Sunday 12 September 2021

പ്രേമം @ദേശീയ കോളേജ് ( കഥ)രണ്ടാം ഭാഗം



ഉദയ സൂര്യൻറെ ചെമ്പട്ട് കുപ്പായമണിഞ്ഞ് മരതകപ്പച്ച പട്ടുപാവാടയുമുടുത്ത് ക്ഷേത്ര കവാടത്തിൽ സർവ്വാഭരണ വിഭൂഷിതയായ ദേവിയെ പോലെ അവൾ അനില.
അവളുടെ രൂപലാവണ്യം മനോരഞ്ജൻ നിർന്നിമേഷനായി നോക്കി നിന്നു.

 എന്നാൽ മനോരഞ്ജൻറെ ആനന്ദം അധികനേരം നീണ്ടുനിന്നില്ല.
''എടാ നശിപ്പിച്ചു ആ പണ്ടാരം പിറകെ ഉണ്ട്''
മനോരഞ്ജൻറെ സമനില തെറ്റി.
അവളുടെ തൊട്ടുപുറകേ ഒരു നിഴലായി അവളുടെ അച്ഛൻ ഉണ്ടായിരുന്നു.
''ടാ വഴിയുണ്ടാക്കാം ''സുരൻ ആശ്വസിപ്പിച്ചു .
വെക്കേഷൻ തുടങ്ങിയതിനുശേഷം  ഇത് ആദ്യത്തെ കൂടിക്കാഴ്ചയാണ്. 

അച്ഛനോട് തൊട്ടുരുമ്മി കുണുങ്ങി ചിരിച്ചുകൊണ്ട്  അവൾ അമ്പലമുറ്റത്തേക്ക് നടന്നടുത്തു.
തൻറെ കഥാനായകനെ ആൾക്കൂട്ടത്തിനിടയിൽ അനില കണ്ടു .
അവളൊന്നു പുഞ്ചിരിച്ചു അമ്പലത്തിന കത്തേക്ക് കടന്നു പോയി.
''ടാ അവൾ നിന്നെ നോക്കിയാണോ ചിരിച്ചത്,''
സുരന്റെ കണ്ണുകളിലെ അഗ്നി മനോരഞ്ജൻ തിരിച്ചറിഞ്ഞു.
''ഏയ് നിൻറെ പ്രേമഭാജനം നിന്നോടല്ലാതെ ആരോട് ചിരിക്കാൻ'' സുരന്റെ മറുപടി ഒരു ചിരിയിൽ ലയിച്ചു.

അവൾക്ക് തന്നോടുള്ള  ഇഷ്ടം കൂടി വരാൻ വിക്രാനന്തപുരത്തെ സകല ദേവതമാരെയും മനോരഞ്ജൻ നൊന്തു വിളിച്ചു.ഭണ്ഡാരത്തിൽ കാണിക്കയിട്ടു തൊഴുതു. അനില ക്ഷേത്രത്തിനുള്ളിൽ നിന്നും തൊഴുതു ഇറങ്ങുന്നതുവരെയുള്ള സമയം  മനോരഞ്ജന് ഒരു യുഗം പോലെ തോന്നിച്ചു.പ്രണയിനിക്ക് നൽകാൻ തൻറെ മനസ്സ് പകർത്തിയ ഒരു കുറിപ്പടി മനോയുടെ പോക്കറ്റിൽ നിരാശയോടെ കിടന്നു.

തൊഴുത് ഇറങ്ങിയ അനില ഉന്മേഷ വതിയായിരുന്നു.
''ടാ ഓളുടെ അച്ഛനെ കാണാനില്ലല്ലോ..""
സുരൻ അത്ഭുതം കൂറി .
മനോ അറിയാതെ അവളുടെ അടുത്തേക്ക് നടന്നടുത്തു. ഒരു കാന്തിക തരംഗം അവളിലേക്ക്  തന്നെ വലിച്ചടുപ്പിക്കുന്നതായി അവൻ അറിഞ്ഞു.
'ടാ മനോ..ദേ അച്ഛൻ...''സുരൻ പരിഭ്രാന്തനായി.
മനോ ഞെട്ടി തിരിഞ്ഞു. അവന് പരിസരബോധം ഉണ്ടായി.
അനില അച്ഛനോടൊപ്പം തൊഴുതു മടങ്ങുന്നത് 
അവർ നിരാശയോടെ നോക്കി നിന്നു.

കോർട്ട് റോഡ് കോർണറിൽ കസിൻ ബ്രദേഴ്സ്കാത്തിരിപ്പുണ്ടായിരുന്നു. 
സുനീഷ്സിംഗറും സുനന്ദ് കാബ്രോയും.
താൻ വലിയ പാട്ടുകാരനാണ് എന്ന അഹങ്കാരമൊന്നും സുന്ദരനും സുമുഖനുമായ സുനീഷിനില്ല .
സംഗീതം പഠിക്കാൻ പോയിട്ടൊന്നുമില്ല.
മിമിക്രിക്കാർ പറയുന്നതുപോലെ ദാസേട്ടനൊപ്പം പാടിയിട്ടുണ്ട്. പാട്ട് റേഡിയോയിൽ വരുമ്പോൾ മാത്രം.
പ്രധാന പരിശീലനവേദി കക്കൂസും കുളിമുറിയും തന്നെ. പാട്ടുള്ളത് കൊണ്ട് കിളികൾ പിറകെ ഉണ്ടെന്നുള്ളത് സത്യമാണ്.  എന്നാൽ അധികമൊന്നും വെളിപ്പെടുത്താറില്ല.  ഹൃദയ സൂക്ഷിപ്പുകാർക്ക് വിവരങ്ങൾ അറിയാം. എന്തായാലും  നന്മയുള്ള മനസ്സാണ്.

ബോളിവുഡ് ലുക്കുള്ള സുനന്ദ് ക്ലാസിലെ ഹീറോയാണ്. പെൺകുട്ടികളും സ്ത്രീകളും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം ഈശ്വരൻ അറിഞ്ഞു കൊടുത്തതാണ്. ആയതിനാൽ എല്ലാവർക്കും അസൂയ തോന്നുന്നതിൽ അത്ഭുതമില്ല. എങ്കിലും അനില വീണില്ല എന്നുള്ളത് അതിശയമാണ്. അത് മനോ യുടെ ഇച്ഛാശക്തിയുടെ ഫലമായിരിക്കാം.

''എടാ  ഇന്നലെ വിക്രാനന്തപുരത്ത് ചില കൂട്ടിമുട്ടലുകൾ ഉണ്ടായിട്ടുണ്ട്''.. സുനീഷ്  സുരൻ പറഞ്ഞ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് സുനന്ദിനെ ധരിപ്പിച്ചു . 
''എന്നിട്ട് ഒന്നും നടന്നില്ലല്ലോ...,'' സുനന്ദിന്റെ വാക്കുകളിൽ പരിഹാസം.
''ടാ മഹാന്മാർ വരുന്നുണ്ട്,'' സുനീഷിന് ചിരിയടക്കാൻ കഴിഞ്ഞില്ല .
''അമ്പലത്തിൽ പോയി രണ്ടുപേരും ദേവിയെ കണ്ടോ..? നടന്നടുത്ത മനോയോടും സുരനോടും സുനന്ദിന്റെ ആക്കിയ ചോദ്യം.
''അവള് ആ കുരിശിനെയും കൊണ്ട് വരുമെന്ന്  ആരെങ്കിലും  കരുതിയോ" സുരന്റെ മറുപടി ദേഷ്യത്തോടെ ആയിരുന്നു.  മനോയുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.
''ടാ പ്രണയത്തിന് ചില നോക്കൊക്കെ ഉണ്ട് മോനേ..''പത്താം ക്ലാസ് അവധിക്കാല അനുഭവങ്ങൾ സുനന്ദ് ആദ്യമായി തുറന്നു പറഞ്ഞു.

ഈ സമയത്ത് മുത്ത് അവിടേക്ക് നടന്നു വന്നു.
ഇവൻ  അനിലയുടെ രക്ഷകനാണൊ..?അതോ..
(തുടരും..)

1 comment:

  1. കഥ നന്നായിട്ടുണ്ട് 👌👍🏻

    ReplyDelete