Saturday, 16 June 2018

നെഞ്ചോടു ചേര്‍ക്കാം.....

നെഞ്ചോടു ചേര്‍ക്കാം.....
---------------------------------------
അതിഭയംകരമായ ശബ്ദത്തോടെ ആ വലിയ പാറക്കല്ല് അടര്‍ന്ന് തെറിച്ചു...
പുറത്തുനിന്നും നീലവെളിച്ചം അകത്തേക്ക്
ഇരച്ചു കയറി...

ആ നിമിഷം  തല്ലിച്ചതച്ചപ്പോളുണ്ടായ  കഠിന
വേദന ശമിച്ചതായി അവനറിഞ്ഞു
ഏതോ ഒരാനന്ദം അവനനുഭവിച്ചു
പുറത്തെ നീലവെളിച്ചത്തിലവനലിഞ്ഞു ചേര്‍ന്നു....

കുറെ നിഴല്‍ രൂപങ്ങള്‍ അവനെ പൊതിഞ്ഞു  ''മോനേ ...''ആ ഗദ്ഗതം അവന്‍ തിരിച്ചറിഞ്ഞു...
'''അപ്പാ....''അവന് പൊട്ടിക്കരയാന്‍ തോന്നി...
സാധിക്കുന്നില്ല...

പല രൂപങ്ങളും അവനോട്
അവ്യക്തമായി പലതും പറഞ്ഞു...
കൂട്ടത്തിലേക്കൊരാള്‍ വന്നതിന്റെ ആനന്ദം
അവര്‍ പംകുവെച്ചു...

അവരവനെ വെള്ളാരം കല്ലു പാകിയ
പ്രതലത്തിലേക്കു നയിച്ചു...
തറയിലെ വെട്ടിത്തിളങ്ങുന്ന കണ്ണാടി കാണിച്ചു...അവനുറ്റു നോക്കി...

''അയ്യോ..''അവന്റെ നിലവിളി  പുറത്തു വന്നില്ല ...
അവിടെ വെള്ള പുതച്ചു കിടത്തിയ അവന്റെ രൂപം ...അലമുറയിടുന്ന അമ്മയും സഹോദരിയും....ആളുകള്‍ ഒത്തിരി കൂടിയിട്ടുണ്ട്...
''ഏനക്കാണാന്‍.....''' ഓന് പൊട്ടിക്കരയാന്‍ തോന്നി കഴിഞ്ഞില്ല ...

അവനാ യാഥാര്‍ത്ഥ്യം ബോധ്യായി
ഓനിപ്പോ ശരീരമില്ലാ......
അവന്‍ കണ്ണാടിയിലേക്ക് തുറിച്ചു നോക്കി..
വെള്ളയുടുപ്പിട്ടാളുകളും...ഫോട്ടോക്കാരും
ഫോണെടുത്ത ചെക്കമ്മാരും....
തന്റെ വെള്ള പുതച്ച ശരീരത്തെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു...

തന്റെ  പഠനം വഴിമുട്ടിയപ്പോളും
പണിചെയ്ത് തളര്‍ന്നെരിഞ്ഞപ്പോഴും
ഒടുവില്‍ ഉരിയരിക്കായി അലഞ്ഞു
തീര്‍ന്നപ്പോഴും ഇവരെന്റ ചുറ്റുമുണ്ടായിരുന്നോ...?

ഒരു പഴം തിന്ന് അവസാനം
പശിയടക്കിയതോര്‍മ്മയുണ്ട്
പിന്നെയൊടുക്കത്തെ
പൊട്ടിത്തെറിയും....

ഇല്ല തളരില്ല....
അവന്‍ ഒരഗ്നിയായി ആ കണ്ണാടിയിലേക്കാളിക്കത്തി...
കാത്തിരിക്കാം ...
ആ അഗ്നിയില്‍ പെടാതിരിക്കാന്‍
കൂടപ്പിറപ്പുകളെ
നെഞ്ചോടു ചേര്‍ക്കാം.....

No comments:

Post a Comment