''ഹലോ ഹലോ ആ പറയൂ രാജേട്ടാ... കേൾക്കാം''അയാൾ ഒച്ച കൂട്ടി
''ഞാൻ വിളിച്ചത് ഒരു കഥ പറയാനാ. പെട്ടെന്ന് തോന്നിയതാ അതാ ഇപ്പോ തന്നെ വിളിച്ചത്,''
കഥയുടെ വൺലൈൻ രാജേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
രാജേട്ടൻ അങ്ങനെയാണ് ആണ്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ളതിനാൽ കഥകളുടെ ഗ്രന്ഥപുര തന്നെ ഉണ്ട് രാജേട്ടനിൽ. നന്മയുള്ള മനസ്സ് ആയതിനാൽ ആരെയും വെറുപ്പിക്കാൻ മനസ്സില്ലാത്ത മനുഷ്യസ്നേഹി.
''ദൈവവും സദാനന്ദൻറെ കാറും''കഥയുടെ പേരും രാജേട്ടന്റെ വക തന്നെ.
പൂയം നക്ഷത്രത്തിൽ ജനിച്ച സദാനന്ദൻ. പരമ ഭക്തൻ. ഊണിലും ഉറക്കിലും നാമ ജപവുമായി വ്യത്യസ്തനായി ജീവിക്കുന്നവൻ. സദാനന്ദന് ദൈവത്തിൻറെ അടുത്താണ് സ്ഥാനം. അതിനാൽ പ്രാർത്ഥന കൃത്യമായി നടക്കുന്നു ആഗ്രഹിച്ചതെല്ലാം ദൈവം നൽകുന്നു.
മൊട്ടക്കുന്നിലെ അമ്പലത്തിൽ
എല്ലാദിവസവും ദൈവത്തെ കാണാൻ പോകും. ദൈവവുമായി കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കും. സ്കൂൾ കോളേജ് വിജയങ്ങൾ ജോലി വിവാഹം നല്ല വീട് നല്ല കാറ് എല്ലാം ഭഗവാൻ നൽകി.
എന്നാൽ ഈയിടെയായി സദാനന്ദനെ അമ്പലത്തിൽ കാണാറില്ല. വരുന്ന ഭക്തരുടെ കൂട്ടത്തിൽ ദൈവം സദാനന്ദനെ എന്നും നോക്കും പക്ഷേ സദാനന്ദൻ ആ കൂട്ടത്തിൽ ഒന്നുമില്ല. മാസം ഒന്നു കഴിഞ്ഞു ദൈവം സദാനന്ദനെ തിരക്കി അയാളുടെ വീട്ടിലെത്തി. വലിയ പ്രൗഢിയുള്ള വീട് വലിയ ഗേറ്റ് . മുറ്റത്ത് നിർത്തിയിട്ട വലിയ കാർ കണ്ടു ദൈവവും അത്ഭുതപ്പെട്ടു.
തൻറെ ഭക്തന്റെ ഇപ്പോഴത്തെ നിലയിൽ ദൈവവും സന്തോഷിച്ചു. ദൈവം കോളിംഗ് ബെൽ അടിച്ചു. സദാനന്ദൻ വാതിൽ തുറന്നു.
''ഓ ഗോഡ് യൂ...''സദാനന്ദൻ അത്ഭുതംകൂറി .
''യാ... നീ ഇപ്പോൾ അമ്പലത്തിലേക്ക് വരുന്നില്ല.. എന്തുപറ്റി'' ദൈവം പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു .
''അത്.. അമ്പലമുറ്റത്ത് എൻറെ കാർ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാഞ്ഞിട്ടാ...''സദാനന്ദൻ ചിരിക്കാൻ ശ്രമിച്ചു.
''ഓക്കേ..'' ദൈവം പുഞ്ചിരിച്ചുകൊണ്ട് പടിയിറങ്ങി .
ദൈവം തന്നിൽ നിന്നും അകലുന്നത് സദാനന്ദൻ നിർന്നിമേഷനായി നോക്കി നിന്നു.
''ഈ സദാനന്ദൻ ആരാണ്...''
രാജേട്ടൻ ഫോൺ വെച്ചു കഴിഞ്ഞശേഷം
അയാളുടെ ചിന്ത ആ വഴിക്കായി.
-പ്രശാന്ത് കണ്ണോം-
മനസ്സിൽ നിന്നും പിന്നീട് നാട്ടിൽ നിന്നും ദൈവം പഠിയ്യിറങ്ങിയശേഷമേ പലരും അതറിയുന്നുള്ളു. ചിലർ അറിയുന്നേയില്ല 👍
ReplyDelete