Sunday, 20 February 2022

'അ' മുതൽ 'അം' വരെ




അക്ഷരം മർത്യനുയർച്ചയേകും
ആനന്ദമെല്ലാം പകർന്നു നൽകും
ഇച്ഛകളൊന്നായ് നടന്നീടുവാൻ
ഈശന്റെ നാമം ഭജിച്ചീടണം
ഉൽസാഹമൊട്ടും കളഞ്ഞിടാതെ
ഊർജ്ജസ്വലരായി മുന്നേറണം
ഋതുഭേദമറിയണം നമ്മളെല്ലാം
എളിമയാൽ ഹൃദയം കവർന്നീടണം
ഏഴകൾക്കെന്നും തുണയാകണം
ഐശ്വര്യ പൂർണ്ണമായ് ജീവിക്കണം
ഒന്നിച്ചു സ്നേഹം പകർന്നിടേണം
ഓരോ വിജയവും നേടിടേണം
ഔചിത്യത്തോടെ പെരുമാറണം
അംഗങ്ങളെ പരിപാലിക്കണം
-പ്രശാന്ത് കണ്ണോം-

Sunday, 13 February 2022

പ്രണയദിനം



അലമാലകൾ ആർത്തിരമ്പി തീരത്തെ പുൽകി ആനന്ദ നിർവൃതിയിൽ രമിക്കുന്നു. നീല നിലാവുള്ള ഈ രാത്രിയിൽ അമ്പിളി കാർമുകിൽ കൂട്ടങ്ങൾ ക്കിടയിലൂടെ ഒളികണ്ണിട്ടു ഈ കാഴ്ച കാണുന്നു. തൻറെ പ്രണയിനിയായ സാഗരത്തെ വാരിപ്പുണരാൻ കൊതി പൂണ്ടിരിക്കുകയാണ് അമ്പിളി.
പൊയ്കകളിൽ ആമ്പലും താമരയും കാമുകനായ ചന്ദ്രനെ ഒരുനോക്ക് കാണാൻ
തല ഉയർത്തി കൂമ്പിയ കണ്ണുകൾ മെല്ലെ മെല്ലെ തുറക്കുന്നു. തീരത്ത് പ്രണയ ജോഡികൾ ഉന്മാദ ലഹരിയിലാണ് .ഈ പ്രണയദിന കാഴ്ചകൾ ഒരിക്കലും തീരല്ലേ  എന്ന് കൊതിച്ചു പോകുന്നു.
-പ്രശാന്ത് കണ്ണോം-

Wednesday, 2 February 2022

കാലം



കാവുകളിലുറയും തെയ്യക്കോലങ്ങൾ
കാലത്തിന്റെ കാവൽക്കാരാണ്.
കനലെരിയുന്ന തിരുമുറ്റങ്ങളിൽ
കരിന്തിരി കത്താതെ കാക്കണം
കാവലാളാകണം കർമ്മനിരതരാകണം
കൺതുറക്കണം കണ്ണീരാറ്റണം
കാലത്തിനൊപ്പം ചരിക്കണം നാം
-പ്രശാന്ത് കണ്ണോം-