"കാർത്തീ... നിന്റെ പാട്ട് എനിക്ക് വല്ലാതെ ഇഷ്ടായിട്ടോ..." ഓള് അങ്ങനെയൊന്ന് പറഞ്ഞപ്പോ കിട്ടിയൊരു സന്തോഷം ഉണ്ടല്ലോ, അതിപ്പോ ഓണാഘോഷത്തിന് ഒന്നാം സമ്മാനം കിട്ടിയതിലും വലുതായിരുന്നു ഓന്.
"താങ്ക്സ്..." കാർത്തിക് ഓളെ തന്നെ നോക്കി നിന്നു.
റിയാലിറ്റി ഷോയിലൊക്കെ പോയി പാടേണ്ടവനാ... പക്ഷേ ഈ ഓണംകേറാമൂലേന്ന് ആര് കൊണ്ടുപോവാനാ ഓനെ? ഓണത്തിന് പാടിയ പാട്ട് നാട്ടുകാർക്ക് മൊത്തം ബോധിച്ചു. പാറു (പാർവ്വതി) ഓനൊരു 'മഞ്ച്' വാങ്ങിക്കൊടുത്തു. ഓള് തന്ന ആ മഞ്ചിന് പോലും ഒരു പ്രത്യേക മൊഞ്ചായിരുന്നു.
"ടാ, നിനക്ക് വല്ല ചാനൽ ഷോയിലും പോയി നോക്കിക്കൂടെ?" പാറു ഓന്റെ കവിളിലൊന്ന് നുള്ളി ചോദിച്ചു.
"അതിനൊക്കെ നല്ല പൈസ വേണ്ടേ മോളേ... ഈ കോൺക്രീറ്റ് പണീം കൊണ്ട് എന്ത് ചെയ്യാനാ? അതൊക്കെ വെറും മോഹങ്ങളായിട്ട് അങ്ങനെ കിടന്നോട്ടെ..." കാർത്തിക് ചിരിക്കാൻ നോക്കിപ്പൊഴും ഓന്റെ കൺപീലികൾ നനഞ്ഞിട്ടുണ്ടായിരുന്നു. പാറു ഓന്റെ അടുത്തേക്ക് ഒട്ടിനിന്നു.
പിന്നീട് ആഘോഷങ്ങൾ ഒന്നൊന്നായി വന്നു. പാറൂന്റെ നിർബന്ധവും പ്രോത്സാഹനവും പ്രാർത്ഥനയും ഒക്കെയായപ്പോ കാർത്തിക് ഇപ്പോ ഗാനമേളകളിലെ മിന്നും താരമാണ്. ഓന് റിയാലിറ്റി ഷോയിലേക്ക് സെലക്ഷൻ കിട്ടിയ അന്ന് പാറു തുള്ളിച്ചാടിപ്പോയി. നാട്ടുകാരായിരുന്നു ഓന്റെ സ്പോൺസർമാർ. ഓനുവേണ്ടി നാട് ഒന്നടങ്കം ഇളകി. ഇതിനെല്ലാം കാരണക്കാരി പാറുവാണ്.
ചാനലുകാര് ഷൂട്ടിംഗിന് വന്ന ദിവസം നാട്ടുകാർക്ക് ഒരു ഉത്സവമായിരുന്നു. ആദ്യമായിട്ടാണ് ആ നാട്ടിലേക്ക് ഒരു ക്യാമറയും ടീമും വരുന്നത്. പായസം വെച്ചും സദ്യ വിളമ്പിയും നാട്ടുകാര് അത് ശരിക്കും ആഘോഷിച്ചു. "ന്റെ മോനെ..." എന്ന് പറഞ്ഞായിരുന്നു എല്ലാവർക്കും ആവേശം.
ആ വലിയ വേദി
വർഷം ഒന്ന് കഴിഞ്ഞു. ഇന്ന് റിയാലിറ്റി ഷോയുടെ ഫൈനലാണ്. അവസാന അഞ്ച് പേരിൽ നമ്മുടെ കാർത്തിക്കുണ്ട്. നാട് മൊത്തം ടിവിയുടെ മുന്നിലും കൊച്ചിയിലെ സ്റ്റേഡിയത്തിലുമായി അവനൊപ്പമുണ്ട്. ആയിരങ്ങളെ സാക്ഷിയാക്കി ഇഞ്ചോടിഞ്ച് പോരാട്ടം! പാറു സകല ദൈവങ്ങളെയും വിളിച്ച് കരഞ്ഞു പ്രാർത്ഥിക്കയാണ്.
ആദ്യ റൗണ്ടിൽ കാർത്തിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ ഓന്റെ പേര് അനൗൺസ് ചെയ്തപ്പോ ഉണ്ടായ ആ ഒരു ആരവം! അത്രയും ആരാധകരുണ്ട് ഓന്. ലോകത്തുള്ള സകല മലയാളികളും അവനൊപ്പമുണ്ട്. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച്, ദാരിദ്ര്യം അറിഞ്ഞ് വളർന്ന ആ പാവം പയ്യന്റെ നന്മയാണ് എല്ലാവരെയും ആകർഷിച്ചത്.
വിജയിയെ കാത്തിരിക്കുന്നത് ഒരു കോടിയുടെ ഫ്ലാറ്റാണ്. വേദിയിൽ അവസാന റൗണ്ട് കട്ടക്ക് നടക്കുന്നു. എസ്.എം.എസ് വോട്ടിംഗിൽ കാർത്തിക് ബഹുദൂരം മുന്നിലാണ്. അവൻ തന്റെ നെഞ്ച് പൊട്ടി പാടി... വിധി വന്നു!
"കാർത്തിക് വിജയി'
"എന്റെ പാറുവാണ് ഈ വിജയത്തിന് പിന്നിൽ... ഈ സമ്മാനം ഓൾക്കുള്ളതാണ്. ഓളെ ഒന്ന് സ്റ്റേജിലേക്ക് വിളിക്കണം." കാർത്തിക് മൈക്കിലൂടെ കരഞ്ഞുകൊണ്ട് പറഞ്ഞു.
"പാർവ്വതി... പ്ലീസ് കമോൺ ടു ദി സ്റ്റേജ്..." അവതാരകൻ വിളിച്ചു.
ജനക്കൂട്ടം ഇരമ്പി. "പാറൂ... ഇങ്ങോട്ട് വായോ..." കാർത്തിക്കും വിളിച്ചു പറഞ്ഞു.
"പാറു... പാറു... പാറു..." ജനങ്ങൾ ആർത്തുവിളിച്ചു.
പക്ഷേ, ഈ വിളിയൊന്നും പാറു കേട്ടില്ല. ഓൾ അപ്പോഴും കണ്ണടച്ച്, കൈകൂപ്പി ഏതോ ഒരു ലോകത്തെന്ന പോലെ ധ്യാനത്തിലായിരുന്നു.
_ പ്രശാന്ത് കണ്ണോം -

No comments:
Post a Comment