Monday, 27 July 2015

ആദരാഞ്ജലികൾ...Dr.A.P.J.അബ്ദുൾ കലാം

WELCOME....
prasanthkannom.blogspot.com
ഡോ.A.P.J.അബ്ദുൾ കലാം
ആദരാഞ്ജലികൾ.....
അഗ്നിച്ചിറകുകൾ വീശിപ്പറന്നുപോയ്
വെള്ളിമേഘങ്ങൾക്കുമപ്പുറം
മണ്ണിന്റെയോമന വിണ്ണിലെ താരമായ്
ഭാരതാംബയും കണ്ണുനീർ തൂകുന്നു
നിത്യചൈതന്യ ശക്തിയായ് ജ്ഞാനമായ്
മർത്യലോകത്തിൽ നൻമ പരത്തുവാൻ
മൃത്യുവെത്താത്ത ലോകത്തു നിന്നു നിൻ
ദീപ്ത സ്മൃതികൾ നയിക്കട്ടെ ഞങ്ങളേ...

Thursday, 23 July 2015

കവിത-വൈദേഹി ഇന്നും

 WELCOME....
prasanthkannom.blogspot.com




വൈദേഹി ഇന്നും
……………………………
ഇവള്‍ ഭൂമിപുത്രി വൈദേഹി
മന്വന്തരങ്ങളില്‍ അംശബീജാത്മാവായ്
അവനിതന്‍ മാര്‍ പിളര്‍ലറിക്കരഞ്ഞവള്‍
അമ്മ നെഞ്ചാം നെരിപ്പോടില്‍
ശാന്തി മന്ത്രമായുയിരെടുത്തവള്‍
പാതിവ്രത്യത്തിന്‍ പരമാര്‍ത്ഥമായവള്‍
പേരെഴും പതിയുടെ പാദംഗമിച്ചള്‍
പാതിവഴിയില്‍ വിടകൊണ്ടവള്‍
പാരിടമെങ്ങും പുകള്‍പെറ്റവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി

കാമനയനങ്ങള്‍ ദശാനനനായി
കാലത്തെ വെല്ലാന്‍ തുനിഞ്ഞിറങ്ങുമ്പോഴും
കാതരയാമിവള്‍കാനനസീമയില്‍
കാലത്തിന്‍ പൊന്‍മാനെ തേടിയലയുന്നു
ഭിക്ഷ യാചിക്കുന്നവര്‍ക്കുച്ചിഷ്ടമേകാതെ
വൈശിഷ്ട്യമാര്‍ന്നൊരു ധര്‍മ്മിഷ്ടയായവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി

ക്രൂരതയേറിയ നിശാചരക്കൂട്ടങ്ങള്‍
ആര്‍ത്തട്ടഹസിച്ചലറിക്കുതിക്കുമ്പോൾ
അശ്വവേഗത്തില്‍ പറക്കുമീ പുഷ്പകം
അഗ്നിഗര്‍ഭയായ് അതിതാപമേറ്റുന്നു.
അശോക വനികയില്‍ കണ്ണിമചിമ്മാതെ
ചുടുകണ്ണീരുണങ്ങാതെ
കര്‍മ്മക്കണക്കിന്‍ കലാശത്തിനായ്
കഠിനമാംജഠരാഗ്നിയില്‍ ഹോമിച്ചവള്‍
അഗ്നിശുദ്ധിയില്‍ പതിതന്‍കരം ഗ്രഹിച്ചവള്‍
ജന്മാന്തരങ്ങളില്‍ വേര്‍പെടാതീടുവാന്‍
സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തിയോള്‍
മനുവുംതനുവും പകുത്തവള്‍
പെണ്ണായ്പ്രകൃതിയായ്പുരുഷനു വീര്യമായ്
മണ്ണിന്റെമകളിവള്‍…
ഇവള്‍ ഭൂമിപുത്രി വൈദേഹി

