Tuesday, 11 July 2023

പയ്യാമ്പലം (കഥ)



മിഥുനത്തിലെ ഒരു മധ്യാഹ്നം 
ഒരാഴ്ചയായി പെയ്തു തിമിർത്ത മഴമേഘങ്ങൾ കോപമടക്കി ശാന്തരായതിന്റെ തെളിച്ചം മാനത്ത് കാണാം. പകലോൻ മടിച്ചുമടിച്ച് തല ഉയർത്തിയും താഴ്ത്തിയും
കടലിന് ചൂട് പകരുന്നു. തീരത്ത് ആളുകൾ നന്നേ കുറവ്. കടലമ്മ കോരിയിട്ട പ്ലാസ്റ്റിക് കുപ്പികളും തടിക്കഷണങ്ങളും തീരത്ത് കുമിഞ്ഞു കൂടിയിട്ടുണ്ട് ആകെ ജീർണ്ണിച്ച അവസ്ഥ. കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്ന പയ്യാമ്പലം ആയിരുന്നു മനസ്സിൽ.

തങ്ങളീ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയ ചരിത്രപുരുഷന്മാരുടെ സ്മാരക സ്തൂപങ്ങൾ തലയെടുപ്പോടെ കടലിനെ ഉറ്റുനോക്കുന്നു. അതിനുമപ്പുറത്ത് എരിഞ്ഞടങ്ങുന്ന ചിതയിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും സങ്കടവും സന്തോഷവും ധൂമമായി ആകാശത്തെ പുൽകിക്കൊണ്ടിരിക്കുന്നു.

കടലമ്മ ഇന്ന് ശാന്തയാണ്.  കടലിൻറെ മടിത്തട്ടിലിരുന്ന് ഒരു കൊച്ചു പയ്യൻ മണലുവാരി കളിക്കുന്നു  പ്ലാസ്റ്റിക് കുപ്പി പെറുക്കുന്നു. അഞ്ചോ ആറോ വയസ്സുകാണും.

എന്താ പേര്..? അവൻ ഉറ്റു നോക്കിയതല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല. നല്ല ഓമനത്തമുള്ള മുഖം .കണ്ണുകളിൽ വിഷാദ ഛായ കലർന്ന കൃശഗാത്രനായ അവന്‍റെ ഉടുപ്പുകൾ കീറിപ്പറിഞ്ഞിരുന്നു. മുടി പാറി പറന്നു കിടക്കുന്നു കഴുത്തിൽ കറുപ്പും ചുവപ്പും ചേർന്ന ചരട് കൊണ്ട് കെട്ടിയ ഒരു മാല . കയ്യിലുമുണ്ട് കറുപ്പ് ചരട്. ഒന്നും ശ്രദ്ധിക്കാതെ  അവൻ മണൽവാരി കുപ്പിയിൽ നിറച്ചു കൊണ്ടിരുന്നു.
"ഏതായാലും മലയാളിയല്ല..? ഇവൻ ഒറ്റയ്ക്ക് ഇവിടെ..?"അയാൾ പരിഭ്രാന്തനായി

"ആ എന്തേലും ആവട്ടെ.! നമുക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട? " കൂട്ടുകാരൻ മുന്നോട്ട് നടന്നു
""നമ്മുടെ കുഞ്ഞാണെങ്കിലോ. ഈയൊരു കോലത്തിൽ ഇവിടെ..? എനിക്കെന്തോ വല്ലാതെ മനസ്സ് വേദനിക്കുന്നു. എനിക്കൊരടി മുന്നോട്ട് വെക്കാൻ കഴിയുന്നില്ല..""
കൂട്ടുകാരൻ അത് കേൾക്കാൻ നിന്നില്ല.
''വെറുതെ ഓരോ കാര്യം തലയിലെടുത്തിടേണ്ട .
വല്ല അലമ്പ് കേസുമായിരിക്കും.''
കൂട്ടുകാരൻ അയാളെ ദയനീയമായി നോക്കി.

''നീ വാ.. നമുക്ക് വഴിയുണ്ടാക്കാം..
പോലീസിനെ അറിയിക്കാം.""
അയാൾ കൂട്ടുകാരനോടൊപ്പം മുന്നോട്ടു നടന്നു.ഇടയ്ക്ക് അയാൾ പിന്തിരിഞ്ഞു നോക്കി.
"" അയ്യോ അവനെ അവിടെ കാണാനില്ല.."
അയാൾ നിലവിളിച്ചു.തീരങ്ങളിൽ അത് പ്രതിധ്വനിച്ചു. ഈ സമയം തിരമാലകൾ അലറി വിളിച്ച് ആർത്തിരമ്പുന്നുണ്ടായിരുന്നു.
- പ്രശാന്ത് കണ്ണോം -

Thursday, 6 July 2023

മഴ..മഴ

മഴമഴ പെരുമഴ പെയ്യട്ടെ
മാനം നിറയെ പെയ്യട്ടെ
മഴയുടെ താളം മുറുകട്ടെ
മയിലുകൾ നൃത്തം ചെയ്യട്ടെ
മഴയിൽ തോടുകൾ നിറയട്ടെ
മാക്രികൾ ചാടി രസിക്കട്ടെ
മണ്ണിൻ മാറു കുളുർക്കട്ടെ
മരമതു പൂത്തു തളിർക്കട്ടെ
- പ്രശാന്ത് കണ്ണോം -