Tuesday, 31 August 2021

പ്രണയ ഗാനം


വിരഹ മഴയായി പെയ്തു നീ എന്നിൽ
പ്രണയ മധുവിൻ  മധുരമേകി നീ 
ശലഭമായെൻ ഹൃദയ വനികയിൽ
വർണ്ണ രാജികൾ തീർത്തു നീ

വസന്തമെത്തുവാൻ കാത്തു നിന്നോരാ
ശിശിര സന്ധ്യകളോർക്കു നീ 
മധുര ചുംബനമൊന്നു നൽകിയെൻ
ഹൃദയ നൊമ്പരം തീർത്തതും 
(വിരഹ മഴയായി...)

വഴിപിരിഞ്ഞു നടന്നതെന്തെ നീ
എൻ വ്യഥകളറിയാതെ പോയതും
പ്രണയ സാഗര തീരഭൂമിയിൽ 
ഞാൻ കാത്തിരിപ്പാണോമലേ
(വിരഹ മഴയായി...)
-പ്രശാന്ത് കണ്ണോം-

Friday, 20 August 2021

ഓണാശംസകൾ...


ചിങ്ങം വന്നേ പൂത്തുമ്പീ
ചില്ലകൾ പൂത്തേ പൂത്തുമ്പീ
പൂക്കളുണർന്നേ പൂത്തുമ്പീ
പൂന്തേനുണ്ണാം പൂത്തുമ്പീ.
പൊൻകതിരുണ്ടേ പൂത്തുമ്പീ
പൊൻ പട്ടുണ്ടേ പൂത്തുമ്പീ
പൂക്കളമുണ്ടേ പൂത്തുമ്പീ
പൂവിളിയുണ്ടേ പൂത്തുമ്പീ
ഊഞ്ഞാലാടാം പൂത്തുമ്പീ
ഊണു വിളമ്പാം പൂത്തുമ്പീ
ഓണം കൂടാം പൂത്തുമ്പീ
ഓടിയണഞ്ഞോ പൂത്തുമ്പീ
-പ്രശാന്ത് കണ്ണോം-

Saturday, 14 August 2021

സ്വാതന്ത്ര്യദിനാശംസകൾ


ആഗസ്ത് വന്നാൽ പതിനഞ്ചിന്
ആനന്ദമേകുന്ന പൊൻ സുദിനം
ആണ്ടുകൾ നീണ്ടയടിമത്തവും
ആപത്തും നീങ്ങിയ പുണ്യ ദിനം
ഭാരതമണ്ണിനു സ്വാതന്ത്ര്യവും
ഭാസുര ഭാവിയും വന്ന ദിനം
ഭാരത മക്കളാം നമ്മൾക്കെല്ലാം
ഭാഗ്യ യോഗങ്ങൾ പിറന്ന ദിനം
സത്യവും ധർമ്മവും കാക്കണം നാം
സദ് വചനങ്ങൾ പറഞ്ഞീടണം
സന്തോഷ ചിത്തരായി മുന്നേറണം
സ്വാതന്ത്ര്യമെന്നും കാത്തിടേണം
-പ്രശാന്ത് കണ്ണോം-

Saturday, 7 August 2021

കർക്കിടകവാവിൻറെ രാത്രിയിൽ (കഥ)


കർക്കിടകത്തിലെ കറുത്തവാവ് ദിവസം അച്ചുവിന് വലിയ സന്തോഷമുള്ള ദിവസമാണ് . തറവാട്ടിൽ ഒത്തിരി ആളുകൾ ഉണ്ടാകും. എല്ലാവരും ഒത്തു ചേരുന്ന ദിവസം. വാഴ പോളയിൽ കവുങ്ങിൻ തടി ചെത്തി മിനുക്കി ഒരറ്റം കൂർപ്പിച്ച് എടുക്കുന്ന  കോത്തിരി കുത്തി തട്ടൊരുക്കി കുരുത്തോല കൊണ്ട് അലങ്കരിക്കും. രാത്രിയിലെ ഭഗവതി പൂജക്കു വേണ്ടിയാണ്.

