Tuesday, 21 March 2023

രക്ഷിതാക്കൾ എന്താ ഇങ്ങനെ..?



മംഗള ട്രെയിനിലെ മടക്കയാത്ര .ഞങ്ങൾ ആലുവയിൽ നിന്ന് കയറി . മാതൃഭൂമിയുടെ നൂറാം വാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന വഴി. പരാഗൻ വരയിലും ടി സി രാജീഷും കൂടെയുണ്ട്.

പുറത്തെ കൊടുംചൂടിൽ നിന്നും മംഗളയുടെ ശീതീകരിച്ച മുറി ഞങ്ങൾക്ക് ആശ്വാസമേകി. തലശ്ശേരിയിലെ ഒരു കുടുംബം ഞങ്ങളുടെ കമ്പാർട്ട്മെൻറിലുണ്ടായിരുന്നു.എറണാകുളത്തു നിന്നും കയറിയതായിരുന്നു.അച്ഛനും അമ്മയും രണ്ടു മക്കളും. ആൺകുട്ടി മൂന്നാം ക്ലാസിലും പെൺകുട്ടി ഏഴാം ക്ലാസിലും പഠിക്കുന്നു. കളിചിരികളും തമാശകളുമായി നല്ലൊരു കുടുംബം. നന്നായിട്ട് സംസാരിക്കുന്ന കുട്ടികൾ. പുതിയ തലമുറയുടെ മൊബൈൽ ഫോണിനോടുള്ള ആർത്തി ഈ കുട്ടികൾക്കും ഉണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും മൊബൈലുകൾ ഈ കുട്ടികളുടെ കൈകളിൽ തന്നെയായിരുന്നു.കുട്ടികൾ രക്ഷിതാക്കളുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ് എന്ന് മനസ്സിലായി.

മംഗള ദൂരങ്ങൾ താണ്ടി വളരെ പെട്ടെന്നാണ് തലശ്ശേരിയിൽ എത്തിയത് . ഞങ്ങളോട് യാത്രാമൊഴി പറഞ്ഞ് ആ കുടുംബം ധൃതിപ്പെട്ട് സ്റ്റേഷനിൽ ഇറങ്ങി. എന്നാൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഈ പെൺകുട്ടി മാത്രം ട്രെയിനിലേക്ക് ഓടികയറി വന്നു. ''അങ്കിളേ എന്റെ ചെരിപ്പ്...'' അവളിരുന്ന സീറ്റിനടിയിൽ നിന്നും ചെരുപ്പ് വലിച്ചെടുത്തു കഴിയുമ്പോഴേക്കും ട്രെയിൻ പുറപ്പെടാനുള്ള വിസിൽ മുഴങ്ങിയിരുന്നു. ഞങ്ങളും എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു പോയി. പെൺകുട്ടിക്കും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല. പെൺകുട്ടിയെയും കൊണ്ട് ഡോറിനടുത്ത് എത്തുമ്പോഴേക്കും
ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങിയിരുന്നു.
അവൾ പ്ലാറ്റ്ഫോമിലേക്ക് പതുക്കെ ചാടിയിറങ്ങി. ബാലൻസ് പോയി പ്ലാറ്റ്ഫോമിൽ വീണു. ഈ രംഗം കണ്ട് കുട്ടിയുടെ രക്ഷിതാക്കൾ പൊട്ടിച്ചിരിച്ചു. ഞങ്ങൾ പേടിച്ചുപോയി... ഈ രക്ഷിതാക്കൾ എന്താ ഇങ്ങിനെ..?

Friday, 17 March 2023

നൂറിന്റെ നിറവിൽ



അറിവിൻ അക്ഷരാന്നമാവോളമേകിയ
അക്ഷരമുത്തശ്ശീ നിൻ പാദം നമിക്കുന്നു
അശരണർക്കാശ്വാസമായ് വിശ്വാസമായ്
അജ്ഞത നീക്കി നീ വിജ്ഞാന ദീപമായി
നൂറിന്റെ നിറവിലീ കാലത്തെ വെല്ലുമ്പോൾ
നൂതനകാലവും നിന്നിലൽത്ഭുതം കൂറുന്നു
നൂറ്റാണ്ടുകൾ നീണ്ട ത്യാഗ പോരാട്ടങ്ങളാൽ
നൂറു നൂറായിരം വാർത്തകൾ തീർത്തു നീ
മലയാള ഭാഷതൻ  ശുദ്ധിയാൽ ശക്തിയാൽ
മമനാടിൻ ചിത്രവും ചരിത്രവും ചാർത്തി നീ
'മാതൃഭൂമി' യാം ഈ അക്ഷരമുത്തശ്ശിയെ
മലയാളനാടെന്നും നെഞ്ചോടു ചേർത്തിടും.