പുരുഷാംശത്തിനുയിരേകുവാന്‍
അണ്ഡമേകിയോള്‍
ഉദരത്തിലരുമയെതാലോലിച്ചവള്‍
മാതൃമോഹത്തിന്‍താരാട്ടുമായ്
സ്വപ്നങ്ങള്‍ നെയ്തവള്‍
ഇവള്‍കളങ്കിതയെന്നോതി
കാലത്തിന്‍കാണാക്കുരുക്കിനാല്‍
കാട്ടിലെറിയപ്പെട്ടവള്‍
കാട്ടിലലയേണ്ടി വന്നവള്‍
കാട്ടിലലയുന്നവള്‍

ഇവൾ ഭൂമിപുത്രി വൈദേഹി

വിശ്വമാനവസംസ്‌കാരത്തിന്‍

പരിച്ഛേദമാണിവള്‍
വിശ്വജനനിതന്‍ അരുമയാമിവള്‍
കരുണാര്‍ദ്രമാമൊരു ദര്‍ശനം
കനിവൂറും കരസ്പര്‍ശനം
പരിശിഷ്ടജീവിതയാത്രയില്‍
പരിണീതെ ഇതെന്‍പരിതര്‍പ്പണം
                              ..






Thursday, 16 July 2015

കവിത ചൊല്ലി രസിക്കാം -പേന

WELCOME.....
prasanthkannom.blogspot.com
പേന

വരയുടെ മുകളിൽ വരിവരിയായി
വടിവൊത്തക്ഷരമെഴുതാനും
വരകൾ വളച്ച് വിരുതുകളനവധി
വരച്ചു കാട്ടാനും
വളരും കുട്ടികൾ വരമായ് കരുതി
വരമൊഴിയെഴുതും പേന

Sunday, 12 July 2015

കവിത ചൊല്ലി രസിക്കാം -വെറ്റില

WELCOME....
prasanthkannom.blogspot.com
വെറ്റില 

വെറ്റില കൂട്ടി മുറുക്കിയ ചുണ്ടാൽ
മുത്തശ്ശി കഥ ചൊല്ലുന്നു
വെറ്റില ദക്ഷിണ വെച്ചൂ കുട്ടികൾ
മുത്തശ്ശിക്കഥ കേൾക്കുന്നു.

കവിത ചൊല്ലി രസിക്കാം -കാളകൾ

WELCOME.....
prasanthkannom.blogspot.com
കാളകൾ

കാളകളോടി വരുന്നുണ്ടേ
കൊമ്പു കുലുക്കി വരുന്നുണ്ടേ
വണ്ടി വലിച്ചു വരുന്നുണ്ടേ
കാണാൻ നല്ലൊരു ചേലുണ്ടേ.

Saturday, 11 July 2015

കവിത ചൊല്ലി രസിക്കാം -എരുമ

WELCOME.....
prasanthkannom.blogspot.com
എരുമ

തൊമ്മനുണ്ടൊരെരുമ
അരുമയാമൊരെരുമ
ഒരുമയുള്ളൊരെരുമ
സുറുമയിട്ടൊരെരുമ


Friday, 10 July 2015

കവിത ചൊല്ലി രസിക്കാം -കലമാൻ

WELCOME.....
prasanthkannom.blogspot.com
കലമാൻ

കാട്ടിൽ നല്ലൊരു കലമാൻ
പുള്ളികളുള്ളൊരു കലമാൻ
കൊമ്പു കുലുക്കും കലമാൻ
ചേലിൽ മുമ്പൻ കലമാൻ

Tuesday, 7 July 2015

കവിത ചൊല്ലി രസിക്കാം -കുറുക്കൻ

WELCOME.......
Prasanthkannom.blogspot.com
കുറുക്കൻ
കുറ്റിക്കാട്ടിലെ കുറുക്കൻ
കുറിയവാലൻ കുറുക്കൻ
കൂർത്ത പല്ലുള്ള കുറുക്കൻ
കൗശലക്കാരൻ കുറുക്കൻ

Sunday, 5 July 2015

കവിത ചൊല്ലി രസിക്കാം-ചെന്നായ

WELCOME.....
prasanthkannom.blogspot.com
ചെന്നായ
ചെന്നായ ചാടി വരുന്നേ 
തീറ്റയും തേടി വരുന്നേ
കോമ്പല്ലു കാട്ടി വരുന്നേ
ചെന്നാൽ കടി കിട്ടുമയ്യോ!