Saturday, 25 September 2021

എന്റെ സ്കൂൾ


പച്ചപ്പരവതാനി പുതച്ചു കിടക്കുന്ന കുന്നിൻ ചെരുവിൽ ആകാശ കാഴ്ചകൾ കാണാൻ ശിരസ്സുയർത്തി നോക്കുന്ന കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ. വാത്സല്യവും സാന്ത്വനവുമേകിയ മാതൃവിദ്യാലയത്തിൻറ പടി കടന്നെത്തിയപ്പോൾ വല്ലാത്തൊരാനന്ദത്തിൽ ലയിച്ചു പോയി. അഞ്ചു മുതൽ 10 വരെ വരെ പഠിച്ച എൻറെ പ്രിയ വിദ്യാലയം.
എൻറെ മകൾ അഭിരാമിയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി ഇന്ന് വീണ്ടും ആ അക്ഷരമുറ്റത്തെത്തി.
ഒരു നിമിഷം മനസ്സ് 34 വർഷം പിറകോട്ട് പോയി.
അന്നുണ്ടായിരുന്ന ഓല ഷെഡ്ഡുകളും ഓടിട്ട ബിൽഡിങ്ങും ഇന്നില്ല . അവിടെയൊക്കെ കൂറ്റൻ കെട്ടിടങ്ങൾ പരസ്പരം നോക്കി നിൽക്കുന്നു .സ്കൂൾ മുറ്റത്തെ പുതിയ പൂമരങ്ങളും പൂച്ചെടികളും ഒരപരിചിതനെ കണ്ടതുപോലെ അത്ഭുതംകൂറി നോക്കുന്നു.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എൻറെ പ്രിയ വിദ്യാലയത്തിൽ മകളെ ചേർത്തു മടങ്ങുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി യിലായിരുന്നു.
-പ്രശാന്ത് കണ്ണോം-

No comments:

Post a Comment