പറശ്ശിനി ബസ്സ് മുന്നിലോടി പിറകേ നൂർജ്ജഹാൻ ബസ്സ് അതിനും പിറകെ നമ്പാടൻ ബസ്സും ഭയംകര വാശീലാ ഓട്ടം.പറശ്ശിനിയെ തോൽപ്പിക്കാൻ ഓനാരേയും വിടില്ല.എന്നാൽ എതിർഭാഗത്തു നിന്നും ബെല്ലും ബ്രേക്കുമില്ലാതെ ചീറീ വന്ന സുപ്രിയ പറശ്ശിനിയെ ഇടിച്ചു തെറിപ്പിച്ചു.തെറിച്ചു വയലിലേക്കു വീണ പറശ്ശിനിയെ ഓൻ സംകടത്തോടെ നോക്കി നിന്നു.വീണിടത്തു നിന്നും അത് ഉരുണ്ടുരുണ്ടു പോയി.ഓനാണ് ഓടിച്ചതെംകിലും ഓന് പരിക്കൊന്നും പറ്റീല എന്നാ സുപ്രിയ ഓടിച്ച ബാബുവാകട്ടെ മുട്ടിടിച്ചു വീണു,ചോരപൊടിഞ്ഞു.
സ്കൂളു പൂട്ടിക്കഴിഞ്ഞാൽ ഓനും കൂട്ടുകാരും ഒരുപാട് ബസ്സിറക്കും നല്ല ഇരുമ്പ് കമ്പി വളച്ചെടുത്ത് വളയ ബസ്സുകൾ .ഇവ ഓടിക്കാൻ കുടക്കമ്പി വളച്ച് ഒരു സ്റ്റിക്കും.പീടികയിൽ പോകാനും മീൻ വാങ്ങാൻ പോകുമ്പോഴും വളയ ബസ്സോടിച്ചു പോകാൻ എന്തുത്സാഹമാണെന്നോ.ഓന്റെ ബസ്സിന്റെ പേര് പറശ്ശിനി.കൂട്ടുകാർക്കെല്ലാം വളയബസ്സുണ്ട്.
ഓൻ മെല്ലെ ബാബുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.മുട്ടീന്ന് നന്നായി ചോര ഒലിക്കുന്നു.ബാബു നിലവിളിക്കാൻ തുടങ്ങി.
ഈ രംഗം നേരിട്ടു കണ്ട നാരാണേച്ചി തൽസമയ റിപ്പോർട്ട് ലൈവായി ബാബൂന്റെ വീട്ടിലെത്തിച്ചു. നൂർജ്ജഹാൻ ഡ്രൈവർ സതീശനും നമ്പാടൻ ഡ്രൈവർ അനിയും കഥകളിറക്കി.ഓനാകെ പെട്ടു
ബാബൂന്റമ്മേടെ വക ചീത്ത ഏട്ടന്റെ വക ഒരു ടച്ചിംഗ് ചെവി പിടുത്തം.ഓ ഒരു വിധത്തിലവൻ വയലിൽ വീണു കിടക്കുന്ന പറശ്ശിനി ബസ്സുമെടുത്ത് അവിടുന്ന് തടി തപ്പി.വീട്ടിലെത്തിയപ്പോൾ ഇരുട്ടിയിരുന്നു.
''എവിടെയായിരുന്നെടാ ഇത്ര നേരം''വരാന്തയിൽ അച്ഛന്റെ ശബ്ദം ഉച്ചത്തിലായി.നാരാണേച്ചിയുടെ ലൈവ് വാർത്ത ഓന്റെ വീട്ടിലു മെത്തിയിരുന്നു.
''നീയാ ബാബുച്ചെക്കനെ ഇടിച്ചിട്ടു അല്ലേ..നിന്റെയൊരു ബസ്സും കളീം അടുത്ത കൊല്ലം ഹൈസ്കൂളീൽ പോണ്ട ചെക്കനാ'' അച്ഛൻ രണ്ടു പൊട്ടിച്ച് ഓന്റെ കയ്യീന്ന് വളയം പിടിച്ചു വാങ്ങി അടുക്കള പുറത്തെ കിണറിലെറിഞ്ഞു.
''ഗ്ളും..ഗ്ളും..'' തന്റെ പറശ്ശിനി ബസ്സ് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന ശബ്ദം ഓന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു...ഓൻ ഏങ്ങലടക്കാൻ പാടുപെട്ടു....
തന്റെ പുതിയ ഫോർഡ് കാറിലിരുന്ന് ഓൻ ആ പഴയ ഓർമ്മകൾ അയവിറക്കി..
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment