുണരുന്ന കാവുകളും
കേരളമമ്മയാണല്ലൊ നമുക്കെന്നും
കേൾവികേട്ടുള്ളൊരു പുണ്യഭൂമി
കേരളത്തനിമയും മഹിമയും കാത്തിടാൻ
കേരളപ്പിറവിയിൽ പ്രതിജ്ഞ ചെയ്യാം
-പ്രശാന്ത് കണ്ണോം-

Saturday 24 October 2020

ആനന്ദം

(കവിതാ പൂരണം)


അൽപം ധൃതിയുണ്ടയ്യോ ആളുകൾ രാവും പകലും ഓടുന്നു
അവനവനാത്മ സുഖം നേടാനായ് പല പല പണികൾ ചെയ്യുന്നു
അന്യനു ദോഷം വരുമെന്നാലും ആനന്ദത്തേ തേടുന്നു
അനുദിനമിങ്ങനെ രാവുംപകലും ആയുസ്സിൽ നിന്നടരുന്നു.
-പ്രശാന്ത് കണ്ണോം-

കനൽ

(കാഴ്ചക്കപ്പുറം)
കനലെരിയുന്നതെൻ മാനസത്തിൽ
കോലമുറയുന്നതുമീ മാനസത്തിൽ
കനിവൂറുന്നതും കലിയേറുന്നതും
കിനാവു കാണുന്നതും മാനസത്തിൽ
-പ്രശാന്ത് കണ്ണോം-

Wednesday 21 October 2020

'മേലത്ത് 'സ്മൃതിയിൽ

(പ്രൊഫ:മേലത്ത് ചന്ദ്രശേഖരൻ)
മേലത്ത് നാമത്തിൽ
മാലോകർ വാഴ്ത്തിയ
മലയാളനാടിന്നഭിമാനമേ
അക്ഷരമായുധമാക്കിയും
അജ്ഞത പാടെയകറ്റിയും
അഗ്നിയായൂർജ്ജം പകർന്നും
കനിവാർന്ന മൊഴികളാൽ
കവിതകൾ തീർത്തൊരീ
കവിവര്യാ നിന്നെ കുമ്പിടുന്നേ.
-പ്രശാന്ത് കണ്ണോം-

Monday 19 October 2020

മാറ്റം നല്ലതിനാവട്ടെ



നല്ല പെരുമാറ്റത്തിലൂടെ പ്രവൃത്തികളിലൂടെ
നമുക്ക് ജീവിതത്തെ മാറ്റി മറിക്കാം.കഴിഞ്ഞു പോയ നിമിഷങ്ങളിലെ പോരായ്മകൾ തിരുത്തി മുന്നേറാം.നാം ഉറച്ചു തീരുമാനിച്ചാൽ മാറ്റിയെടുക്കാവുന്നതാണ് നമ്മുടെ ശീലങ്ങളെല്ലാം. മാറ്റം നല്ലതിനാവട്ടെ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday 18 October 2020

മനസ്സിനെ നിയന്ത്രിക്കാം



മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ സാധന ആവശ്യമാണ്.പ്രപഞ്ച ശക്തിയിലുള്ള വിശ്വാസം അടിയുറച്ചാൽ മനസ്സിന് കടിഞ്ഞാണിടാൻ നമുക്കാകും.അല്ലെംകിൽ മനസ്സ് വികൃതിയായ ഒരു കുരങ്ങിനെപ്പോലെ പല അബദ്ധങ്ങളിലും അപകടങ്ങളിലും നമ്മെ കൊണ്ടെത്തിക്കും.നാമ ജപ സാധന ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

അമ്മ



നന്മ ചെയ്യുന്ന മർത്യന്നു മണ്ണിതിൽ
കർമ്മദോഷം വരികില്ല നിർണ്ണയം
തിന്മ തീണ്ടാതെ മണ്ണിതിൽ വാഴുവാൻ
അമ്മ തന്നെ തുണ പാരിലാർക്കുമേ
-പ്രശാന്ത് കണ്ണോം-

