Thursday 15 June 2023

കാവ് (കവിത)



കാട്ടുവള്ളിയിണചേർന്നുരുമ്മിയാടും
കാട്ടു ചെമ്പക ചോട്ടിലെൻ കാവ്
കരിനാഗങ്ങൾ പത്തി വിടർത്തിയാടും
കരിമ്പാറകൾ കാക്കുന്ന കാവ്
കോമരങ്ങൾ ഉറഞ്ഞാടീടുമ്പോൾ
കോലങ്ങൾ തുള്ളിത്തിമർക്കും കാവ്
കാവിലെ പാട്ടിന് കാലത്തെഴുന്നേറ്റു
കോലം ഒരുക്കുന്നു പെണ്ണൊരുത്തി
കുട്ടിയൊന്നുണ്ടവൾക്കയ്യോ മാറിലെ കച്ചയിൽ പാലു നുണഞ്ഞിടുന്നു
കാന്തനോ നാഗക്കളമൊരുക്കുന്നുണ്ട്
കൗതുക കാഴ്ചകൾ ഏറെയാണ് കാലങ്ങളായി മുടങ്ങി കിടക്കുമീ
കാവിലെ പാട്ടിന്നു ഘോഷമാക്കാൻ
കാൽവരിയേറെയും വെച്ചവർ ഒത്തിരി
കാഴ്ച ശീവേലിക്കു മാറ്റുകൂട്ടാൻ കൂട്ടായ്മക്കാരുണ്ട് നോറ്റിരുന്നോരുണ്ട് കാഴ്ചക്കാരായി വൻ കൂട്ടമുണ്ട് 
കൊട്ട് തുടങ്ങുന്നു പാട്ടുമുറുകുന്നു കുരവയിട്ടാർക്കുന്നു നാരിമാരും 
കാർകൂന്തൽ കെട്ടഴിച്ചാടിയുലയുന്നു കരിനാഗമായ് മാറുന്നു പെണ്ണൊരുത്തി കാവിലെ രക്ഷസ്സു ബാധിച്ചു വീണിട്ട് കൂട്ടുചേർന്നാടുന്നു ആണൊരുത്തൻ 
കാൽവള കിംകിണി മാലകളും 
കരിഞ്ചേലയും ചുറ്റി മണിനാഗവും കൊട്ടുമുറുകുമ്പോൾ ആടിത്തിമർക്കുന്നു
കോപിഷ്ഠഭാവത്തിൽ ഓതിടുന്നു 
കുറിയിട്ടു രോഗശമനം വരുത്തുന്നു 
കലികാല ദോഷങ്ങൾ നീക്കിടുന്നു 
കരുണാർദ്രഭാവത്തിൽ കണ്ണീരൊപ്പുന്നു കാവിനു കാവലായി മാറിടുമ്പോൾ 
കാക്കകൾ കാളുന്നു മാനമിരുളുന്നു
കാറ്റിൽ വിളക്കുകാൽ വീണിടുന്നൂ 
കേൾക്കാം നിലവിളി ''അയ്യോ!എൻകുഞ്ഞ്''
കാവിലാ തേങ്ങൽ പ്രതിധ്വനിച്ചു 
കോലമൊരുക്കും പെണ്ണതാ കുഞ്ഞിനെ കാണാതെ മാറത്തടിച്ചിടുന്നു കാൽമുട്ടിലിഴയുന്ന പ്രായത്തിലെൻ
കുഞ്ഞെങ്ങോട്ടു പോയെന്നാർക്കറിയാം കാവിലില്ല കരിമ്പാറപ്പുറത്തില്ല 
കാട്ടുചോലക്കരയിലുമെങ്ങുമില്ല
കരിവള തല്ലി തകർത്തു കാളും പെണ്ണ് കനിവിനായി കൈകൂപ്പി യാചിക്കുമ്പോൾ 
കാവിനുള്ളിൽ കേട്ടു മണിനാദം മോഹനം
കുഞ്ഞിൻ കളിചിരി കുറുമ്പലുകൾ കോവിലിൻ വാതിൽ തള്ളി തുറന്നവൾ കണ്ടുതൻ ഓമന കൺമണിയെ
കളിചിരിയാണവൻ കയ്യിൽ കരിനാഗം
കരളുരുകും കാഴ്ച കണ്ടല്ലാരും 
കുഞ്ഞോ ചിരിക്കുന്നു നാഗമോ ചീറ്റുന്നു കാഴ്ചക്കാരെല്ലാം വിറച്ചീടുമ്പോൾ 
കുഞ്ഞുമ്മ നൽകുന്നു നാഗഫണത്തിലീ
കുഞ്ഞുങ്ങളീശ്വരന്മാരല്ലയോ 
കുഞ്ഞുപോൽ പുഞ്ചിരി തൂകണം നാം കുഞ്ഞു നന്മകളെന്നും വളർത്തിടേണം
-പ്രശാന്ത് കണ്ണോം -
(കവർ ചിത്രം:Dr. പ്രേംരാജ്.K.K)

