Saturday, 23 March 2019

ഓന്റെ പറശ്ശിനി ബസ്സ്

പറശ്ശിനി ബസ്സ് മുന്നിലോടി പിറകേ നൂർജ്ജഹാൻ ബസ്സ്  അതിനും പിറകെ നമ്പാടൻ ബസ്സും ഭയംകര വാശീലാ ഓട്ടം.പറശ്ശിനിയെ തോൽപ്പിക്കാൻ ഓനാരേയും വിടില്ല.എന്നാൽ എതിർഭാഗത്തു നിന്നും ബെല്ലും ബ്രേക്കുമില്ലാതെ ചീറീ വന്ന സുപ്രിയ പറശ്ശിനിയെ ഇടിച്ചു തെറിപ്പിച്ചു.തെറിച്ചു വയലിലേക്കു വീണ പറശ്ശിനിയെ ഓൻ സംകടത്തോടെ നോക്കി നിന്നു.വീണിടത്തു നിന്നും അത് ഉരുണ്ടുരുണ്ടു പോയി.ഓനാണ് ഓടിച്ചതെംകിലും ഓന് പരിക്കൊന്നും പറ്റീല എന്നാ സുപ്രിയ ഓടിച്ച ബാബുവാകട്ടെ മുട്ടിടിച്ചു വീണു,ചോരപൊടിഞ്ഞു.

സ്കൂളു പൂട്ടിക്കഴിഞ്ഞാൽ ഓനും കൂട്ടുകാരും  ഒരുപാട് ബസ്സിറക്കും നല്ല ഇരുമ്പ് കമ്പി വളച്ചെടുത്ത്  വളയ ബസ്സുകൾ .ഇവ ഓടിക്കാൻ കുടക്കമ്പി വളച്ച് ഒരു സ്റ്റിക്കും.പീടികയിൽ പോകാനും മീൻ വാങ്ങാൻ പോകുമ്പോഴും വളയ ബസ്സോടിച്ചു പോകാൻ എന്തുത്സാഹമാണെന്നോ.ഓന്റെ ബസ്സിന്റെ പേര് പറശ്ശിനി.കൂട്ടുകാർക്കെല്ലാം വളയബസ്സുണ്ട്.

ഓൻ മെല്ലെ ബാബുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.മുട്ടീന്ന് നന്നായി  ചോര ഒലിക്കുന്നു.ബാബു നിലവിളിക്കാൻ തുടങ്ങി.

ഈ രംഗം നേരിട്ടു കണ്ട നാരാണേച്ചി തൽസമയ റിപ്പോർട്ട് ലൈവായി ബാബൂന്റെ വീട്ടിലെത്തിച്ചു. നൂർജ്ജഹാൻ ഡ്രൈവർ സതീശനും നമ്പാടൻ ഡ്രൈവർ അനിയും കഥകളിറക്കി.ഓനാകെ പെട്ടു

ബാബൂന്റമ്മേടെ വക ചീത്ത ഏട്ടന്റെ വക ഒരു ടച്ചിംഗ് ചെവി പിടുത്തം.ഓ ഒരു വിധത്തിലവൻ വയലിൽ വീണു കിടക്കുന്ന പറശ്ശിനി ബസ്സുമെടുത്ത് അവിടുന്ന് തടി തപ്പി.വീട്ടിലെത്തിയപ്പോൾ ഇരുട്ടിയിരുന്നു.

''എവിടെയായിരുന്നെടാ ഇത്ര നേരം''വരാന്തയിൽ അച്ഛന്റെ ശബ്ദം ഉച്ചത്തിലായി.നാരാണേച്ചിയുടെ ലൈവ് വാർത്ത ഓന്റെ വീട്ടിലു മെത്തിയിരുന്നു.

''നീയാ ബാബുച്ചെക്കനെ ഇടിച്ചിട്ടു അല്ലേ..നിന്റെയൊരു ബസ്സും കളീം അടുത്ത കൊല്ലം ഹൈസ്കൂളീൽ പോണ്ട ചെക്കനാ'' അച്ഛൻ  രണ്ടു പൊട്ടിച്ച്  ഓന്റെ കയ്യീന്ന്  വളയം പിടിച്ചു വാങ്ങി അടുക്കള പുറത്തെ കിണറിലെറിഞ്ഞു.

''ഗ്ളും..ഗ്ളും..'' തന്റെ പറശ്ശിനി ബസ്സ് വെള്ളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന ശബ്ദം ഓന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു...ഓൻ ഏങ്ങലടക്കാൻ പാടുപെട്ടു....

