ഗ്ലാസ്സിലേക്ക് പകർന്ന blenders pride ൽ അയാൾ ഒരു കഷണം ഐസ്ക്യൂബ് കൂടി ഇട്ടു. ആ മഞ്ഞു കഷണം അതിൽ ലയിച്ച് ഇല്ലാതാവുന്നത് അയാൾ നിർവികാരമായി നോക്കിയിരുന്നു. ബാംഗ്ലൂരിലെ തിരക്കുപിടിച്ച പ്രവർത്തി ദിവസത്തിന് മനോരഞ്ജൻ വിരാമ മിടുന്നത് അങ്ങനെയാണ്
ഘടികാരത്തിൽ മണി പന്ത്രണ്ട് അടിച്ചു. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശിയടിച്ച കാറ്റ് അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ച് കടന്നുപോയി പോയി.
''എന്നാലും...അനില...''ആത്മഗതം മുഴുമിച്ചില്ല .
ഒരു സിപ്പ് എടുത്തതിനുശേഷം അയാൾ ഒരു ചാൻസലർ സിഗരറ്റ് ചുണ്ടോട് ചേർത്തു. വശ്യതയാർന്ന വിടർന്ന രണ്ട് കണ്ണുകൾ മാത്രം തന്നെ തുറിച്ചു നോക്കുന്നതായി അയാൾക്ക് തോന്നി. അയാൾ ആ കണ്ണുകളിൽ നോക്കിയിരുന്നു.ദേശീയ കോളേജിലെ 1993 ബികോം ബാച്ച് വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് തന്നെ കുറിച്ച് വന്ന കുത്തുവാക്കുകളും ശാന്തന്റെ പ്രണയഗാനവും അയാളെ മുപ്പത് വർഷം പിറകോട്ടു കൊണ്ടുപോയി...
വിക്രാനന്തപുരം ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റ് ആണ്. ഇനിയൊരു മൂന്നു നാല് ദിവസം സന്തോഷത്തിന്റെ ദിനങ്ങളാണ്.
മനോരഞ്ജൻ പതിവിലും നേരത്തെ അമ്പലത്തിലെത്തി .പ്രീഡിഗ്രി കഴിഞ്ഞ വെക്കേഷൻ കാലമാണ്. എസ്. കെ.സുരനവിടെ നേരത്തെ ഹാജരായിരുന്നു.
മനോരഞ്ജന്റെ വാക്കിൽ പറഞ്ഞാൽ വായി നോട്ടത്തിന് എം.ഏക്ക് പഠിക്കുന്നവൻ.
മനോ എത്തുമ്പോഴേക്കും വൈവ വരെ പാസായി നിൽക്കുകയായിരുന്നു സുരൻ. എന്നാലും താൻ വലിയ സുന്ദരനാണ് എന്നുള്ള അഹങ്കാരമൊന്നും സുരനിൽ ഇല്ല.
എന്നാൽ മനോ അങ്ങനെയല്ല തൻറെ സൗന്ദര്യത്തിന്റെ തന്നെ ആരാധകനാണ് അവൻ . അല്ലേലും അഹങ്കരിക്കുന്നതിൽ തെറ്റില്ല. പ്രേമാഭിഷേകത്തിലെ സാക്ഷാൽ കമലഹാസൻ വരെ ആ സൗന്ദര്യത്തിനു മുന്നിൽ തോറ്റു പോകും.
ദർശന സുഖം സ്പർശനസുഖം ഉത്സവ നാളുകൾ അങ്ങനെയാണ്. സുരൻ അവിടെയുള്ള പെൺനിരകളുടെ മുഴുവൻ ഫോട്ടോ എടുത്തു കഴിഞ്ഞു. പത്തു മുപ്പതു കൊല്ലം മുമ്പ് ആയതുകൊണ്ട് മൊബൈൽ ക്യാമറ ഒന്നുമില്ല. കണ്ണുകൊണ്ട് തന്നെയാണ് ഫോട്ടോ എടുപ്പ്.
''എടാ അവൾ എത്തിയിട്ടില്ല ...''സുരന്റെ വാക്കുകളിൽ നിരാശ.
മനോ യുടെ കണ്ണുകൾ ക്ഷേത്ര കവാടത്തിലേക്ക് തന്നെയാണ് . അവൻറെ ഹൃദയമിടിപ്പിന്റെ താളം മുറുകി. പ്രതീക്ഷയറ്റ് മനോനില കൈവിട്ടു പോകുമോ എന്നവൻ ഭയന്നു. ഇന്നലെ ഒരു പോള കണ്ണ് അടച്ചിട്ടില്ല .
ഈയൊരു ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
''ടാ സുരാ ...ദേ അവൾ..,''കവാടത്തിലേക്ക് ചൂണ്ടി മനോ വിളിച്ചുപറഞ്ഞു. അവൻറെ ശബ്ദം അമ്പലമുറ്റത്തെ പ്രകമ്പനം കൊള്ളിച്ചു.(തുടരും..)
-പ്രശാന്ത് കണ്ണോം-
ഒരു ചലനം ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷെ അതൊരു ചർച്ചയും ഉത്സവവുമായി മാറിയിരുന്നു എന്ന് ഈ കഥ വായിക്കാൻ തുടങ്ങുമ്പോഴാണ് മനസ്സിലാക്കുന്നത്. ബാക്ക് ബെഞ്ചിലെ അഞ്ചു പേരിൽ ഒരു വൻ മാത്രമായിരുന്നു അന്ന് ഞാൻ . ക്ലാസെന്ന പ്രകൃതിയുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുവാൻ എന്റെ പക്കൽ ഒരു മാധ്യമവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പിന്നെ ലഭിച്ച ആയുധം ഞാൻ ഒളിപ്പിച്ചു വെക്കുകയായിരുന്നു. പ്രശാന്ത് കഥ തുടരൂ...
ReplyDeleteചന്ദ്രാ നന്ദി.. താങ്കളുടെ വിലയിരുത്തലുകൾ കഥയിലുടനീളം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
ReplyDelete