Saturday 17 October 2020

കണ്ണനെക്കാണുവാൻ



കണ്ണനെക്കാണുവാനിന്നു പോണൂ
ഉണ്ണിയെക്കൂടിന്നു കൊണ്ടു പോണൂ
കണ്ണനെക്കണ്ടു തൊഴുതു വന്നാൽ
ഉണ്ണികൾക്കാനന്ദം തന്നെയെന്നും
കണ്ണന്റെ ലീലകൾ കേട്ടു നിത്യം
ഉണ്ണികൾ ഉത്സാഹ ശീലരായി
കണ്ണന്റെ കൂട്ടുപിടിച്ചിരുന്നാൽ
ഉണ്ണികൾ മണ്ണിൽ വിജയിച്ചിടും.

-പ്രശാന്ത് കണ്ണോം-

Sunday 11 October 2020

പുലരി



പുലരി എന്നും ശാന്തയാണ്
പുത്തൻ പട്ടുടുത്തൊരുങ്ങി
കണ്ണെഴുതി പൊട്ടും തൊട്ട്
നുണക്കുഴിച്ചിരിയുമായ്
വശ്യമനോഹരിയായവൾ
ഈ പുലരി നമ്മുടേതാണ്
വാരിപ്പുണരാമീ സുന്ദരിയെ
മധുരചുംബന മേകിടാം
സ്നേഹത്തിൻ പൂമെത്ത
അവൾക്കായി വിരിക്കാം.
-പ്രശാന്ത് കണ്ണോം-

കവിതാ പൂരണം



വളരട്ടെ സൗഹൃദം സദാതളരട്ടെ ശത്രുത
വളരട്ടെ സന്തോഷം സദാതളരട്ടെ സന്താപം
വളരട്ടെ സേവനം സദാതളരട്ടെ സ്വാർത്ഥത
വളരട്ടെ നന്മകൾ സദാതളരട്ടെ തിന്മകൾ .
-പ്രശാന്ത് കണ്ണോം-

Sunday 4 October 2020


വീഴ്ചകൾ
------------------
അയാൾ അയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.എപ്പോഴാണ് അയാൾക്ക് അയാളെ കൈവിട്ടു പോയതെന്നറിയില്ല.
ചില വീഴ്ചകൾ അങ്ങിനെയാണ്.അത്  ജീവിത്തിന്റെ ഗതി മാറ്റി മറിക്കും.
അഗാധമായ ഗർത്തത്തിൽ പതിച്ചാൽ കയറി വരുക പ്രയാസമാണ്.
വിരഹം അനാവശ്യ ആരോപണങ്ങൾ ജീവിതത്തിലെ മറ്റ് ആകുലതകൾ
അയാൾ ഏതോ ഗർത്തത്തിൽ വീണുരുളുകയാണ്.
ആഹാരരീതികളും ചിട്ടകളും മാറിയതും 
അയാളെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നിരിക്കാം.
ഒരു കാര്യം ഉറപ്പാണ് 
അയാൾ അയാളെ കണ്ടെത്തും.
കൂടുതൽ കരുത്തോടെ
മുന്നേറുക തന്നെ ചെയ്യും.
-പ്രശാന്ത് കണ്ണോം-

Saturday 3 October 2020

ശരീരം ഓർമ്മകളുടെ ശേഖരം



മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കണം.
ഓർമ്മിക്കാൻ മനസ്സിനുള്ള കഴിവു പോലെ ശരീരവും ഓർമ്മകളുടെ ചെപ്പാണ്.ഓരോ സ്പർശവും ശരീരത്തിൽ ഓർമ്മകളുടെ ശേഖരം ഉണ്ടാക്കുന്നു.അതിനാൽ ശരീരത്തേയും നാം കരുതലോടെ കാക്കണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday 2 October 2020

നിരാശ അകറ്റാം



നിരാശ പതനത്തിലേക്കുള്ള വഴിയാണ്.സഫലമാകാത്തതിനെ ഓർത്ത് വേദനിക്കാതിരിക്കുക.ശുഭാപ്തി വിശ്വാസത്താൽ മനസ്സു നിറക്കുക.
സദാ സന്തോഷം നില നിർത്തുക.
സ്നേഹം പംകു വെക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday 1 October 2020