തന്റെ പുതിയ ഫോർഡ് കാറിലിരുന്ന് ഓൻ ആ പഴയ ഓർമ്മകൾ അയവിറക്കി..

-പ്രശാന്ത് കണ്ണോം-





Wednesday, 20 March 2019

സി.ഐ.സിബി തോമസ്

22.03.2019

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സി.ഐ.ഓഫ് പോലീസ് സിബി തോമസ്സുമൊത്ത് ഒരു ട്രൈൻ യാത്ര.

ആദ്യ ചിത്രം കൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് സി.ഐ.സിബിതോമസ്. തന്റെ ജീവിതത്തിലെ വേഷം തന്നെ അഭ്രപാളികളിലേക്ക് പകർത്താൻ ഭാഗ്യം സിദ്ധിച്ച പ്രതിഭ.ഒരു എസ്.ഐ യുടെ ഔദ്യോഗിക കർത്തവ്യത്തിനിടയിൽ വന്നു ചേരുന്ന സംഭവ വികാസങ്ങളെ അനായാസമായി അവതരിപ്പിക്കാൻ സിബി തോമസ്സിനു സാധിച്ചു.കള്ളനായി അരങ്ങു തകർത്ത ഫഹദിനോടൊപ്പം പ്രേക്ഷകരുടെ കയ്യടിനേടാൻ സിബി തോമസ്സിനായി.കാമുകി,ഒരു കുപ്രസിദ്ധ പയ്യൻ  തുടങ്ങി ഏറെ സിനിമകളിൽ സാന്നിദ്ധ്യമറിയിച്ച സിബി തോമസ്സ് മലയാള സിനിമയിൽ ഒരു വാഗ്ദാനമാകുമെന്നതിൽ യാതൊരു സംശയവുമില്ല.തിരക്കഥാകൃത്തുക്കളും സംവിധായകരും വിനയവും ലാളിത്യവുമുള്ള ഈ കലാകാരന് നല്ല അവസരങ്ങൾ നൽകട്ടെ.സിബി തോമസ്സിന് എല്ലാ ഭാവുകങ്ങളും നേരുന്നു.                                              -പ്രശാന്ത് കണ്ണോം-


Friday, 15 March 2019

ദാസ് പോയ വഴിയിൽ

ഇരുണ്ട ഗുഹയിലൂടെ അയാളെ ആരോ അതിവേഗം പിറകോട്ടു വലിച്ചു കൊണ്ടു പോകുന്നു.പരിസരം അയാൾക്കു വ്യക്തമല്ല.ഗുഹയുടെ ഇരുവശത്തും ഇടവിട്ട് പന്തം കൊളുത്തിയ പ്രകാശം മിന്നിമറയുന്നു.

അച്ഛൻ,ഇളയച്ഛൻ അപ്പൂപ്പൻ,ചില സുഹൃത്തുക്കൾ ഇവർ പിറുപിറുത്തുകൊണ്ട് ചുറ്റുമുണ്ട്.പിറകോട്ടുള്ള വലിയുടെ ശക്തി കൂടി ഒടുവിൽ അയാൾ ഏതോ അഗാധതയിലേക്ക് വലിച്ചറിയപ്പെട്ടു.

അയാൾ മെല്ല കണ്ണു തുറന്നു.ചുറ്റും പച്ചപ്പ്.പൂക്കളും പൂത്തുമ്പികളും വർണ്ണ വിസ്മയമൊരുക്കുന്ന ഹരിതാഭമായ ഒരിടം.വല്ലാത്തൊരു ശാന്തത അയാൾ അനുഭവിച്ചു.ഇതെവിടം ..? ഇത്രയും മനോഹരമായിടത്ത് ആദ്യമാണ്.എന്തൊരാനന്ദം അവിടം വിട്ടു പോകാതിരിക്കാൻ അയാളാഗ്രഹിച്ചു.

ആ നിമിഷം ആരോ അതിശക്തമായി അയാളെ മുന്നോട്ടു തള്ളി.അതിവേഗത്തിൽ അയാൾ ഗുഹയിലൂടെ മുന്നോട്ടു കുതിക്കാൻ തുടങ്ങി.

'ചെക്കൻ ഈട കഴിഞ്ഞോട്ടായിരുന്നു.''ഇളയച്ഛന്റെ ശബ്ദം.

