Sunday, 26 September 2021

പ്രേമം @ദേശീയ കോളേജ് കഥ( നാലാം ഭാഗം)


ബാംഗ്ലൂരിലെ വിജനമായ രാത്രിയെ കീറിമുറിച്ചുകൊണ്ട് മൊബൈൽ ഫോൺ നിലവിളിച്ചു. കൺപോളകളെ പ്രയാസപ്പെട്ടു ഉയർത്തിക്കൊണ്ട് മനോ ഫോണിൽ എത്തി പിടിച്ചു. മൊബൈൽ കരച്ചിലടക്കി.
''മനോ ഇത് ഞാനാണ് ആണ് മനു പ്രതാപ് ഫ്രം മുംബൈ.. ഡാ ഞാൻ അവളെ കണ്ടു അനിലയെ.. നിൻറെ തെറ്റിദ്ധാരണക്ക് അറുതി വരുത്തണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്''.. മനു ദീർഘനിശ്വാസം വിട്ടു. മനോ യുടെ മറുപടിക്കായി ചെവികൂർപ്പിച്ചു
മനോ ഒന്നും പറഞ്ഞില്ല .അവൻ ഫോൺ കട്ട് ചെയ്തു.

സമയം രാവിലെ 10 മണി
കോവിഡിൻറെ ഭീകര താണ്ഡവ ത്തിനുശേഷം കണ്ണൂർ നഗരം വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു . പാതയോര കച്ചവടക്കാരുടെ ബഹളം ഒഴിച്ചാൽ കണ്ണൂർ പഴയ കണ്ണൂർ ആയി മാറാൻ തുടങ്ങിയിരിക്കുന്നു. മാസ്കിട്ട മുഖത്തെ കണ്ണുകളിൽ പരിചിതരെ കണ്ടെത്തേണ്ട കാലമായതിനാൽ ഇപ്പോൾ സൗഹൃദബന്ധങ്ങൾ സൂക്ഷിക്കുക ഏറെ പ്രയാസം ആയിരിക്കുന്നു.പഴയ ബസ് സ്റ്റാൻഡിന് പിറകിലൂടെയുള്ള റോഡ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം എത്തുന്നിടത്തെ ഇടതുവശത്തുള്ള  കെട്ടിടത്തിലാണ് പ്രസ്ക്ലബ് . 

 പ്രമുഖ പത്രങ്ങളിലെയും ചാനലുകളിലെയും റിപ്പോർട്ടർമാർ എത്തിയിട്ടുണ്ട് എല്ലാവരും വളരെ തിരക്കിലാണ് ഇന്ന് വിജിലൻസ് ഓഫീസർ രാം ഈശ്വറിന്റെ പത്രസമ്മേളനമാണ്.
സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന അനില പ്രണയ കേസിന്റെ
ചുരുളഴിയുമോ..?
ഇന്നലത്തെ ചാനൽ ചർച്ചകളിൽ അനിലപ്രണയകേസ് കത്തിപ്പടർന്നിരുന്നു.
28 വർഷത്തിനുശേഷം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മാധ്യമങ്ങൾക്ക് കിട്ടാനില്ല.
എല്ലാവരുടെ കണ്ണുകളും വിജിലൻസ് ഓഫീസർ രാം ഈശ്വറിലേക്കാണ്. ആ കാലഘട്ടത്തിൽ അനിലയുടെ കൂടെ ദേശീയ കോളേജിൽ സഹപാഠി ആയിരുന്നു രാം ഈശ്വർ. നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയ ധീക്ഷണാശാലിയായ ഓഫീസർ . മന്ത്രിസഭ സഭ ഈ കേസന്വേഷണത്തിന് ഏകകണ്ഠമായി ഇദ്ദേഹത്തിൻറെ പേരാണ് പ്രഖ്യാപിച്ചത്.
കേസന്വേഷണത്തിന് ഭാഗമായി ഇന്ത്യക്കകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയതിനു ശേഷമാണ് രാംഈശ്വർ പത്രസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.