ഗാന്ധിജയന്തി ആശംസകൾ 
..........................................
സത്യം മൊഴിയില്‍ സൂക്ഷിച്ച്
ധര്‍മ്മം വഴിയില്‍ കാണിച്ച്
പ്രേമം നിറയും ചിരിതൂകി
ശാന്തി പരത്തി മുന്നേറി
ഭാരതമണ്ണിന്‍ സ്വാതന്ത്ര്യം
നേടിയെടുത്ത ഗാന്ധിജിതന്‍
ജന്മദിനത്തിൽ ഒന്നിക്കാം
നേര്‍വഴി തേടി നടന്നീടാം
-പ്രശാന്ത് കണ്ണോം-

Sunday 27 September 2020

കാലം

(കാഴ്ചക്കപ്പുറം)

ചിറകറ്റു പോയ കിളിപോലെയിന്നു നീ
ഇലയറ്റുണങ്ങിക്കരിഞ്ഞു പോയോ
അരുതേ നിൻ സംകടം പാടേയകറ്റുക
ഇലവരും നാൾ വരെ കൂട്ടിരിക്കാം
-പ്രശാന്ത് കണ്ണോം-

Sunday 20 September 2020

മുത്തച്ഛൻ

വടിയും കുത്തി വരുന്നുണ്ടേ
മടിയില്ലാതെൻ മുത്തച്ഛൻ
വടിയുടെ ചോട്ടിൽ ഞാനുണ്ടേ
അടിതെറ്റാതെ നോക്കീടാൻ

പ്രശാന്ത് കണ്ണോം

Sunday 13 September 2020

കിളിയും തോടും



ഇന്നലെ പൈയ്ത പുതുമഴയിൽ
ഇത്രയും വെള്ളം നിറച്ചൊഴുകി
ഇത്ര ധൃതിയിൽ നീയെങ്ങു പോണു
ഇത്തിരി വെള്ളം കുടിച്ചോട്ടെ ഞാൻ

ഇഷ്ടമായി കിന്നാരം കൊച്ചുകിളി
ഇഷ്ടംപോൽ വെള്ളം കുടിച്ചോളു നീ
ഇത്തിരി ചെന്നാൽ അരുവിയെത്തും
ഇന്ന് കറുക്കും മുമ്പെത്തിടും ഞാൻ
-പ്രശാന്ത് കണ്ണോം-

Monday 17 August 2020

പൂത്തുമ്പിയോട്

ചിങ്ങം വന്നേ പൂത്തുമ്പീ
ചില്ലകൾ പൂത്തേ പൂത്തുമ്പീ
പൂക്കളുണർന്നേ പൂത്തുമ്പീ
പൂന്തേനുണ്ണാം പൂത്തുമ്പീ.
പൊൻകതിരുണ്ടേ പൂത്തുമ്പീ
പൊൻ പട്ടുണ്ടേ പൂത്തുമ്പീ
പൂക്കളമുണ്ടേ പൂത്തുമ്പീ
പൂവിളിയുണ്ടേ പൂത്തുമ്പീ
ഊഞ്ഞാലാടാം പൂത്തുമ്പീ
ഊണു വിളമ്പാം പൂത്തുമ്പീ
ഓണം കൂടാം പൂത്തുമ്പീ
ഓടിയണഞ്ഞോ പൂത്തുമ്പീ
-പ്രശാന്ത് കണ്ണോം-

Saturday 15 August 2020

ഓർമ്മയിലെ സ്വാതന്ത്ര്യദിനം

(ബാലസാഹിത്യം)
പുഞ്ചിരിതൂകിയീ സ്കൂളിലിന്ന്
കുട്ടികളെല്ലാമണിനിരന്നേ
പുണ്യദിനമിന്ന് സ്വാതന്ത്ര്യ നാള്‍
കൂട്ടരെ ഓര്‍ക്ക നാം ഗാന്ധിജിയെ
പൂര്‍വ്വികര്‍ താണ്ടിയ പോര്‍വഴികള്‍
കുട്ടികളെ നാം പഠിച്ചിടേണം
പുസ്തകം നന്നായി വായിക്കണം
കൂട്ടരെ ഒന്നായി മുന്നേറണം
പുത്തന്‍ പ്രതിജ്ഞയെടുത്തിടേണം
കൂട്ടരേ സ്വാതന്ത്ര്യം കാത്തിടേണം

