തിരിച്ചറിവ്(കഥ)
-------------------------
ദേവൂട്ടി കൈകൾ സോപ്പിട്ടു കഴുകി.കുഞ്ഞു വിരലുകളുടെ ഇടയിലും അകവും പുറവും പോലീസ് സാറുമാരുടെ 'കൊറോണ പാട്ടിൽ ' കണ്ടതുപോലെ.
ചായ കുടിക്കാൻ ഓടി അടുക്കളയിലെത്തി.
കുഞ്ഞൂട്ടൻ ദോശ തിന്നുന്നു.പയറു കറിയാണ്.
ദോശയും പയറു കറീം ദേവൂട്ടിക്കിഷ്ടല്ല.എന്നാ കൂഞ്ഞൂട്ടനതേ വേണ്ടൂ.
''എടീ ധൃതി കൂട്ടേണ്ട ഇന്ന് പരീക്ഷയില്ല. ഏഴാം ക്ളാസ്സു വരെയുള്ള കുട്ടികൾക്കിനി പരീക്ഷയില്ല സ്കൂളില്ല.''അമ്മ സ്മിത ഇടപെട്ടു.
ദേവൂട്ടിക്ക് കൊറോണയെ കൊല്ലാനുള്ള ദേഷ്യം വന്നു.എല്ലാം പഠിച്ചതാ.കണ്ടോം എൽ പി സ്കൂളിലെ നാലാം ക്ളാസിലെ ഒന്നാം റാംക് കാരിയാ ദേവൂട്ടി.
ചൈനയിൽ മരണം ആയിരം കവിഞ്ഞു ലോകരാജ്യങ്ങളിലെല്ലാം പടർന്നു കേറുന്നു.
എങ്ങും കൊറോണ ഭീതി ടിവി യിൽ വാർത്ത മുഴങ്ങുന്നു.ഒരാഴ്ച അങ്ങിനെ കടന്നു പോയി.
''അച്ഛൻ ഇന്ന് പോയിട്ടില്ല ഉറങ്ങിയെണീറ്റിട്ടുമില്ല.''
പാതിരാ കഴിഞ്ഞു വരികയും നേരം പരാ പരാ വെളുക്കുമ്പോൾ ജോലിക്കു പോകും ചെയ്യുന്ന അച്ഛൻ ദാസൻ ദേവൂട്ടിക്കൊരു കാണാ കാഴ്ചയാണ്.ഇനി ലീവുള്ള ദിവസമാണേൽ നല്ല ഫിറ്റിലുമായിരിക്കും.എപ്പോഴും ദേഷ്യമാ.
അമ്മ സ്മിതക്ക് ആലിക്കായുടെ സിമന്റ് കടയിൽ കണക്കെഴുത്താ പണി.രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്നരവരെ.വരുമ്പോ എൽ കെ ജീന്ന് കൂഞ്ഞുട്ടനെ കൂട്ടും.അച്ഛന്റെ ജോലിയെന്താണെന്ന് ദേവൂട്ടിക്കൊരു പിടിയുമില്ല.
കുഞ്ഞൂട്ടൻ തെയ്യം കെട്ടിക്കളി തുടങ്ങി.ഇന്ന് കുളിയൻ തെയ്യമാണ്.കോലം കെട്ടലും ചെണ്ട കൊട്ടലും ദേവൂട്ടിയും നന്ദനയു (വെല്ല്യച്ഛന്റെ മോൾ)മാണ്.കട്ടിക്കടലാസിൽ മുഖപ്പാള വരച്ച്
ഓലകൊണ്ട് അരമട ചുറ്റിക്കെട്ടി നല്ല അസ്സല് കുളിയൻ.അച്ഛമ്മക്ക് ഇത് കാണുന്നത് വല്ല്യ ഇഷ്ടമാണ്.
അച്ഛൻ ദാസന് കുട്ടികളുടെ ഈ കളികളെല്ലാം പുതുമയാണ്.രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ തുടങ്ങ്യതിന് ശേഷം ദാസൻ അമ്മയേയും ഭാര്യയേയും കുട്ടികളേയും പുതുമയോടെ നോക്കിക്കാണുകയാണ്.
തന്റെ വീടും പരിസരവും എല്ലാം അയാൾക്ക് പുതിയതാണ്.
മദ്യം കിട്ടാത്തതിന്റെ ഭീകര താണ്ഡവം ഒരാഴ്ച ദാസൻ നടത്തി.കുട്ടികൾ പേടിച്ചരണ്ടു.അച്ഛമ്മ പോട്ടിക്കരഞ്ഞു.സ്മിത സ്ട്രാംങ്ങായി പിടിച്ചു നിന്നു.അവൾ നല്ല കുരുമുളകു കഷായം വെച്ച് ദാസനെ കുടിപ്പിച്ചു.ആട്ടും തുപ്പും സഹിച്ച് പരിചരിച്ചു.ഇപ്പോഴിതാ ദാസൻ പുതിയ തീരത്തണഞ്ഞിരിക്കുന്നു.അലമാലകളുടെ അലറിവിളി അടങ്ങിയിരിക്കുന്നു.തികച്ചും ശാന്തമായ തീരം.
''മോളൂ... '' അച്ഛന്റെ വിളികേട്ട് ദേവൂന് അത്ഭുതം.ആദ്യായിട്ടാ ഇത്ര സ്നേഹത്തോടെ വിളിക്കുന്നത്.
''ഇത് മോള് വരച്ചതാണോ.എന്തു ഭംഗ്യാ''.അയാൾ ദേവൂനെ ചേർത്ത് നിർത്തി കവിളിലൊരുമ്മ നൽകി.ദേവു ആനന്ദ വിവശയായി.ഇത് കണ്ട് കുഞ്ഞൂട്ടനും മടിച്ചു മടിച്ച് അടുത്തു വന്നു.അയാൾ കുഞ്ഞൂട്ടനെ
എടുത്ത് മടീലിരുത്തി.അച്ഛമ്മയും വടിയും കുത്തി അടുത്തെത്തി.ഈ രംഗം കണ്ട് സ്മിതയുടെ കണ്ണുകൾ ഈറനണിഞ്ഞു.
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment