''എസ് 8 '' ചെന്നൈ ഇഗ്മോർ എക്സപ്രെസിലെ ഈ കംപാർട്മെന്റ് അയാൾക്ക് സ്വന്തം മുറിപോലെയായിരുന്നു.ഓഫീസിലെ തിരക്കുപിടിച്ച ജോലി കഴിഞ്ഞ് വരുമ്പോഴുള്ള ക്ഷീണം എസ് 8ലെ ബെർത്തിൽ ഉറങ്ങിത്തീർക്കുക അയാളുടെ ശീലമായിരുന്നു.
കണ്ണൂർ മുതൽ കാസറഗോഡു വരെയുള്ള ഒന്നര മണിക്കൂർ യാത്ര അയാൾ ആസ്വദിച്ചിരുന്നു.
''ഇപ്പോഴിതാ വിദേശത്തു നിന്നു വന്ന കാസറഗോഡുകാരന്റെ യാത്രാ റൂട്ട് മേപ്പ് പുറത്തുവിട്ടിരിക്കുന്നു.കോവിഡ് പോസറ്റീവായ
ഇദ്ദേഹം എസ് 8ൽ കഴിഞ്ഞ ശനിയാഴ്ച തനിക്കൊപ്പം യാത്രചെയ്തിരിക്കുന്നു''.
അയാളുടെ കാതിൽ ആ ചാനൽ വാർത്ത മുഴങ്ങിക്കൊണ്ടേയിരുന്നു.
ചൈനയിൽ നിന്നും പുറപ്പെട്ടത് അതിർത്തികൾ ഭേദിച്ച് ലോകത്തെ കാർന്നു തിന്നാൻ തുടങ്ങി.
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നൊ
പണ്ഡിതനെന്നോ പാമരനെന്നോ നോക്കാതെ
കോവിഡ് 19 വിനാശം വിതക്കുന്നു.
ആത്മ സംയമനം വീണ്ടെടുത്ത അയാൾ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സ്വയം നിരീക്ഷണത്തിലായി.ഭാര്യയും മോളും കഴിഞ്ഞ 10 ദിവസമായി കണ്ണൂരിലെ അവളുടെ വീട്ടിലാണ്.അവളുടെ അച്ഛൻ മരിച്ചതിന്റെ പതിനാറു കഴിഞ്ഞിട്ടില്ല.ഒരു തരത്തിൽ അതും നന്നായി.അല്ലെംകിൽ അവരും നിരീക്ഷണത്തിലായേനെ.എംകിലും 3വയസ്സുകാരി മോളെ പിരിഞ്ഞു കഴിയുക അയാൾക്ക് സഹിക്കാവതല്ല.രാജിയുടെ അവസ്ഥ അതിലും കഷ്ടമാണ്.അച്ഛന്റെ ആകസ്മിക മരണത്തിന്റെ ആഘാതത്തീന്ന് കര കയറും മുമ്പെയാണ് അവൾ അയാൾ നിരീക്ഷണത്തിലായ വിവരവുമറിഞ്ഞത്.
അയാൾ തികച്ചും ഒറ്റപ്പെട്ടു.കൂട്ടിന് ''വിവൊ'' മാത്രം.മൊബൈൽ ഫോൺ കണ്ടു പിടിച്ച മഹാനെ അയാൾ രണ്ടും കയ്യും കൂപ്പി വണങ്ങി.ഇതു കൂടിയില്ലേൽ വല്ല കടും കൈയും ചെയ്തേനെ.സമയാസമയത്ത്
ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു തരുന്ന
ആരോഗ്യ പ്രവർത്തകരെ എത്ര വാഴ്ത്തിയാലും
അധികമാവില്ല.
നീരീക്ഷണത്തിന്റെ പത്തു ദിനങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുന്നു.അയാൾക്ക് പറയത്തക്ക രോഗ ലക്ഷണങ്ങളൊന്നുമില്ല.
ഒറ്റക്കിരിപ്പിന്റെ ആഘാതമുണ്ടാക്കിയ ഉന്മേഷക്കുറവ് മാത്രമേ അയാളെ ബാധിച്ചിട്ടുള്ളു.
''വിവൊ'' വൈബ്രേറ്റു ചൈയ്തു .
സക്രീനിൽ മോളുടെ മുഖം തെളിഞ്ഞു.രാജിയാണ്
''പറയെടീ...എനിക്കൊരൂ കൊഴപ്പൂല്ല...
നീയെന്തിനാ കരേന്നേ..ആളുകളതൂമിതും പറയും ..കാര്യാക്കണ്ട.ഇനി ലോക്ക് ഡൗണും തുടങ്ങിയല്ലോ...മോളൊറക്കാണൊ...ആ രാത്രി വാട്സാപ്പീൽ വിളിക്കാം...ഓക്കേടാ..ബൈ.''