പ്രശാന്ത് കണ്ണോം

Sunday 19 July 2020

പിറന്നാൾ

 
അമ്മയിൽ നിന്ന് 
അമ്മയാം മണ്ണിലേക്ക് പദമൂന്നി 
ഒരു നുള്ളു ശ്വാസത്താൽ 
ചിണുങ്ങി കരഞ്ഞാനന്ദിച്ച ദിനം
-പ്രശാന്ത് കണ്ണോം-

Saturday 27 June 2020

ഈശ്വരചൈതന്യം

ഈശ്വരചൈതന്യമാകുന്ന മഹാസാഗരത്തിൽ ലയിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
നാം ഒരു മഴത്തുള്ളി മാത്രം.സാധനകളാകുന്ന കൈവഴികളിലൂടെ ചാലിട്ടൊഴുകി നദിയോടൊപ്പം ചേർന്നു ലക്ഷ്യം തെറ്റാതെ സാഗരത്തിലെത്തിച്ചേരണം.നല്ല സത്സംഗങ്ങളും പ്രർത്ഥനകളും നമ്മുടെ ഒഴുക്കിന് ശക്തി പകരും.സഹജീവികളോടുള്ള സ്നേഹവും സേവന മനോഭാവവും നമ്മുടെ വഴിയിലെ തടസ്സങ്ങൾ തട്ടിയകറ്റും.നമുക്ക്
വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday 24 June 2020

കാൽപന്തിൻ സ്പന്ദനം നെഞ്ചിലേറ്റും
കായികലോകത്തെ മിശിഹ മെസ്സി
കാലിടറാതെ പട നയിക്കൂ നിന്നെ
കാലം തളർത്താതെ കാത്തിടട്ടേ
കാണണമെന്നും നിൻ ജൈത്രയാത്ര
കാത്തിരിപ്പാണെയീലോകരെല്ലാം
കാലിണ രണ്ടും പുണർന്നു നേരാം
കാലത്തിൻ ജന്മദിനാശംസകൾ

-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com

Tuesday 23 June 2020

മാതാവിൻ മധുര ചുംബനം
മക്കൾക്കതമൃത ചുംബനം
പതിതൻ സ്നേഹചുംബനം
പത്നിമാർക്കതഭയ ചുബനം
കാമുകന്റെ പ്രണയചുംബനം
കാമുകിക്കത് കാമചുംബനം
മൃതമേനിയിലശ്രു ചുംബനം
മോക്ഷമേകുമതന്ത്യ ചുംബനം

-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com

Sunday 21 June 2020

ലളിത സംഗീതം
മാരിവിൽ മാനത്ത് ചിറക് വിരിക്കുമ്പോൾ
മാനസപൊയ്കയിൽ നീയുണർന്നു
സപ്തവർണ്ണങ്ങളും സപ്തസ്വരങ്ങളും
സംഗീതമേ നിന്നിൽ അലിഞ്ഞു ചേർന്നു

മഴയുടെതാളത്തിൽ കേകികളാടുമ്പോൾ
മയിൽപീലിക്കണ്ണിനാൽ ഒളിഞ്ഞുനോക്കി
മലരമ്പാൽ ഞാനും വിളിച്ചുണർത്തി
മധുവൂറും ചുംബനം ഞാൻ ചൊരിഞ്ഞു

ഇളംകാറ്റിൻ ശ്രുതിയിൽ കുയിലുകൾ പാടുമ്പോൾ
ഇമചിമ്മാതിരുന്നു ഞാൻ നിന്നെ നോക്കി
സംഗീതമേ നിന്നെ പ്രണയിച്ചു ഞാനിന്ന്
സാർത്ഥകമാക്കട്ടേയെന്റെ ജന്മം

മാരിവിൽ മാനത്ത് ചിറക് വിരിക്കുമ്പോൾ
മാനസപൊയ്കയിൽ നീയുണർന്നു
സപ്തവർണ്ണങ്ങളും സപ്തസ്വരങ്ങളും
സംഗീതമേ നിന്നിൽ അലിഞ്ഞു ചേർന്നു

പ്രശാന്ത് കണ്ണോം

Thursday 18 June 2020



ഉയർച്ചയുണ്ടായീടും നിത്യം
ഉൽസാഹം കളയാതീടുകിൽ
ഉന്നതങ്ങളിലെത്തീടും നാം
ഉത്തമൻമാരായി മാറീടും

പ്രശാന്ത് കണ്ണോം
prasanthkannom.blogspot.com

Tuesday 16 June 2020

ചങ്ങമ്പുഴ സ്മൃതിയിൽ

മലരണിക്കാടിന്റെ പാട്ടുകാരാ
മരതക കാന്തിതൻ കൂട്ടുകാരാ
മലയാളമണ്ണെന്നും നെഞ്ചിലേറ്റും
മലകളും പുഴകളും കേണിടുന്നേ
മലനാടിൻ കിളികളും പൂക്കളെല്ലാം
മങ്ങിയ നിറമറ്റ ചിത്രമായി
മരുഭൂമി മനസ്സിലും വാസമായി
മരതക വർണ്ണമിന്നോർമ്മയായി
മനതാരിൽ നീ തീർത്ത വർണ്ണകാവ്യം
മറയാതെ മായാതെ വാണിടട്ടേ...

പ്രശാന്ത് കണ്ണോം
prsanthkannom.blogspot.com

ഈശൻ



ഈരേഴുലോകവും കാത്തിടുന്ന
ഈശന്റെ നാമം ഭജിച്ചീടുകിൽ
ഈലോക ദു:ഖം മറന്നു നമ്മൾ
ഈമണ്ണിലാനന്ദ ചിത്തരാകും

പ്രശാന്ത് കണ്ണോം
prasanthkannom.blogspot.com

Sunday 14 June 2020

ഇച്ഛാശക്തി



ഇച്ഛാശക്തിയുള്ളാരു മർത്യന്റെ
ഇംഗിതങ്ങളോരോന്നും നടന്നിടും
ഇന്ദ്രിയങ്ങളെ മനസ്സാ നിയന്ദ്രിക്കും
ഇഷ്ട കാര്യങ്ങളെല്ലാം നടത്തീടും

പ്രശാന്ത് കണ്ണോം
prasanthkannom.blogspot.com

Saturday 13 June 2020

അക്ഷരം




അക്ഷരം മർത്യനുയർച്ചയേകും
അജ്ഞാനം പാടെയകറ്റി നീക്കും
അച്ചടക്കം വരും വിജ്ഞാനവും
അർത്ഥവുമൊപ്പം വന്നു ചേരും

പ്രശാന്ത് കണ്ണോം 
prasanthkannom.blogspot.com

Sunday 7 June 2020

അം- അംഭണപാണിനി

(സ്വരാക്ഷരപ്പാട്ട് )


അംഭണപാണിനിയാകിയ വാണിയെ
അംഗുലി കൂട്ടി തൊഴുതു നമിച്ചിടാം
അംബുജ മദ്ധ്യേ മരുവുന്ന ദേവിയെ
അംബരചാരികളെല്ലാം വണങ്ങുന്നേ

-പ്രശാന്ത് കണ്ണോം -
Stay safe @ home

Saturday 6 June 2020

ഔ-ഔചിത്യം

(സ്വരാക്ഷരപ്പാട്ട് )


ഔചിത്യമുള്ളവരാകണം നാം
ഔത്സുക്യമോടെ വർത്തിക്കണം
ഔദാര്യഭാവം വളർത്തീടണം
ഔന്നത്യം നമ്മെ തേടിയെത്തും

-പ്രശാന്ത് കണ്ണോം -
Stay safe @ home

Thursday 4 June 2020

ഓ-ഓർക്കണം

(സ്വരാക്ഷരപ്പാട്ട് )


