ഇരുണ്ട ഗുഹയിലൂടെ അയാളെ ആരോ അതിവേഗം പിറകോട്ടു വലിച്ചു കൊണ്ടു പോകുന്നു.പരിസരം അയാൾക്കു വ്യക്തമല്ല.ഗുഹയുടെ ഇരുവശത്തും ഇടവിട്ട് പന്തം കൊളുത്തിയ പ്രകാശം മിന്നിമറയുന്നു.
അച്ഛൻ,ഇളയച്ഛൻ അപ്പൂപ്പൻ,ചില സുഹൃത്തുക്കൾ ഇവർ പിറുപിറുത്തുകൊണ്ട് ചുറ്റുമുണ്ട്.പിറകോട്ടുള്ള വലിയുടെ ശക്തി കൂടി ഒടുവിൽ അയാൾ ഏതോ അഗാധതയിലേക്ക് വലിച്ചറിയപ്പെട്ടു.
അയാൾ മെല്ല കണ്ണു തുറന്നു.ചുറ്റും പച്ചപ്പ്.പൂക്കളും പൂത്തുമ്പികളും വർണ്ണ വിസ്മയമൊരുക്കുന്ന ഹരിതാഭമായ ഒരിടം.വല്ലാത്തൊരു ശാന്തത അയാൾ അനുഭവിച്ചു.ഇതെവിടം ..? ഇത്രയും മനോഹരമായിടത്ത് ആദ്യമാണ്.എന്തൊരാനന്ദം അവിടം വിട്ടു പോകാതിരിക്കാൻ അയാളാഗ്രഹിച്ചു.
ആ നിമിഷം ആരോ അതിശക്തമായി അയാളെ മുന്നോട്ടു തള്ളി.അതിവേഗത്തിൽ അയാൾ ഗുഹയിലൂടെ മുന്നോട്ടു കുതിക്കാൻ തുടങ്ങി.
'ചെക്കൻ ഈട കഴിഞ്ഞോട്ടായിരുന്നു.''ഇളയച്ഛന്റെ ശബ്ദം.
''ആയിട്ടില്ല അവൻ ഇവിടെ കൂടാനായിട്ടില്ല''.അച്ഛന്റെ വിറയാർന്ന ശബ്ദവും അയാൾ കേട്ടു.പൊടുന്നനെ അയാൾ മുന്നോട്ടേക്ക് അതിശക്തമായി വലിച്ചെറിയപ്പെട്ടു.
അയാൾ മെല്ലെ കണ്ണു തുറക്കാൻ ശ്രമിച്ചു.ഒന്നും വ്യക്തമല്ല.മഞ്ഞു മൂടിയപോലെ ചില നിഴൽ ചിത്രങ്ങൾ അയാൾ കണ്ടു.
താൻ കിടക്കുകയാണ്.തന്റെ മൂക്കിൽ നിന്നും മുകളിലേക്ക് ഒരു നൂൽ വള്ളി.ചിത്രങ്ങൾ കുറച്ചു കൂടിവ്യക്തം. അയാൾ കിടക്കുന്നതിന്റെ തൊട്ടടുത്ത ബെഡ്ഡിൽ ഒരു സ്ത്രീ ഞരങ്ങുന്നു.
''മോൻ ഏട്യാ''.ആ സ്ത്രീ അയാളെ ദയനീയമായി നോക്കി.അയാൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
മൂക്കിലെ വള്ളി അയാൾ പറിച്ചുകളഞ്ഞു.മെല്ലെ എഴുന്നേറ്റു ചമ്രം പടിഞ്ഞിരുന്നു.
''ദാസ് നീ'' മുറിയിലേക്കു വന്ന ഡോ:രാജീവ് ഈ കാഴ്ച കണ്ടു സ്തബ്ധനായി നിന്നു.
അയാൾ ഡോക്ടറെ തുറിച്ചു നോക്കി.ഡോക്ടർ രാജീവിന്റെ കയ്യിൽ നിന്നും അയാളുടെ ഡത്ത് റിപ്പോർട്ടെഴുതിയ മഞ്ഞപ്പേപ്പർ താഴെ വീണു പറന്നു.
''ഓ ഗോഡ് ...'' ഡോക്ടറുടെ വിളി ആ ഐ സി യൂണിറ്റിനെ പ്രകമ്പനം കൊള്ളിച്ചു.
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment