Sunday, 8 September 2019

പൊന്നോണം

ഓണപ്പുക്കളിറുക്കാന്‍ വാ
ഓണത്തുമ്പീ പൂത്തുമ്പീ
ഓണക്കോടിയുടുക്കാന്‍ വാ
ഓണക്കിളിയേ പൂംകിളിയേ
ഓണസ്സദ്യയുമുണ്ണാന്‍ വാ
ഓണത്തപ്പാ കുടവയറാ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com


Friday, 6 September 2019

നമ്മുടെ ഓണം ഇങ്ങിനെ മതിയോ..?

ഇളം കാറ്റില്‍ ചാഞ്ചാടിയാടുന്ന നെല്‍ക്കതിരുകള്‍. നെല്‍ ചോലകളില്‍ പളുംകുമണികള്‍ പോലെ ഒട്ടിക്കിടക്കുന്ന മഞ്ഞുകണങ്ങളില്‍ അരുണകിരണങ്ങള്‍
മഴവില്‍ കാന്തി പരത്തുന്ന നെല്‍പ്പാടങ്ങള്‍.
കാക്കപ്പൂവും തുമ്പയും ആമ്പലും ഇടകലര്‍ന്ന് സമൃദ്ധമായിവളരുന്ന പാടങ്ങളില്‍ കണ്ണിമീനുകളും മാക്രികളും പുളച്ചു തിമിര്‍ക്കുന്നു.

പാടവരമ്പുകളില്‍ ഓണക്കാലമായാല്‍ പൂപറിക്കാനെത്തുന്ന കുട്ടികളെ കാണാം.
എന്തൊരാഹ്ളാദത്തിമര്‍പ്പാണ്.തോര്‍ത്തുമുണ്ട് വലയാക്കി കണ്ണിമീന്‍ പിടിക്കുന്നവര്‍ മാക്രിയെ ചാടിക്കുന്നവര്‍.ആര്‍പ്പു വിളിച്ച് ആടിപ്പാടി നാടിനെയുണര്‍ത്തുന്ന കുട്ടികള്‍.

തിരുവോണത്തിന് നാട്ടിലെ കലാസമിതികളില്‍ ഗംഭീര ഓണാഘോഷപരിപാടികള്‍ ഉണ്ടാകും.ജാതിമതഭേതമന്യേ ആബാലവൃദ്ധം ജനങ്ങളും പരിപാടികളില്‍ സജീവമായി പംകുകൊള്ളും.ഓട്ടവും ചാട്ടവും പാട്ടും കഥപറച്ചിലും ഗ്രാമീണരുടെ സര്‍ഗ്ഗവാസനകള്‍പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റേയും സന്ദേശം കൈമാറിയിരുന്നു.

പോയകാലത്തിന്റെ ഓണം ഓര്‍മ്മകള്‍ പുതിയതലമുറകള്‍ക്ക് അന്യമാവാതിരിക്കണം.ശീതീകരിച്ച മുറിയിലിരുന്നു താരങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഓണാഘോഷപരിപാടിള്‍ കണ്ട്  സംതൃപ്തിയടയേണ്ടി വരുന്ന കുട്ടികള്‍.
നാം പുതു തലമുറയോടു നീതിപുലര്‍ത്തണം.
ഈ തടവറയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കണം.

പൂത്തുമ്പിയോടു കിന്നാരം പറഞ്ഞും പൂനുള്ളിയും പാടിയും ആടിയും നമ്മുടെ കുട്ടികള്‍ തിമര്‍ക്കട്ടെ.ഒാണം പോലുള്ള നമ്മുടെ സംസ്കാരത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്ന ആഘോഷവേളകളിലെംകിലും 
നാം വീടുകളില്‍ നിന്നും നാട്ടുവഴികളിലേക്കിറങ്ങണം.നാടിന്റെ ആഘോഷങ്ങളില്‍ പംകുചേരണം.
നന്മയെ നെഞ്ചേറ്റാം.
-പ്രശാന്ത് കണ്ണോം -



Thursday, 5 September 2019

ഓണം കൂടാം

ചിങ്ങം വന്നേ പൂംകിളിയേ
ചില്ലകള്‍ പൂത്തേ പൂംകിളിയേ
ചിത്തമുണര്‍ന്നേ പൂംകിളിയേ
ചിന്തയൊഴിഞ്ഞേ പൂംകിളിയേ
ഓണം വന്നേ കുട്ടികളേ
ഓര്‍മ്മയുണര്‍ന്നേ കുട്ടികളേ
ഓടിയണഞ്ഞോ കുട്ടികളേ
ഓണം കൂടാം കുട്ടികളേ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com