ഓർക്കണം നാമിന്നു വൃക്ഷങ്ങളെ
ഓമനിച്ചീടണം ഭൂമി മാതാവിനെ
ഓരോ മരത്തൈ നാം പാകീടണം 
ഓജസ്സ് നൽകണം മണ്ണിനു നാം

-പ്രശാന്ത് കണ്ണോം -
Stay safe @ home
ഇന്ന് ലോകപരിസ്ഥിതി ദിനം

Wednesday 3 June 2020

ഒ-ഒരുമ

(സ്വരാക്ഷരപ്പാട്ട് )


ഒരുമയുള്ളോരു ജനത്തിനെന്നും
ഒന്നിനേയും ഭയമില്ല സംശയം
ഒപ്പമുള്ളോരെ നോക്കിടും നരൻ
ഒറ്റുകില്ലെന്നറിയുക നിർണ്ണയം

-പ്രശാന്ത് കണ്ണോം -
Stay safe @ home

ഐ-ഐക്യം

(സ്വരാക്ഷരപ്പാട്ട്)
ഐക്യമതു വേണം നമ്മൾ തമ്മിൽ
ഐശ്വര്യമെന്നാൽ വരുമത് നിർണ്ണയം
ഐതിഹ്യം കേട്ടു പഠിക്കണം നാമെല്ലാം
ഐന്ദ്രിയശക്തിയിൽ വിശ്വസിച്ചീടണം

-പ്രശാന്ത് കണ്ണോം -
Stay safe @ home

ഏ -ഏഷണി

(സ്വരാക്ഷരപ്പാട്ട് )

ഏഷണി പറയരുതാരും തമ്മിൽ
ഏറ്റമനർത്ഥം കലഹം പാരിൽ
ഏവരുമൊന്നായൊരു മനമോടെ
ഏറെ സ്നേഹം പകരുക മണ്ണിൽ.

-പ്രശാന്ത് കണ്ണോം -
Stay safe @ home

എ-എന്റെ


എന്റെയെന്ന ഭാവം വേണ്ടയിന്നീ മണ്ണിൽ
എന്നുള്ളിലുള്ളതെല്ലാമീശൻ തന്റേതല്ലോ
എന്തിനീ വിരോധമിന്നീ കോപഭാവമെല്ലാം
എണ്ണിയെണ്ണിയിന്നീ മണ്ണിൽ വിട്ടൊഴിയാം

-പ്രശാന്ത് കണ്ണോം -
Stay safe @ home

Saturday 30 May 2020

ഋ-ഋജുത്വം

(സ്വരാക്ഷരപ്പാട്ട് )
ഋജുത്വമുള്ളവരാകേണം
ഋണമില്ലാത്തവരാകേണം
ഋതുഭേതങ്ങൾ അറിയേണം
ഋഭുക്കളെ നാം വാഴ്ത്തേണം

-പ്രശാന്ത് കണ്ണോം-
Stay safe @home



സ്നേഹ ഗീതം (ഷഷ്ഠിപൂർത്തി)
ചൊല്ലെഴും കണ്ണോത്ത് ജാതനായ
കീർത്തിമാൻ കണ്ണൻ ഉദയവർമ്മൻ
പെരുമയുള്ളൂരാകും എരമത്തിലെ 
പുണ്യവതിയാകും കുഞ്ഞാതിക്കും
ആറു പതിറ്റാണ്ട് മുമ്പൊരു നാൾ
സീമന്ത പുത്രനായ് ഭൂജാതനായ്
രാമനും കൃഷ്ണനും ഒന്നു ചേർന്ന
നാമത്താൽ പേരു പ്രസിദ്ധമായ്
വിദ്യയും വാണിയും ഒന്നു ചേർന്ന്
വിദ്വാനായ് മാറിയ കർമ്മയോഗി
കവിതയും ഭാഷണ ചാതുര്യവും
അഭിനയം നേതൃത്വ പാഠവവും
സഹനവും സേവന കർമ്മങ്ങളും
ഒത്തു വിളങ്ങിയ പുണ്യ ശ്രീമാൻ
പത്രപ്രവർത്തനം അദ്ധ്യാപനം
വിത്തമിടപാട് ചെയ്യും ബേങ്കും
ഈ കർമ്മധീരന്റെ വൈഭവത്തിൻ
പുണ്യം അറിഞ്ഞിടമേറെയാണ്.
ആകാശവാണിയും ദൂരദർശൻ
കാഴ്ചക്കാരേറും സിനിമയിലും
വിനയം വിടാതെ വിജയിച്ചവൻ
തൻ മുദ്ര ചാർത്തിയ താരമായി
ഈ ഷഷ്ഠിപൂർത്തിയിലാദരവാൽ
ഞങ്ങളർപ്പിക്കുന്നു സ്നേഹഗീതം
നേരുന്നു ആയുസ്സുമാരോഗ്യവും
നേരുന്നു നാടിന്റെ ആദരവും.
-പ്രശാന്ത് കണ്ണോം-














