Monday, 26 December 2022

ആനന്ദതീർത്ഥൻ



ആനന്ദതീർത്ഥൻ തൻ പാദപത്മങ്ങളിൽ
ആനന്ദ കണ്ണീരാലെന്നർച്ചന
ആർത്തരെ കാത്തിടുമാശ്വാസമേകിടും
ആനന്ദ ചിത്തരായ് മാറ്റിടും നീ.
ആപത്തു നീക്കിയനുഗ്രഹമേകിടും
ആനന്ദതീർത്ഥം തളിച്ചിടും നീ.
ആശ്രമ ഭൂമിയിൽ ആതിഥ്യമേകി നീ
ആലംബഹീനരെയന്നമൂട്ടി
ആശകളേകി നീ വിശ്വാസമേകി നീ
ആനന്ദമേകുന്ന വിദ്യകളും
ആജാതി ഈജാതി വ്യത്യാസമില്ലാതെ
ആളുകൾക്കാവോളം സ്നേഹമേകി
ആനന്ദരൂപിയാം നാരായണശിഷ്യൻ
ആശ്രിതർക്കാനന്ദമേകിടുന്നു
ആദിത്യനുള്ളോരു കാലംവരേയും നിൻ
ആനന്ദ ലീലകൾ പാടിവാഴ്ത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 20 December 2022



ഒരു യുഗപുരുഷന്റെ അവതാര ദൗത്യം പരിപൂർണ്ണതയിലേക്ക് എത്തിയ നിമിഷം.
ഈ രാവിൽ ഒരു നിമിഷം ലോകം വിസ്മയിച്ചു നിന്നു. കാൽപ്പന്തുകളിയുടെ വശ്യ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ആദ്യപാതിയിൽ
എതിരാളികൾക്ക് ഒരു കുഞ്ഞു പന്തനക്കത്തിന് അവസരം കൊടുക്കാതെ മുൾമുനയിൽ നിർത്തിയ മിശിഹയുടെ പട.
പന്തമ്പുകൾ തൊടുത്ത് അവരുടെ ചങ്കിടിപ്പിന്റെ ആക്കം കൂട്ടിയ മിശിഹ....
ഈ വിജയം നിനക്ക് അവകാശപ്പെട്ടത്.
നീയും നിന്റെ ചങ്കായി ചേർന്ന യുവതയും
ലോകത്തിനേകിയ ഈ പോരാട്ട വീര്യം
ഒരു കനൽ തരിയായി ഞങ്ങൾ ഏറ്റെടുക്കട്ടെ.
മെസ്സി നിനക്കു മുന്നിൽ നമിക്കട്ടെ ഈ ലോകം..
-പ്രശാന്ത് കണ്ണോം-