''ആയിട്ടില്ല അവൻ ഇവിടെ കൂടാനായിട്ടില്ല''.അച്ഛന്റെ വിറയാർന്ന ശബ്ദവും അയാൾ കേട്ടു.പൊടുന്നനെ അയാൾ മുന്നോട്ടേക്ക് അതിശക്തമായി വലിച്ചെറിയപ്പെട്ടു.

അയാൾ മെല്ലെ കണ്ണു തുറക്കാൻ ശ്രമിച്ചു.ഒന്നും വ്യക്തമല്ല.മഞ്ഞു മൂടിയപോലെ ചില നിഴൽ ചിത്രങ്ങൾ അയാൾ കണ്ടു.

താൻ കിടക്കുകയാണ്.തന്റെ മൂക്കിൽ നിന്നും മുകളിലേക്ക് ഒരു നൂൽ വള്ളി.ചിത്രങ്ങൾ കുറച്ചു കൂടിവ്യക്തം. അയാൾ കിടക്കുന്നതിന്റെ തൊട്ടടുത്ത ബെഡ്ഡിൽ ഒരു സ്ത്രീ ഞരങ്ങുന്നു.

''മോൻ ഏട്യാ''.ആ സ്ത്രീ അയാളെ ദയനീയമായി നോക്കി.അയാൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.

മൂക്കിലെ വള്ളി അയാൾ പറിച്ചുകളഞ്ഞു.മെല്ലെ എഴുന്നേറ്റു ചമ്രം പടിഞ്ഞിരുന്നു.

''ദാസ് നീ''  മുറിയിലേക്കു വന്ന ഡോ:രാജീവ് ഈ കാഴ്ച കണ്ടു സ്തബ്ധനായി നിന്നു.

അയാൾ ഡോക്ടറെ തുറിച്ചു നോക്കി.ഡോക്ടർ രാജീവിന്റെ കയ്യിൽ നിന്നും അയാളുടെ ഡത്ത് റിപ്പോർട്ടെഴുതിയ മഞ്ഞപ്പേപ്പർ താഴെ വീണു പറന്നു.

''ഓ ഗോഡ് ...'' ഡോക്ടറുടെ വിളി ആ ഐ സി യൂണിറ്റിനെ പ്രകമ്പനം കൊള്ളിച്ചു.

-പ്രശാന്ത് കണ്ണോം-



പലഹാരപ്പാട്ട്- ഇലയട

ഇലയടയുണ്ടേ കുട്ടികളേ 

തേങ്ങ നിറച്ചൊരു നല്ലയട

മധുരം പകരാൻ ശർക്കരയും

ചൂടാറാതെ തിന്നാൻ വാ .

-പ്രശാന്ത് കണ്ണോം-

Sunday, 10 March 2019

പലഹാരപ്പാട്ട് -ഉപ്പുമാവ്

ഉപ്പുമാവുണ്ടേ വന്നോളൂ

ഗോതമ്പത്തരിയുപ്പുമാവ്

ഉപ്പുമാവിന്ന്  സ്വാദേകാൻ 

കറിവേപ്പിലയുടെ കൂട്ടുണ്ടേ.

-പ്രശാന്ത് കണ്ണോം-


Friday, 8 March 2019

പ്രിയപ്പെട്ടവൾ

അവളെങ്ങിനെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായതെന്ന് അവന് പോലുമറിയില്ല.കഴിഞ്ഞ രണ്ടു വർഷമായി ഈ ബന്ധം തുടങ്ങിയിട്ട്.വീട്ടുകാർക്കും നാട്ടുകാർക്കുമേല്ലാമറിയുന്ന പച്ച യാഥാർത്ഥ്യം.ആരും എതിർത്തില്ല.

ഓഫീസിൽ നിന്നും ഇറങ്ങി റെയിൽവേസ്റ്റഷനിൽ അവൾക്കായി കാത്തിരിക്കും.ദിവസവും ഒന്നിച്ചുള്ള മടക്കയാത്ര ചേർന്നിരുന്നും കിന്നാരം പറഞ്ഞും ഉള്ള ആ യാത്രയുടെ ത്രിൽ പറഞ്ഞറിയിക്കാൻ വയ്യ.

ആദ്യമൊക്കെ അങ്ങിനെയൊരു യാത്ര അവന് അത്ര ഇഷ്ടമല്ലായിരുന്നു.അവളുടെ  രീതികളുമായി പൊരുത്തപ്പെട്ടപ്പോൾ വേർപിരിയാൻ പറ്റാത്ത ഒരിഷ്ടമായത് മാറി.അവളോടുത്തുള്ള യാത്ര അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

കാണാൻ ഒരാവറേജാ അവൾ .കൃത്യനിഷ്ടതയുടെ കാര്യത്തിലും പിറകിലാ.പക്ഷേ പരോപകാരിയാണ്.ന്യൂജൻ പിള്ളേരെപ്പോലെ ഇത്തിരി ചാട്ടം കൂടുതലാ.ഒരു ചൂളം വിളിയിലാ അവനെ വിഴ്ത്തിയത്.

