മംഗള ട്രെയിനിലെ മടക്കയാത്ര .ഞങ്ങൾ ആലുവയിൽ നിന്ന് കയറി . മാതൃഭൂമിയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന വഴി. പരാഗൻ വരയിലും ടി സി രാജീഷും കൂടെയുണ്ട്.
പുറത്തെ കൊടുംചൂടിൽ നിന്നും മംഗളയുടെ ശീതീകരിച്ച മുറി ഞങ്ങൾക്ക് ആശ്വാസമേകി. തലശ്ശേരിയിലെ ഒരു കുടുംബം ഞങ്ങളുടെ കമ്പാർട്ട്മെൻറിലുണ്ടായിരുന്നു.എറണാകുളത്തു നിന്നും കയറിയതായിരുന്നു.അച്ഛനും അമ്മയും രണ്ടു മക്കളും. ആൺകുട്ടി മൂന്നാം ക്ലാസിലും പെൺകുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു. കളിചിരികളും തമാശകളുമായി നല്ലൊരു കുടുംബം. നന്നായിട്ട് സംസാരിക്കുന്ന കുട്ടികൾ. പുതിയ തലമുറയുടെ മൊബൈൽ ഫോണിനോടുള്ള ആർത്തി ഈ കുട്ടികൾക്കും ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും മൊബൈലുകൾ ഈ കുട്ടികളുടെ കൈകളിൽ തന്നെയായിരുന്നു.കുട്ടികൾ രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ് എന്ന് മനസ്സിലായി.
മംഗള ദൂരങ്ങൾ താണ്ടി വളരെ പെട്ടെന്നാണ് തലശ്ശേരിയിൽ എത്തിയത് . ഞങ്ങളോട് യാത്രാമൊഴി പറഞ്ഞ് ആ കുടുംബം ധൃതിപ്പെട്ട് സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഈ പെൺകുട്ടി മാത്രം ട്രെയിനിലേക്ക് ഓടികയറി വന്നു. ''അങ്കിളേ എന്റെ ചെരിപ്പ്...'' അവളിരുന്ന സീറ്റിനടിയിൽ നിന്നും ചെരുപ്പ് വലിച്ചെടുത്തു കഴിയുമ്പോഴേക്കും ട്രെയിൻ പുറപ്പെടാനുള്ള വിസിൽ മുഴങ്ങിയിരുന്നു. ഞങ്ങളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു പോയി. പെൺകുട്ടിക്കും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല. പെൺകുട്ടിയെയും കൊണ്ട് ഡോറിനടുത്ത് എത്തുമ്പോഴേക്കും
ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
അവൾ പ്ലാറ്റ്ഫോമിലേക്ക് പതുക്കെ ചാടിയിറങ്ങി. ബാലൻസ് പോയി പ്ലാറ്റ്ഫോമിൽ വീണു. ഈ രംഗം കണ്ട് കുട്ടിയുടെ രക്ഷിതാക്കൾ പൊട്ടിച്ചിരിച്ചു. ഞങ്ങൾ പേടിച്ചുപോയി... ഈ രക്ഷിതാക്കൾ എന്താ ഇങ്ങിനെ..?