ടോമി (കുട്ടി കവിത)

മിന്നാമിന്നി 2023 ജൂൺ 21

Wednesday 14 June 2023

പ്രശാന്ത് കണ്ണോം




PRASANTH KANNOM
പ്രശാന്ത് കണ്ണോം
(കവി, ഗാനരചയിതാവ്, പ്രഭാഷകൻ,വിജയപരിശീലകൻ, ജ്യോതിഷ ഉപദേഷ്ടാവ് )

1972 ജനുവരി 25 ന് കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ കണ്ണോത്ത് ജനിച്ചു.മുഴുവൻ പേര് പ്രശാന്ത് കുമാർ വടക്കെപ്പുരയിൽ.
അച്ഛൻ:കണ്ണൻ ഉദയവർമ്മൻ,
അമ്മ:കുഞ്ഞാതി എരമം
ഭാര്യ:ശാലിനി,
മക്കൾ:അഭിരാമി , ശ്രീഹരി ജ്യോതിസ്.
കണ്ണോം എൽ.പി.സ്കൂൾ,കൊട്ടില ഗവ:ഹൈസ്കൂൾ  എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബീ.കോം ബിരുദവും മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ ബിരുദവും നേടി.ജ്യോതിഷ ഭൂഷണം,ജ്യോതിഷ ആചാര്യ,ജ്യോതിഷ രത്നം എന്നീ പദവികൾ നേടി.
മാതൃഭൂമിയിൽ ജോലി ചെയ്യുന്നു.

കൃതികള്‍:
:കുട്ടിയും തുമ്പിയും പിന്നെ കുറേ പൂക്കളും
: കുഞ്ഞണ്ണാനും കുട്ട്യോളും
: മുല്ലമൊട്ടുകൾ
: ജ്യോതിഷ ചിന്തകൾ
കൂടാതെ തളിര് ബാലമംഗളം പൂമ്പാറ്റ തത്തമ്മ ബാലഭൂമി മിന്നാമിന്നി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ 300ൽ പരം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും സാഹിത്യരംഗത്ത് സജീവ സാന്നിധ്യമാണ്.

മറ്റു മേഖലകൾ:
ചിത്രകല ഏകാഭിനയം അനുകരണം നാടകം 
സിനിമ.

അവാർഡുകൾ: 
കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ്-2010
:കണ്ണൂർ ഫിലിം ചേമ്പർ അവാർഡ്-2010-11
:തൃശ്ശൂർ ചലച്ചിത്രകേന്ദ്ര അവാർഡ്-2011
:ചിക്കൂസ് ബാലസാഹിത്യ പുരസ്കാരം-2013
:കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായർ സ്മാരക ബാലശ്രീപുരസ്കാരം-2015
: ബഹുജന സാഹിത്യ അക്കാദമി കർമ്മ ശ്രേഷ്ഠ പുരസ്കാരം-2018.
: ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷൻസ് പി കുഞ്ഞിരാമൻ നായർ ബാലസാഹിത്യ പുരസ്കാരം -2019
: ഭാഷാശ്രീ നന്ദനാർ സ്മാരക സംസ്ഥാന ബാല സാഹിത്യ പുരസ്കാരം 2019 -20
: ഭാഷാശ്രീ സംസ്ഥാന സാഹിത്യ പുരസ്കാരം -2020(ജ്യോതിഷം)
: സൗരയൂഥം ദേശീയ പുരസ്കാരം - 2023
(നിർമ്മാല്യം കലാസാഹിത്യ സാംസ്കാരിക വേദി)

വിലാസം: 
ജ്യോതിസ്,ഏഴോം പി.ഒ, കണ്ണൂർ-670334
ഫോൺ:8848674869,9496886286
E -mail:vpprasanthkumar@gmail.com
Blog:prasanthkannom.blogspot.com
Channel:@PRASANTHAMASTRO1