Sunday, 3 October 2021

പ്രേമം @ദേശീയ കോളേജ് കഥ അഞ്ചാം ഭാഗം



അരിച്ചിറങ്ങിയ നേർത്ത തണുപ്പിൽ  ബാംഗ്ലൂർ നഗരം പുതച്ചുമൂടി ഉറങ്ങി. അനുരാഗ പരവശരായ ഇണകൾ ആനന്ദ നിർവൃതിയിൽ  മദിച്ചുറങ്ങിയ ഈ രാത്രി മനോരഞ്ജന് വിരഹ വേദനകൾ മാത്രമാണ് നൽകിയത് .  വീശിയടിച്ച ഇളംകാറ്റിൽ ജനൽ പാളികൾ  പരസ്പരം കൂട്ടിയിടിച്ച് ആനന്ദം പങ്കുവച്ചു.
ആ മർമ്മര ശബ്ദത്തിൽ മനോ ആലസ്യത്തോടെ എഴുന്നേറ്റിരുന്നു.

''എന്നാലും പ്രദീപ് ഹോനായ്...?
''പ്രദീപ് ഹോനായ് മുംബൈയിൽ അനിലയെ കാണാൻ ശ്രമിച്ചത് എന്തിന്..? അവളുടെ യഥാർത്ഥ പ്രണയം തകർത്തതാര്..? ''
രാം ഈശ്വറിന്റെ  പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ  ഇവനായിരുന്നോ അനിലയെ......" മനോ ആത്മഗതം മുഴുമിപ്പിച്ചില്ല.
എന്തും നേരിടാൻ അയാൾ   മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.
''മനു പ്രതാപിനോട് തന്നെപ്പറ്റി അവൾ പറഞ്ഞതെല്ലാം  സത്യമാണൊ.
എങ്കിൽ  ഇത്രയും വലിയൊരു ദുരന്തം അന്നു സംഭവിച്ചതിന് ഉത്തരവാദി ആരാണ്.''മനോയുടെ മനസ്സിനെ ചിന്തകൾ 
കടിച്ചു കീറി.
സർക്കാർ-എയ്ഡഡ് കോളേജായ എസ് എസ് കോളേജിൽ ബികോമിന് അഡ്മിഷൻ കിട്ടിയിട്ടും ദേശീയ കോളജിൽ ചേർന്നത് അനില അവിടെ ചേർന്നത് കൊണ്ട് മാത്രമാണ്.
സുരനെയും  പ്രലോഭിപ്പിച്ച് ദേശീയ കോളജിൽ ചേർത്തത് മനോയാണ്.
കോർട്ട് റോഡിൽ ന്യൂസ് കോണർ ജംഗ്ഷനിൽ അച്ഛൻറെ ചെരാപ്പില ടിവിഎസിൽ അനില വന്നിറങ്ങുന്നതും കാത്തു എത്ര സമയം നിൽക്കുമായിരുന്നു. ദിവസങ്ങളും മാസങ്ങളും ഇതു തുടർന്നുകൊണ്ടേയിരുന്നു. അവളുടെ അച്ഛൻറെ താക്കീത് പലതവണ കിട്ടിയിട്ടും  മാറിയിരുന്നില്ല. ഒരുതവണ ഓടിച്ചിട്ട് അടിക്കാൻ വന്നപ്പോൾ മാത്യൂസ് ഡോക്ടറുടെ വീട്ടിൽ ഓടിക്കയറി ഡോക്ടറുടെ ടോക്കൺ എടുക്കുന്ന ക്യൂവിൽ നിന്നതും കയ്യാങ്കളിയും ചീത്തയും  സുരന് കിട്ടിയതും ദേശീയ കോളേജിൽ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. 
ഇതിപ്പോ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. അനില പ്രണയം കേരളക്കരയാകെ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. രാമേശ്വറിൻറെ ഒടുക്കത്തെ ഒരു അന്വേഷണവും പത്ര സമ്മേളനവും.എങ്കിലും പ്രദീപ് ഹോനായ് അത് ചെയ്യുമോ.അടിച്ചു വീപ്പക്കുറ്റി ആകുമ്പോൾ അവൻ പലതും പറയാറുണ്ട്. എന്നാലും...'' മനോയുടെ ചിന്തകളെ തടയിടാൻ മൊബൈൽ തെറി വിളി തുടങ്ങി.
''ഡാ മനോ ഇത് ഞാനാടാ.... കാമ്പ്രോത്ത്.. നീ ഉടനടി റൂം വിട്ടു പുറത്തിറങ്ങണം... നോ പറയരുത് .. നിൻറെ സേഫ്റ്റി ആണ് എനിക്ക് പ്രധാനം.. ഞാൻ മെജസ്റ്റിക്കിൽ കാത്തിരിപ്പുണ്ട്...''മനോ എന്തെങ്കിലും പറയുന്നതിന്  മുമ്പ്  സുനന്ദ് ഫോൺ കട്ട് ചെയ്തു. മനൊയുടെ ഹൃദയമിടിപ്പിന്റെ താളം മുറുകി
(തുടരും)

No comments:

Post a Comment