''പ്രണയത്തെ പോലും പ്രണയിക്കുന്ന വരാണ് കലാകാരന്മാർ.. '' അനില പ്രണയ കേസിൽ സുനിൽ സിംഗറും ആർട്ടിസ്റ്റ് ചന്ദ്രകാന്തും മാപ്പ് സാക്ഷികൾ ആകുമോ?
അനില പ്രണയ കേസ് വിജിലൻസ് അജയ് രാജിന്റെ മൊഴിയെടുക്കുന്നു...
അനില പ്രണയ കേസ് മലയാളഭൂമി പത്രത്തിലെ ശാന്തൻ വഴി തെറ്റിക്കുമോ..?

ഇന്നത്തെ പത്ര സമ്മേളനത്തിനായി കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ദേശീയ കോളജിലെ 1993ലെ ബികോം ബാച്ചും. അനിലയെ പ്രണയിച്ചത് ഒട്ടനവധി പേരാണ്. എന്നാൽ അനില ഒരാളെ.. ഒരാളെമാത്രം ആത്മാർത്ഥമായി പ്രണയിച്ചിരുന്നു അത് ആരാണ്..?
രാമേശ്വർ കേസിന്റെ ചുരുളഴിക്കുമോ...?
(തുടരും)



Saturday, 25 September 2021

എന്റെ സ്കൂൾ


പച്ചപ്പരവതാനി പുതച്ചു കിടക്കുന്ന കുന്നിൻ ചെരുവിൽ ആകാശ കാഴ്ചകൾ കാണാൻ ശിരസ്സുയർത്തി നോക്കുന്ന കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ. വാത്സല്യവും സാന്ത്വനവുമേകിയ മാതൃവിദ്യാലയത്തിൻറ പടി കടന്നെത്തിയപ്പോൾ വല്ലാത്തൊരാനന്ദത്തിൽ ലയിച്ചു പോയി. അഞ്ചു മുതൽ 10 വരെ വരെ പഠിച്ച എൻറെ പ്രിയ വിദ്യാലയം.
എൻറെ മകൾ അഭിരാമിയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി ഇന്ന് വീണ്ടും ആ അക്ഷരമുറ്റത്തെത്തി.
ഒരു നിമിഷം മനസ്സ് 34 വർഷം പിറകോട്ട് പോയി.
അന്നുണ്ടായിരുന്ന ഓല ഷെഡ്ഡുകളും ഓടിട്ട ബിൽഡിങ്ങും ഇന്നില്ല . അവിടെയൊക്കെ കൂറ്റൻ കെട്ടിടങ്ങൾ പരസ്പരം നോക്കി നിൽക്കുന്നു .സ്കൂൾ മുറ്റത്തെ പുതിയ പൂമരങ്ങളും പൂച്ചെടികളും ഒരപരിചിതനെ കണ്ടതുപോലെ അത്ഭുതംകൂറി നോക്കുന്നു.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എൻറെ പ്രിയ വിദ്യാലയത്തിൽ മകളെ ചേർത്തു മടങ്ങുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി യിലായിരുന്നു.
-പ്രശാന്ത് കണ്ണോം-