ഓരോന്നോർത്തിരുന്നു നേരം പോയതവനറിഞ്ഞില്ല.അവളെ കാണുന്നില്ലല്ലോ. അരമണിക്കൂറിലധികമായിറെയിൽവേ സ്റ്റേഷനിലെ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്.അവന്റെ നെഞ്ചിടിപ്പ് കൂടി.സന്ധ്യയായി സമയം ആറരയോടടുത്തു.ഇന്നവൾക്കെന്തു പറ്റി..?ദൈവമേ...അവന്റെ മനസ്സ് നീറി

''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  എറണാകുളം ജംഗ്ഷനിൽ നിന്നും നിസ്സാമുദ്ദീൻ വരെ പോകുന്ന മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ചില സാംകേതിക കാരണങ്ങളാൽ രണ്ട് മണിക്കൂർ  വൈകി ഓടിക്കൊണ്ടിരിക്കുന്നു.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.'' 

റെയിൽവേ ഉച്ച ഭാഷിണിയിലൂടെ ഈ കുയിൽ നാദം കേട്ട അവൻ തളർന്നിരുന്നു.തന്റെ പ്രിയപ്പെട്ടവൾ 'മംഗള' രണ്ടു മണിക്കൂർ വൈകിയേ എത്തൂ.ഏറെ വിഷമത്തോടെ ഒന്നും ഉരിയാടാതെ അവൻ തല കുനിച്ച് അവൾക്കായുള്ള കാത്തിരിപ്പ് തുടർന്നു.

-പ്രശാന്ത് കണ്ണോം-

എന്റെ കുളവയൽ

ഇത് കുള വയൽ.കൊയ്ത്തു കഴിഞ്ഞാൽ കാൽപ്പന്തു കളിയുടെ ആരവമുയർന്നിരുന്ന ഞങ്ങളുടെ  സ്റ്റേഡിയം.

കൊട്ടിലഹൈസ്കൂളിൽ പഠിച്ചിരുന്ന കാലം.മദ്ധ്യ വേനലവധിക്കാല സായാഹ്നങ്ങൾഅടിച്ചു തിമർത്തിരുന്ന നെൽപാടങ്ങൾ.കടുത്തവരൾച്ചയിൽ വിണ്ടുകീറി ഒരിറ്റു ദാഹജലത്തിനായ്  യാചിക്കുന്നതായി അവനു തോന്നി.

ബാബൂംമധൂംപ്രകാശനും സതീശനുംകൂട്ടുകാരൊക്കെ പലയിടങ്ങളിലായി.മഴക്കാലമായാൽ കൂട്ടുകാരത്ത് മീനുകളും നീർക്കോലികളും പുളയ്ക്കുന്ന പാടത്തിറങ്ങി മീൻ വേട്ട നടത്തും.നീർക്കോലി പാമ്പിനെ അവനു ഭയംകര പേടിയാണ്.

കുടക്കമ്പി കൊണ്ടുള്ള അമ്പുംവില്ലും സൂചിക്കമ്പിയും ചൂണ്ടലും തോർത്ത് വലയും എന്തെല്ലാം ആയുധങ്ങൾ.ചളിവെള്ളത്തിൽ വീണ് നനഞ്ഞൊട്ടി കയറിച്ചെല്ലുമ്പോൾ അച്ഛന്റെ കയ്യീന്ന് വാങ്ങിക്കൂട്ടിയ അടിയുടെവേദന ഓർക്കുമ്പോളിപ്പോഴുമുണ്ട്.

ആ കാലം ആനന്ദത്തിന്റേതായിരുന്നു.ഇന്നത്തെ കുട്ടികൾക്ക് അന്യമായത്.അവൻ കുളവയൽ പാടത്ത് ഓരോന്നോർത്തിരുന്നു.

കാലിൽ ഒരു നനുനനുപ്പ് അവനൊന്നേ നോക്കിയുള്ളൂ.''അയ്യോ!! അമ്മേ നീർക്കോലി'' അവൻ ജീവനും കൊണ്ടോടി.ആ പഴയ ഉശിരുള്ള ഓട്ടം.