ഫോൺ വെച്ച് അയാൾ കരച്ചിലടക്കാൻ പാടുപെട്ടു.ഈ ആടുത്ത കാലത്തൊന്നും
ഇങ്ങിനെ വിങ്ങിപ്പൊട്ടിയിട്ടില്ല.ഇതെന്താ ഇപ്പോഴിങ്ങനെ അയാൾക്കൊന്നും മനസ്സിലായില്ല.
ഇറ്റലിയിലും സ്പെയിനിലും സ്ഥിതി ഗുരുതരം
അമേരിക്കയിൽ ന്യൂയോർക്കിൽ കോവിഡ് പടരുന്നു.വാർത്തകൾ അയാളെ അസ്വസ്ഥനാക്കി.ഒന്നാം നിലയിലെ സിറ്റൗട്ടിലിരുന്ന് ശൂന്യമായ ഗ്രാമവീഥി അയാൾ നോക്കികണ്ടു.രാവും പകലുമില്ലാതെ കാവലിരിക്കുന്ന പോലീസുദ്യോഗസ്ഥന്മാരോട് അയാൾക്ക് ബഹുമാനം തോന്നി.
പണ്ട് കോളജിൽ സമരം ചെയ്തപ്പോൾ പോലീസുകാരെ വിളിച്ച തെറിയെല്ലാം ഒരു നിമിഷം അയാൾ തിരിച്ചെടുത്തു.അന്ന് ലാത്തിയടിയുടെ നൊമ്പരം ഒത്തിരി അനുഭവിച്ചതാണ്.അച്ഛനുമ്മയും ബസ്സപകടത്തിൽ മരണപ്പട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ എല്ലാം അവസാനിച്ചു.
എല്ലാ തോന്ന്യാസങ്ങളും കള്ളുകുടീം പെണ്ണുപിടീം എല്ലാം.
പഠിക്കാൻ മോശമല്ലാത്തതിനാലും കായിക ശേഷിയുള്ളതിനാലും കൂലിപ്പണിയെടുത്ത് പഠിച്ച് പി എസ് സി എഴുതി സർക്കാർ
ജോലി നേടി.രാജി ജീവിതത്തിലേക്കു വന്നത് വഴിത്തിരിവായി.അല്ലേലും കണ്ണൂരോഫീസിൽ അച്ഛനോടൊപ്പം ഒരപേക്ഷയുമായെത്തിയ അവൾ എന്റെ ജീവിതപംകാളിയാകുമായി
രുന്നില്ലല്ലോ.വിവാഹശേഷമാണയാൾ ശരിക്കുമൊരു മനുഷ്യനായത്.
''വിവൊ'' വീണ്ടും വൈബ്രേറ്റു ചെയ്തു.
അയാൾ ഭൂതകാലത്തീന്നുണർന്നു
''ഓ ദൈവമേ 5 മണിയായി ''ഈ അലറാം മുഴക്ക മാണ് സമയത്തേക്കുറിച്ച് അയാളെ ബോധ്യപ്പെടുത്തുന്നത്.
''ആ ഇനിയൊരു കട്ടനിടണം.''അയാൾ എഴുന്നേറ്റു പോയി.
ഇന്ന് നിരീക്ഷണത്തിന്റെ 14-ാം ദിനം.ആരോഗ്യ പ്രവർത്തകർ രാത്രിഭക്ഷണവുമായെത്തി.
ആ ഭക്ഷണത്തോട് അയാൾക്ക് വല്ലോത്തരാർത്തിയായിരുന്നു.എന്നാൽ ഇന്നയാൾക്ക് വിശപ്പ്കുറവാണ്.
കൂടാതെവയറ്റിൽ ഒരസ്വസ്ഥതയും.
അവരോട് കുശലം പറയുമ്പോഴും വല്ലാത്തൊരു ഭീതി അയാളെ അലോസരപ്പെടുത്തി.
''ഏയ് ഒരുകുഴപ്പവുമില്ല..'' ആരോഗ്യ പ്രവർത്തകരെ അയാൾ സമാധാനിപ്പിച്ചു വിട്ടു.
ഭക്ഷണം കഴിക്കാനുള്ള മൂഡ് അയാൾക്കു വന്നില്ല.വയറ്റിലാകെ അസ്വസ്ഥത.അയാൾ കക്കൂസിലേക്കു പോയി.ഒരു വട്ടമല്ല കാൽ മണ്ണിക്കൂറിന്റെ ഇടവേളയിൽ ആറുവട്ടം.
വെള്ളം കുടിച്ചതല്ലാതെ ഭക്ഷണം കഴിക്കാനായില്ല. അയാളുടെ ശരീരം കിടുകിടാന്നു വിറക്കാൻ തുടങ്ങി.നല്ല ചൂട്.
മേലാസകലം ചുട്ടു പൊള്ളാൻ തുടങ്ങി.