Friday, 24 September 2021

പ്രേമം @ദേശീയ കോളേജ് കഥ മൂന്നാം ഭാഗം



''എന്താ മുത്തേ നീ വലിയ ഹാപ്പി ആണല്ലോ''
തുള്ളി ചാടി വന്ന മുത്തിനെ  തടഞ്ഞ് നിർത്തി സുനന്ദ് ബ്രോ.
''ഡാ ഇവനെന്താടാ വണ്ട് കുത്തിയ പോലെ'' മനോയുടെ നിൽപ്പു കണ്ട് മുത്തിന്  അത്ഭുതം.
''ഡാ നീ എന്തെങ്കിലും വഴി കാണൂ ഇല്ലെങ്കിൽ ഇവൻറെ കാര്യം പോക്കാ ..''സുരൻ മുത്തിനെ ദയനീയമായി നോക്കി.
''എടാ മുത്തേ ഈ കുറിപ്പ് ഉടനെ അവളെ ഏൽപ്പിക്കണം.  ഇതെൻറെ  ഹൃദയമാണ്.''
മനോയുടെ സ്വരമിടറി.
''ഡാ നിനക്ക് പൂജിക്കാൻ വേറെ ആരെയും കിട്ടിയില്ലേ'' മുത്ത് മനോയുടെ നേരെ തിരിഞ്ഞു.
''എടാ പ്ലീസ്. . പ്ലീസ്...''മനോ മുത്തിന്റെ കൈ പിടിച്ചു.
''എന്താടാ മുത്തേ ഇത് .. ഇതാണോ നമ്മുടെ ഇടയിലെ സ്നേഹ ബന്ധം'' സുനന്ദ് ഇത്തിരി കടുപ്പിച്ചു.
''കാബ്രോ നിൻറെ നേഴ്സ് ചേച്ചിയെ പോലെയല്ല ആ പെണ്ണ്..  അനില ഇത്തിരി അന്തസ്സും ആഭിജാത്യവും ഉള്ള  കുടുംബത്തിലാ..
മനോ കളം മാറ്റി ചവിട്ടുന്നതാ നിനക്ക് നല്ലത്.'' മുത്ത്  മനോയെ പരമാവധി നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു.
''മുത്തേ നീ എന്റെ തനിസ്വഭാവം പുറത്തെടു പ്പിക്കരുത്..''സുനിൽ സിങ്ങർ ഇടപെട്ടു.
ആകെ കോലാഹലം.
''സുരന്റെ ടൊമാറ്റോയേയും കൊണ്ട് ഒരു തവണ എനിക്ക് കണക്കിന് കിട്ടിയതാ.''
മുത്ത് തൻറെ മുൻ അനുഭവം ഓർമ്മപ്പെടുത്തി.
''എന്താ സുരന് മിണ്ടാട്ടമില്ലേ..''മുത്ത് ചൂടായി .

കളിചിരിയും കലപിലകളുമായികളുമായി നടന്ന ആ പ്രീഡിഗ്രിക്കാലം ...ഒരു നിമിഷം സുരൻ ക്ലാസ് മുറിയിലെ ഓർമ്മകളിൽ ഒരു യാത്ര പോയി
ടൊമാറ്റോ എന്ന് കൂട്ടുകാർ കളിയാക്കുന്ന അംബ.. അക്കൗണ്ടിംഗ് സാറിൻറെ വകയിലെ ബന്ധു വാ.  വലിയ സുന്ദരി ഒന്നുമല്ലെങ്കിലും 
വല്ലാത്തൊരു ആകർഷണം  അംബക്കുണ്ടായിരുന്നു .
''ഡാ സുരാ എന്താടാ നീ ഓർക്കുന്നേ''സുനന്ദ് പുറത്ത് തട്ടി .

''ഡാ അത് വിട്. നമുക്ക് മനോ യുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കാം,''
സുനിൽ സിംഗർ  ഇടപെട്ടു.
''മുത്തേ ഈ കുറിപ്പടി ഇന്ന് തന്നെ അനിലക്ക് കൊടുക്കണം''സുനിൽ നിലപാട് കർശനമാക്കി.
''ഓളുടെ അച്ഛൻറെ കയ്യീന്ന് എനിക്ക് എപ്പോഴാ കിട്ടുകാന്ന് അറിയില്ല .''മുത്ത് മനസ്സില്ലാമനസ്സോടെ കുറിപ്പടി വാങ്ങി.
മുത്തു നടന്നു നീങ്ങുന്നത് മനോ നിർന്നിമേഷനായി നോക്കി നിന്നു
(തുടരും)

Sunday, 12 September 2021

പ്രേമം @ദേശീയ കോളേജ് ( കഥ)രണ്ടാം ഭാഗം



ഉദയ സൂര്യൻറെ ചെമ്പട്ട് കുപ്പായമണിഞ്ഞ് മരതകപ്പച്ച പട്ടുപാവാടയുമുടുത്ത് ക്ഷേത്ര കവാടത്തിൽ സർവ്വാഭരണ വിഭൂഷിതയായ ദേവിയെ പോലെ അവൾ അനില.
അവളുടെ രൂപലാവണ്യം മനോരഞ്ജൻ നിർന്നിമേഷനായി നോക്കി നിന്നു.

 എന്നാൽ മനോരഞ്ജൻറെ ആനന്ദം അധികനേരം നീണ്ടുനിന്നില്ല.
''എടാ നശിപ്പിച്ചു ആ പണ്ടാരം പിറകെ ഉണ്ട്''
മനോരഞ്ജൻറെ സമനില തെറ്റി.
അവളുടെ തൊട്ടുപുറകേ ഒരു നിഴലായി അവളുടെ അച്ഛൻ ഉണ്ടായിരുന്നു.
''ടാ വഴിയുണ്ടാക്കാം ''സുരൻ ആശ്വസിപ്പിച്ചു .
വെക്കേഷൻ തുടങ്ങിയതിനുശേഷം  ഇത് ആദ്യത്തെ കൂടിക്കാഴ്ചയാണ്. 

അച്ഛനോട് തൊട്ടുരുമ്മി കുണുങ്ങി ചിരിച്ചുകൊണ്ട്  അവൾ അമ്പലമുറ്റത്തേക്ക് നടന്നടുത്തു.
തൻറെ കഥാനായകനെ ആൾക്കൂട്ടത്തിനിടയിൽ അനില കണ്ടു .
അവളൊന്നു പുഞ്ചിരിച്ചു അമ്പലത്തിന കത്തേക്ക് കടന്നു പോയി.
''ടാ അവൾ നിന്നെ നോക്കിയാണോ ചിരിച്ചത്,''
സുരന്റെ കണ്ണുകളിലെ അഗ്നി മനോരഞ്ജൻ തിരിച്ചറിഞ്ഞു.
''ഏയ് നിൻറെ പ്രേമഭാജനം നിന്നോടല്ലാതെ ആരോട് ചിരിക്കാൻ'' സുരന്റെ മറുപടി ഒരു ചിരിയിൽ ലയിച്ചു.

അവൾക്ക് തന്നോടുള്ള  ഇഷ്ടം കൂടി വരാൻ വിക്രാനന്തപുരത്തെ സകല ദേവതമാരെയും മനോരഞ്ജൻ നൊന്തു വിളിച്ചു.ഭണ്ഡാരത്തിൽ കാണിക്കയിട്ടു തൊഴുതു. അനില ക്ഷേത്രത്തിനുള്ളിൽ നിന്നും തൊഴുതു ഇറങ്ങുന്നതുവരെയുള്ള സമയം  മനോരഞ്ജന് ഒരു യുഗം പോലെ തോന്നിച്ചു.പ്രണയിനിക്ക് നൽകാൻ തൻറെ മനസ്സ് പകർത്തിയ ഒരു കുറിപ്പടി മനോയുടെ പോക്കറ്റിൽ നിരാശയോടെ കിടന്നു.

തൊഴുത് ഇറങ്ങിയ അനില ഉന്മേഷ വതിയായിരുന്നു.
''ടാ ഓളുടെ അച്ഛനെ കാണാനില്ലല്ലോ..""
സുരൻ അത്ഭുതം കൂറി .
മനോ അറിയാതെ അവളുടെ അടുത്തേക്ക് നടന്നടുത്തു. ഒരു കാന്തിക തരംഗം അവളിലേക്ക്  തന്നെ വലിച്ചടുപ്പിക്കുന്നതായി അവൻ അറിഞ്ഞു.
'ടാ മനോ..ദേ അച്ഛൻ...''സുരൻ പരിഭ്രാന്തനായി.
മനോ ഞെട്ടി തിരിഞ്ഞു. അവന് പരിസരബോധം ഉണ്ടായി.
അനില അച്ഛനോടൊപ്പം തൊഴുതു മടങ്ങുന്നത് 
അവർ നിരാശയോടെ നോക്കി നിന്നു.

കോർട്ട് റോഡ് കോർണറിൽ കസിൻ ബ്രദേഴ്സ്കാത്തിരിപ്പുണ്ടായിരുന്നു. 
സുനീഷ്സിംഗറും സുനന്ദ് കാബ്രോയും.
താൻ വലിയ പാട്ടുകാരനാണ് എന്ന അഹങ്കാരമൊന്നും സുന്ദരനും സുമുഖനുമായ സുനീഷിനില്ല .
സംഗീതം പഠിക്കാൻ പോയിട്ടൊന്നുമില്ല.
മിമിക്രിക്കാർ പറയുന്നതുപോലെ ദാസേട്ടനൊപ്പം പാടിയിട്ടുണ്ട്. പാട്ട് റേഡിയോയിൽ വരുമ്പോൾ മാത്രം.
പ്രധാന പരിശീലനവേദി കക്കൂസും കുളിമുറിയും തന്നെ. പാട്ടുള്ളത് കൊണ്ട് കിളികൾ പിറകെ ഉണ്ടെന്നുള്ളത് സത്യമാണ്.  എന്നാൽ അധികമൊന്നും വെളിപ്പെടുത്താറില്ല.  ഹൃദയ സൂക്ഷിപ്പുകാർക്ക് വിവരങ്ങൾ അറിയാം. എന്തായാലും  നന്മയുള്ള മനസ്സാണ്.

ബോളിവുഡ് ലുക്കുള്ള സുനന്ദ് ക്ലാസിലെ ഹീറോയാണ്. പെൺകുട്ടികളും സ്ത്രീകളും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം ഈശ്വരൻ അറിഞ്ഞു കൊടുത്തതാണ്. ആയതിനാൽ എല്ലാവർക്കും അസൂയ തോന്നുന്നതിൽ അത്ഭുതമില്ല. എങ്കിലും അനില വീണില്ല എന്നുള്ളത് അതിശയമാണ്. അത് മനോ യുടെ ഇച്ഛാശക്തിയുടെ ഫലമായിരിക്കാം.

''എടാ  ഇന്നലെ വിക്രാനന്തപുരത്ത് ചില കൂട്ടിമുട്ടലുകൾ ഉണ്ടായിട്ടുണ്ട്''.. സുനീഷ്  സുരൻ പറഞ്ഞ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് സുനന്ദിനെ ധരിപ്പിച്ചു . 
''എന്നിട്ട് ഒന്നും നടന്നില്ലല്ലോ...,'' സുനന്ദിന്റെ വാക്കുകളിൽ പരിഹാസം.
''ടാ മഹാന്മാർ വരുന്നുണ്ട്,'' സുനീഷിന് ചിരിയടക്കാൻ കഴിഞ്ഞില്ല .
''അമ്പലത്തിൽ പോയി രണ്ടുപേരും ദേവിയെ കണ്ടോ..? നടന്നടുത്ത മനോയോടും സുരനോടും സുനന്ദിന്റെ ആക്കിയ ചോദ്യം.
''അവള് ആ കുരിശിനെയും കൊണ്ട് വരുമെന്ന്  ആരെങ്കിലും  കരുതിയോ" സുരന്റെ മറുപടി ദേഷ്യത്തോടെ ആയിരുന്നു.  മനോയുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.
''ടാ പ്രണയത്തിന് ചില നോക്കൊക്കെ ഉണ്ട് മോനേ..''പത്താം ക്ലാസ് അവധിക്കാല അനുഭവങ്ങൾ സുനന്ദ് ആദ്യമായി തുറന്നു പറഞ്ഞു.

ഈ സമയത്ത് മുത്ത് അവിടേക്ക് നടന്നു വന്നു.
ഇവൻ  അനിലയുടെ രക്ഷകനാണൊ..?അതോ..
(തുടരും..)

Sunday, 5 September 2021

പ്രേമം@ ദേശീയ കോളജ് ഒന്നാം ഭാഗം



ഗ്ലാസ്സിലേക്ക് പകർന്ന blenders pride ൽ അയാൾ ഒരു കഷണം ഐസ്ക്യൂബ് കൂടി ഇട്ടു. ആ മഞ്ഞു കഷണം അതിൽ ലയിച്ച് ഇല്ലാതാവുന്നത് അയാൾ നിർവികാരമായി നോക്കിയിരുന്നു. ബാംഗ്ലൂരിലെ തിരക്കുപിടിച്ച പ്രവർത്തി ദിവസത്തിന് മനോരഞ്ജൻ വിരാമ മിടുന്നത് അങ്ങനെയാണ്
ഘടികാരത്തിൽ മണി പന്ത്രണ്ട് അടിച്ചു. തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്ക് വീശിയടിച്ച കാറ്റ് അയാളുടെ കവിളിൽ ഒരു ഉമ്മ വെച്ച് കടന്നുപോയി പോയി.
''എന്നാലും...അനില...''ആത്മഗതം മുഴുമിച്ചില്ല .
ഒരു സിപ്പ് എടുത്തതിനുശേഷം അയാൾ ഒരു ചാൻസലർ സിഗരറ്റ് ചുണ്ടോട് ചേർത്തു. വശ്യതയാർന്ന വിടർന്ന രണ്ട് കണ്ണുകൾ മാത്രം തന്നെ തുറിച്ചു നോക്കുന്നതായി അയാൾക്ക് തോന്നി. അയാൾ ആ കണ്ണുകളിൽ നോക്കിയിരുന്നു.ദേശീയ കോളേജിലെ 1993 ബികോം ബാച്ച് വാട്സാപ്പ് ഗ്രൂപ്പിൽ ഇന്ന് തന്നെ കുറിച്ച് വന്ന കുത്തുവാക്കുകളും ശാന്തന്റെ പ്രണയഗാനവും അയാളെ മുപ്പത് വർഷം പിറകോട്ടു കൊണ്ടുപോയി...