-പ്രശാന്ത് കണ്ണോം-

പലഹാരപ്പാട്ട്-കൊഴുക്കട്ട

അമ്മ പുഴുങ്ങീ കൊഴുക്കട്ട
അമ്പോ! എന്തോരു സ്വാദാണ്
അഞ്ചാറെണ്ണം തിന്നാലേ
അമ്മുവിനെന്നും മതിയാകൂ.
-പ്രശാന്ത് കണ്ണോം-

Thursday, 7 March 2019

പലഹാരപ്പാട്ട്-പൊറോട്ട

പൊറോട്ടയുണ്ടേ കുട്ടികളേ
പെട്ടെന്നോടിപ്പോന്നോളൂ
മുട്ടക്കറിയും കൂട്ടീട്ട്
കേട്ടോ അധികം തിന്നല്ലേ.
-പ്രശാന്ത് കണ്ണോം-




Wednesday, 6 March 2019

പലഹാരപ്പാട്ട്- ചപ്പാത്തി

ചപ്പാത്തിയുണ്ടേ പോരുന്നോ
ചങ്ങാതികളേ മടിയാതേ
ചിക്കൻ കറിയും റെഡിയാണേ
ചൂടാറാതേ തിന്നാൻ വാ.
-പ്രശാന്ത് കണ്ണോം-


Tuesday, 5 March 2019

പലഹാരപ്പാട്ട്-പുട്ട്

കുറ്റി നിറച്ചും പുട്ട് ചുട്ടേ
കുത്തരി കൊണ്ടുള്ള പുട്ട്
കുഞ്ഞിക്കടല കറിയും കൂട്ടി
കുട്ടികളെല്ലാരും പുട്ടുതിന്നേ.
-പ്രശാന്ത് കണ്ണോം-



Monday, 4 March 2019

പലഹാരപ്പാട്ട്- വട

വടയും ചുട്ടു വരുന്നുണ്ടേ
വടുവശ്ശേരീയമ്മൂമ്മ
വടയുടെ കൂടെ കൂട്ടാനായ്
വടുവപ്പുളിയുടെ ചമ്മന്തി
-പ്രശാന്ത് കണ്ണോം-

Saturday, 2 March 2019

പലഹാരപ്പാട്ട്- ഇഡലി

ഇഡലി കഴിക്കാനെന്തു രസം
സാമ്പാറുണ്ടേൽ ബഹുകേമം
ഇഡലീം തേങ്ങച്ചട്ടിണിയും
സ്വാദോടൊത്ത് കഴിക്കാൻ വാ
-പ്രശാന്ത് കണ്ണോം-

വിശ്വശാന്തിക്കായ് പരിശ്രമിക്കാം

''ഇളം കാറ്റിനും ഉഷ്ണമാണ്.''
ചില്ലയിളക്കി ചെറുമരങ്ങൾ അടക്കം പറയുന്നു.ശിശിരകാല മദ്ധ്യാന്നങ്ങളിൽ
പക്ഷിമൃഗാദികൾ നീർതേടിയലയുന്നു.
പകലോൻ പൊൻപ്രഭയിൽ അജയ്യനായി
ചിരിക്കുന്നു.ഭൂമി മാതാവ് മക്കളെ നെഞ്ചോടു ചേത്തുപിടിച്ചു കേഴുന്നു.മനുഷ്യ മക്കൾ പരസ്പരം പോരടിക്കുന്നത് ആ അമ്മനിസ്സഹായതയോടെനോക്കിനിൽക്കുന്നു.നാമെല്ലാം ആ അമ്മയുടെ കുഞ്ഞോമനകൾനാം പോരടിക്കരുത്.യുദ്ധം വേണ്ടേ വേണ്ട.വരും തലമുറയെ ഓർത്തെംകിലും നാംസമാധാനത്തിനായി ശ്രമിക്കണം.അമ്മയുടെ മാറിടം പിളർക്കരുത്.അരുത്...യുദ്ധം ഒരു പരിഹാരമല്ല.യുദ്ധം നാശം വിതക്കും.
യുദ്ധമില്ലാത്ത കാലത്തിനായ് ആശിക്കാം.
വിശ്വശാന്തിക്കായ് പരിശ്രമിക്കാം.

Friday, 1 March 2019

പലഹാരപ്പാട്ട്- ദോശ

കേശു ചുട്ട ദോശ
ദോശ നല്ല ദോശ
കാശിനെട്ടു ദോശ
ദോശ തിന്നാനാശ
-പ്രശാന്ത് കണ്ണോം-