Friday 29 May 2020

ഊ-ഊർജ്ജസ്വലത

(സ്വരാക്ഷരപ്പാട്ട് )
ഊർജ്ജസ്വലത വെടിയാതെ നാം
ഊരകം തന്നിൽ വസിച്ചിടേണം
ഊരാക്കുടുക്കിൽ കുടുങ്ങാതെ നാം
ഊർജ്ജസ്സ് കാട്ടീട്ട് മുന്നേറണം.

-പ്രശാന്ത് കണ്ണോം -
Stay safe @ home

Thursday 28 May 2020

കണ്ണീരണിഞ്ഞ യാത്രാമൊഴി..

വിണ്ണിൽ നിന്നും വിരുന്നു വന്ന്
മണ്ണിൽ തെളിഞ്ഞ പൊൻ താരമേ
വിദ്യയും വാണിയും ഒന്നു ചേർന്ന്
മാനവ സ്നേഹ സ്വരൂപമായി
വിനയത്താൽ കർമ്മ നിരതനായി
മാതൃഭൂമിതൻ വീരപുരുഷനായി
വിശ്വത്തിലെങ്ങും കീർത്തികേട്ട്
മലയാള നാടിന്നഭിമാനമായ്
വിണ്ണിലേക്കിന്ന് മടങ്ങീടുമ്പോൾ
മൗനമായേകുന്നു യാത്രാമൊഴി
വിശ്വം നിലനിൽക്കും കാലം വരെ
മാനവരോർക്കുമീ പുണ്യ നാമം.
-പ്രശാന്ത് കണ്ണോം-

ഉ-ഉത്സാഹം (സ്വരാക്ഷരപ്പാട്ട് )

ഉത്സാഹമൊട്ടും കളഞ്ഞിടാതെ
ഉല്ലാസത്തോടെ നാം വർത്തിക്കണം
ഉന്മേഷം ഉള്ളിൽ വളർത്തിടേണം
ഉത്തമ പൗരരായ് മാറിടേണം 
-പ്രശാന്ത് കണ്ണോം -
Sta safe @ home

Wednesday 27 May 2020

ഈ-ഈണം (സ്വരാക്ഷരപ്പാട്ട് )

ഈണത്തിൽ ഒന്നായി പാടാം
ഈരടി നന്നായ് രസിച്ചു പാടാം
ഈശന്റെ ലീലകൾ ഏറ്റു പാടാം
ഈലോക നന്മയ്ക്കായ് പാടാം
-പ്രശാന്ത് കണ്ണോം-
Stay safe @ home

Tuesday 26 May 2020

ഇ-ഇഷ്ടം(സ്വരാക്ഷരപ്പാട്ട്)

ഇഷ്ടം തമ്മിൽ വളർത്തണം നാം
ഇല്ലായ്മ ചെയ്യണം കോപഭാവം
ഇസ്ഥിതി മാറ്റി നാം മുന്നേറണം
ഇക്ഷിതി നാകമായ് തീർത്തിടേണം
-പ്രശാന്ത് കണ്ണോം -
Stay safe @home