വിക്രാനന്തപുരം ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റ് ആണ്. ഇനിയൊരു മൂന്നു നാല് ദിവസം സന്തോഷത്തിന്റെ ദിനങ്ങളാണ്.
മനോരഞ്ജൻ പതിവിലും നേരത്തെ അമ്പലത്തിലെത്തി .പ്രീഡിഗ്രി കഴിഞ്ഞ വെക്കേഷൻ കാലമാണ്. എസ്. കെ.സുരനവിടെ നേരത്തെ ഹാജരായിരുന്നു.
മനോരഞ്ജന്റെ വാക്കിൽ പറഞ്ഞാൽ വായി നോട്ടത്തിന് എം.ഏക്ക് പഠിക്കുന്നവൻ.

മനോ എത്തുമ്പോഴേക്കും വൈവ വരെ പാസായി നിൽക്കുകയായിരുന്നു സുരൻ. എന്നാലും താൻ വലിയ സുന്ദരനാണ് എന്നുള്ള അഹങ്കാരമൊന്നും സുരനിൽ ഇല്ല.
എന്നാൽ മനോ അങ്ങനെയല്ല തൻറെ സൗന്ദര്യത്തിന്റെ തന്നെ ആരാധകനാണ് അവൻ . അല്ലേലും അഹങ്കരിക്കുന്നതിൽ തെറ്റില്ല. പ്രേമാഭിഷേകത്തിലെ സാക്ഷാൽ കമലഹാസൻ വരെ ആ സൗന്ദര്യത്തിനു മുന്നിൽ തോറ്റു പോകും.

ദർശന സുഖം സ്പർശനസുഖം ഉത്സവ നാളുകൾ അങ്ങനെയാണ്. സുരൻ അവിടെയുള്ള പെൺനിരകളുടെ മുഴുവൻ ഫോട്ടോ എടുത്തു കഴിഞ്ഞു. പത്തു മുപ്പതു കൊല്ലം മുമ്പ് ആയതുകൊണ്ട് മൊബൈൽ ക്യാമറ ഒന്നുമില്ല. കണ്ണുകൊണ്ട് തന്നെയാണ് ഫോട്ടോ എടുപ്പ്.
''എടാ അവൾ എത്തിയിട്ടില്ല ...''സുരന്റെ വാക്കുകളിൽ നിരാശ.
മനോ യുടെ കണ്ണുകൾ ക്ഷേത്ര കവാടത്തിലേക്ക് തന്നെയാണ് . അവൻറെ ഹൃദയമിടിപ്പിന്റെ താളം മുറുകി. പ്രതീക്ഷയറ്റ് മനോനില കൈവിട്ടു പോകുമോ എന്നവൻ ഭയന്നു. ഇന്നലെ ഒരു പോള കണ്ണ് അടച്ചിട്ടില്ല .
ഈയൊരു ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

''ടാ സുരാ ...ദേ അവൾ..,''കവാടത്തിലേക്ക് ചൂണ്ടി മനോ വിളിച്ചുപറഞ്ഞു. അവൻറെ ശബ്ദം അമ്പലമുറ്റത്തെ പ്രകമ്പനം കൊള്ളിച്ചു.(തുടരും..)
-പ്രശാന്ത് കണ്ണോം-