രാവിലെ തറവാട്ടുമുറ്റത്ത് വല്യച്ഛൻ ബലി ഇടും. മറ്റുള്ളവരെല്ലാം അരിയിട്ട് നമസ്കരിക്കും. ബലിച്ചോറ് കാക്കക്ക് കൊടുക്കും. അന്നൊക്കെ ഇഷ്ടംപോലെ കാക്കകൾ ഉണ്ടായിരുന്നു.
പിന്നീട് വെള്ളരി പെരക്കും കൂട്ടി പച്ചരി പുഴുക്ക് കഴിക്കും. ഓ എന്തു രുചിയാ അതിന്.
ഓർക്കുമ്പോൾ തന്നെ അച്ചുവിന്റെ വായിൽ വെള്ളമൂറി.

രാത്രി 12 മണിക്കാണ് അകത്തു വെച്ചു കൊടുക്കൽ.
പിതൃക്കളുടെ ആത്മാക്കൾ വന്ന് ഇത് കഴിക്കുമെന്ന് അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്.
ആദ്യമൊക്കെ അച്ചൂന് വലിയ പേടിയായിരുന്നു. അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ പേടിയൊക്കെ മാറി. അനിയും സതീശനും മറ്റു കൂട്ടുകാരൊക്കെ ഉണ്ടാകും.

മീൻ പൊരിച്ചതും ചിക്കനും ഉൾപ്പെടെ എന്തൊക്കെ ഐറ്റംസ് ആണ് പിതൃക്കൾക്ക് കൊടുക്കുന്നത്. അകത്ത് വിളമ്പിയാൽ വാതിൽ കൊട്ടിയടയ്ക്കും.
അരമണിക്കൂർ കഴിഞ്ഞാൽ വാതിൽതുറന്ന് എല്ലാവരും ഒരുമിച്ചിരുന്ന് ഈ ഭക്ഷണം കഴിക്കും.
ഈ ആത്മാക്കൾ വന്നുപോകുന്നത് അച്ചു ഇതുവരെയും കണ്ടിട്ടില്ല. എല്ലാവർഷവും നോക്കാറുണ്ട്. എന്താ അവരെ കാണാത്തേ..?ചോദിച്ചാ അമ്മൂമ്മ പോലും ഒഴിഞ്ഞുമാറും. വല്യച്ഛനോട് ചോദിച്ചാൽ ശകാരം കിട്ടും.

ഇത്തവണ അച്ചു ഒരുങ്ങിയിരുന്നു. ഭഗവതിയോട് നൊന്ത് പ്രാർത്ഥിച്ചു. ഇക്കുറി ആത്മാക്കളെ കാട്ടി തരണേ .
സമയം രാത്രി 12 നോട് അടുത്തു. വെള്ള ഉടുത്ത രണ്ടുപേർ അച്ചൂന്റെ അടുത്തെത്തി.
''ആരാ..?'' അച്ചൂന് പേടിയൊന്നും തോന്നിയില്ല.
'' മോനു  വേണ്ടപ്പെട്ടവരാ... ഇത്തവണ അച്ചു കൂടി ഉണ്ട് ഞങ്ങളോടൊപ്പം ശ്രാദ്ധ മുണ്ണാൻ'' അവർ അച്ചുവിനെ നോക്കി ചിരിച്ചു.
അച്ചു അവരെ സൂക്ഷിച്ചു നോക്കി മരിച്ചുപോയ അപ്പൂപ്പനും ഇളയച്ഛനും.
''മോനേ നീയും ഈ കോവിഡ് കാലത്ത്  നമ്മോടൊപ്പം ചേർന്നിരിക്കുന്നു''
അവർ അച്ചുവിൻറെ കൈപിടിച്ചു .
തറവാടിന്റെ അകത്തേക്ക് നടന്നു കയറി.
-പ്രശാന്ത് കണ്ണോം-