Friday, 8 March 2019

പ്രിയപ്പെട്ടവൾ

അവളെങ്ങിനെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായതെന്ന് അവന് പോലുമറിയില്ല.കഴിഞ്ഞ രണ്ടു വർഷമായി ഈ ബന്ധം തുടങ്ങിയിട്ട്.വീട്ടുകാർക്കും നാട്ടുകാർക്കുമേല്ലാമറിയുന്ന പച്ച യാഥാർത്ഥ്യം.ആരും എതിർത്തില്ല.

ഓഫീസിൽ നിന്നും ഇറങ്ങി റെയിൽവേസ്റ്റഷനിൽ അവൾക്കായി കാത്തിരിക്കും.ദിവസവും ഒന്നിച്ചുള്ള മടക്കയാത്ര ചേർന്നിരുന്നും കിന്നാരം പറഞ്ഞും ഉള്ള ആ യാത്രയുടെ ത്രിൽ പറഞ്ഞറിയിക്കാൻ വയ്യ.

ആദ്യമൊക്കെ അങ്ങിനെയൊരു യാത്ര അവന് അത്ര ഇഷ്ടമല്ലായിരുന്നു.അവളുടെ  രീതികളുമായി പൊരുത്തപ്പെട്ടപ്പോൾ വേർപിരിയാൻ പറ്റാത്ത ഒരിഷ്ടമായത് മാറി.അവളോടുത്തുള്ള യാത്ര അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

കാണാൻ ഒരാവറേജാ അവൾ .കൃത്യനിഷ്ടതയുടെ കാര്യത്തിലും പിറകിലാ.പക്ഷേ പരോപകാരിയാണ്.ന്യൂജൻ പിള്ളേരെപ്പോലെ ഇത്തിരി ചാട്ടം കൂടുതലാ.ഒരു ചൂളം വിളിയിലാ അവനെ വിഴ്ത്തിയത്.

ഓരോന്നോർത്തിരുന്നു നേരം പോയതവനറിഞ്ഞില്ല.അവളെ കാണുന്നില്ലല്ലോ. അരമണിക്കൂറിലധികമായിറെയിൽവേ സ്റ്റേഷനിലെ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്.അവന്റെ നെഞ്ചിടിപ്പ് കൂടി.സന്ധ്യയായി സമയം ആറരയോടടുത്തു.ഇന്നവൾക്കെന്തു പറ്റി..?ദൈവമേ...അവന്റെ മനസ്സ് നീറി

''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്  എറണാകുളം ജംഗ്ഷനിൽ നിന്നും നിസ്സാമുദ്ദീൻ വരെ പോകുന്ന മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ചില സാംകേതിക കാരണങ്ങളാൽ രണ്ട് മണിക്കൂർ  വൈകി ഓടിക്കൊണ്ടിരിക്കുന്നു.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.'' 

റെയിൽവേ ഉച്ച ഭാഷിണിയിലൂടെ ഈ കുയിൽ നാദം കേട്ട അവൻ തളർന്നിരുന്നു.തന്റെ പ്രിയപ്പെട്ടവൾ 'മംഗള' രണ്ടു മണിക്കൂർ വൈകിയേ എത്തൂ.ഏറെ വിഷമത്തോടെ ഒന്നും ഉരിയാടാതെ അവൻ തല കുനിച്ച് അവൾക്കായുള്ള കാത്തിരിപ്പ് തുടർന്നു.

-പ്രശാന്ത് കണ്ണോം-

No comments:

Post a Comment