-പ്രശാന്ത് കണ്ണോം -


Monday, 26 December 2022

ആനന്ദതീർത്ഥൻ



ആനന്ദതീർത്ഥൻ തൻ പാദപത്മങ്ങളിൽ
ആനന്ദ കണ്ണീരാലെന്നർച്ചന
ആർത്തരെ കാത്തിടുമാശ്വാസമേകിടും
ആനന്ദ ചിത്തരായ് മാറ്റിടും നീ.
ആപത്തു നീക്കിയനുഗ്രഹമേകിടും
ആനന്ദതീർത്ഥം തളിച്ചിടും നീ.
ആശ്രമ ഭൂമിയിൽ ആതിഥ്യമേകി നീ
ആലംബഹീനരെയന്നമൂട്ടി
ആശകളേകി നീ വിശ്വാസമേകി നീ
ആനന്ദമേകുന്ന വിദ്യകളും
ആജാതി ഈജാതി വ്യത്യാസമില്ലാതെ
ആളുകൾക്കാവോളം സ്നേഹമേകി
ആനന്ദരൂപിയാം നാരായണശിഷ്യൻ
ആശ്രിതർക്കാനന്ദമേകിടുന്നു
ആദിത്യനുള്ളോരു കാലംവരേയും നിൻ
ആനന്ദ ലീലകൾ പാടിവാഴ്ത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 20 December 2022



ഒരു യുഗപുരുഷന്റെ അവതാര ദൗത്യം പരിപൂർണ്ണതയിലേക്ക് എത്തിയ നിമിഷം.
ഈ രാവിൽ ഒരു നിമിഷം ലോകം വിസ്മയിച്ചു നിന്നു. കാൽപ്പന്തുകളിയുടെ വശ്യ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ആദ്യപാതിയിൽ
എതിരാളികൾക്ക് ഒരു കുഞ്ഞു പന്തനക്കത്തിന് അവസരം കൊടുക്കാതെ മുൾമുനയിൽ നിർത്തിയ മിശിഹയുടെ പട.
പന്തമ്പുകൾ തൊടുത്ത് അവരുടെ ചങ്കിടിപ്പിന്റെ ആക്കം കൂട്ടിയ മിശിഹ....
ഈ വിജയം നിനക്ക് അവകാശപ്പെട്ടത്.
നീയും നിന്റെ ചങ്കായി ചേർന്ന യുവതയും
ലോകത്തിനേകിയ ഈ പോരാട്ട വീര്യം
ഒരു കനൽ തരിയായി ഞങ്ങൾ ഏറ്റെടുക്കട്ടെ.
മെസ്സി നിനക്കു മുന്നിൽ നമിക്കട്ടെ ഈ ലോകം..
-പ്രശാന്ത് കണ്ണോം-





Thursday, 8 September 2022




അമ്മയുടെ സ്നേഹ സാന്നിധ്യം ഇല്ലാത്ത ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഓണം.
ആ കനിവും സ്നേഹ പരിലാളനകളുമേറ്റ് 
എത്രയെത്ര ഓണങ്ങൾ.കുത്തരിച്ചോറും പായസവും   സാമ്പാറും അവയിലും കൂട്ടുകറിയും പച്ചടിയും തോരനും ... അങ്ങിനെ അമ്മ ഓണത്തിന് വെച്ച് വിളമ്പിയ വിഭവങ്ങൾ എത്ര.. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളെല്ലാവരും 
അമ്മയോടൊപ്പം ഒത്തുചേരാറുണ്ട്. ആ മാതൃവാത്സല്യം ഏറെ അനുഭവിച്ചിട്ടുണ്ട്.
ആ നല്ല ഓർമ്മകൾക്ക് മുന്നിൽ 
പ്രണമിച്ചുകൊണ്ട്
ഏവർക്കും ഓണാശംസകൾ
പ്രശാന്ത് കണ്ണോം