ശ്വാസമെടുക്കാൻ പ്രയാസം.അയാൾ രാജിയെ വിളിക്കാൻ ശ്രമിച്ചു സാധിച്ചില്ല.ക്രമേണ അയാളുടെ കണ്ണുകളിൽ ഇരുട്ടു മൂടി.
ബോധം വന്നപ്പോൾ അയാൾ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാണ്.തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അയാൾ പണിപ്പെട്ടു.
''കാസർകോടു നിന്നും വീണ്ടുമൊരു കോവിഡ് പോസിറ്റീവ് '' നഴ്സുമാരുടെ സംഭാഷണങ്ങളിൽ നിന്നും അയാൾ ആ സത്യം മനസ്സിലാക്കി.അയാൾ തന്റെ കാവിലെ ദേവിയെ നൊന്തു വിളിച്ചു.
രാജി... മോൾ..അവരെയൊന്നും ഓർക്കാൻ കൂടി വയ്യതായി.എല്ലാം കൈവിട്ടു പോകുന്നതു പോലെ അയാൾക്ക് തോന്നി.
പൊടുന്നനെ അയാൾ ഒരഗാധ ഗർത്തത്തിലേക്ക് വീണു.അവിടെ നിന്നും ശൂന്യതയിലൂടെ അയാൾ അതിവേഗത്തിൽ കുതിച്ചു കൊണ്ടിരുന്നു.ഒരിക്കലും തീരാത്തയാത്രയായി അയാൾക്കതു തോന്നി.
പിന്നിട് നേരിയ പ്രകാശമുള്ള ഒരു ഇടനാഴിയിലെത്തി അതിനുമപ്പുറത്ത് ഹരിതാഭമായ ഒരിടം.അവിടെയെത്താൻ അയാൾ കൊതിച്ചു.അതിനടുത്തെത്തിയപ്പോൾ ശക്തമായ രണ്ടു കരങ്ങൾ അയാളെ പിറകോട്ടു തള്ളിമാറ്റി ''അരുത് നീ ഇങ്ങോട്ട് കടക്കാറിയിട്ടില്ല.തിരിച്ചു പോ..,''ഉറച്ച ശബ്ദം അയാൾ തീരിച്ചറിഞ്ഞു. അച്ഛൻ....കൂടെ അമ്മയും. ഒരു നോക്കേ അയാൾ കണ്ടുള്ളൂ.
പതിന്മടങ്ങു വേഗതയിൽ അയാൾ പിറകോട്ടുകുതിക്കാൻ തുടങ്ങി.ഒരലർച്ചയോടെ അയാൾ ഗർത്തത്തിനു പുറത്തെത്തി.
അയാൾ കിതക്കാൻ തുടങ്ങി.അയാൾ വെള്ളം ചോദിച്ചു .നേഴ്സുമാരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം.പിന്നീടങ്ങോട്ട് അയാളുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടായി.മരുന്നുകളോട് ശരീരം പ്രതികരിച്ചു.ആരോഗ്യപ്രവർത്തകരുടെ സമർപ്പണ മനോഭാവവും പരിചരണവും അയാളുടെ വിധി മാറ്റി എഴുതി.
അയാളുടെ അഞ്ചാമത് പരിശോധനാ ഫലത്തിനായി ജില്ലയും സംസ്ഥാനവും കാത്തിരുന്നു.ചാനലുകളിൽ അയാളുടെ വാർത്തകളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട്.വിങ്ങിപ്പൊട്ടിയ മനസ്സുമായി രാജിയും ഒന്നുമറിയാതെ കളിചിരിയുമായി മോളും.ഇന്ന് ആ ഫലം വരും.അയാളുടെ മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ മുഴുവൻ പ്രതീക്ഷയാണത്.
അയാൾ പുറത്തെ കോലാഹലങ്ങളൊന്നു മറിഞ്ഞില്ല.അയാൾ ശാന്തനായിട്ടുണ്ട്.
അസ്വസ്ഥതകുറഞ്ഞു.ശ്വാസതടസ്സമില്ല.
ജീവിക്കാനുള്ള പ്രതീക്ഷകളിപ്പോൾ ആ കണ്ണുകളിലുണ്ട്.
''ടെസ്റ്റ്ഫലം നെഗറ്റീവാണ്'' അതയാളെ
അറിയിച്ചു കഴിഞ്ഞപ്പോൾ അയാളെ പരിചരിച്ച നേഴ്സുമാർ കണ്ണീരണിഞ്ഞു.അയാൾ അവരുടെ കൈകൾ നെഞ്ചോടു ചേർത്തു പൊട്ടിക്കരഞ്ഞു.
ചെന്നൈ ഇഗ്മോർ ഇതൊന്നുമറിയാതെ ലോക്ഡൗൺ മാറുന്നതും കാത്ത് കിടപ്പാണ്.
വീണ്ടുമൊരു യാത്രയ്ക്കായി.
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment