Monday, 28 August 2023
ഉത്രാടത്തിന് അടിച്ചത് (കഥ)
''ഹേയ് അങ്കിൾ ഒന്നാ കവല വരെ ഒരു ലിഫ്റ്റ് തര്വോ,''
''ഇങട് കേറിക്കോളൂ... ചവിട്ടി ഇരുന്നോളൂ ട്ടോ.... അല്ല ഇവിടിപ്പം ആരും മാസ്ക് ഇടാറില്ലേ മോനെ ... ''
""ഇവിടെ ഇപ്പൊ കൊറോണയൊന്നും ആരും മൈൻഡ് ചെയ്യാറില്ല.. അങ്കിൾ''
അങ്കിൾ എവിടുന്നാ ..?
''അങ്കിൾ അങ്ങ് ദൂരത്തൂന്നാ..''
'ദൂരത്തൂന്ന് വച്ചാ''
''പാതാളത്തീന്ന്..''
''യുവർ നേം''
':മാവേലി...
''നല്ല വെറൈറ്റി പേര്..''
''മോന്റെ പേരെന്താ..?''
''ഷാജി ''
""ആ ഇനി ഞാൻ മാത്രമായിട്ട് എന്തിനാ മാസ്കിടുന്നെ കളഞ്ഞേക്കാം.അല്ലേലും എന്നെ ആരുതിരിച്ചറിയാനാ.. ന്യൂജൻ പിള്ളേർക്ക് എൻറെ പേര് പോലും അറിയില്ല.
അതുകൊണ്ടാ കേരള സന്ദർശനത്തിന് ഇക്കുറി വേഷം മാറ്റി പിടിച്ചത് .. ജീൻസ് പാൻറും ടീഷർട്ടും പിന്നെ ഈ സ്കൂട്ടറും ഹെൽമറ്റും.. ഏതായാലും കേരളം അടിപൊളി..''
കൊറോണ കാരണം കഴിഞ്ഞ മൂന്നുകൊല്ലമായി ആഘോഷങ്ങളൊന്നും ഇല്ലാതേ ഉണങ്ങിക്കരിഞ്ഞു പോയിരുന്ന ഓണം ഇക്കുറി ചില്ലകൾ തളിർത്ത് പൂത്തുലഞ്ഞിരിക്കുകയാണ് .
ആളുകൾ അങ്ങോട്ടുമിങ്ങോട്ടും.. ജഗപൊഗ..
ഇതെന്തൊരു ഓട്ടാപ്പാ..!!
''അല്ല മോനെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ..?''
''നല്ല വിശേഷം സിനിമ കണ്ടുവരുന്ന വഴിയാ
ജയിലർ ... കിടുവാ.. വർമ്മൻ.. തകർത്തു..""
RDX അതിഗംഭീരം..ഇക്കുറി ഓണത്തിന് ഹൗസ് ഫുള്ളാ ടാക്കീസിൽ ആളനക്കം ഉണ്ട്...''
ന്യൂ ജെൻ പിള്ളേര് തകർത്ത് ആടുകയാണ്.
ചാന്ദ്രയാൻ 3 ചന്ദ്രനിൽ സേഫായി ഇറങ്ങിയതും പ്രഗ്നാനന്ദയുടെ ഫൈനൽ പോരാട്ടവും.. എല്ലാം പോസിറ്റീവായുള്ള കാര്യങ്ങൾ.. ജനങ്ങളെല്ലാം ആഘോഷമാക്കുകയാ.. ബിവറേജിൽ ക്യൂ നിന്നു തളർന്നവർ ഓണത്തിരക്കുകളിൽ അലിഞ്ഞില്ലാതായി.
''ഓ..വല്ലാത്ത ദാഹം.... മോനെ ഒരു കുപ്പി വെള്ളം വാങ്ങിക്ക്.''
ഒരു കുപ്പി മിനറൽ വാട്ടർ മാവേലി ഒറ്റ വലിക്ക് കുടിച്ചു.മഴ മറന്ന ആകാശം ഈ കാഴ്ച കണ്ട് കളിയാക്കി ചിരിച്ചു. പകലോൻ ഹാപ്പിയാണ് തന്റെ കിരണങ്ങളെ തടയാനിക്കുറി മഴമേഘങ്ങൾ ഇല്ല.
വെള്ളം...? വലിയൊരു ചോദ്യചിഹ്നം തന്നെ .
""അയ്യോ മോനെ അവിടെ ഓണത്തല്ല് നടക്കുന്നുണ്ടോ..''
''അല്ല അങ്കിൾ അത് ഒറിജിനലാ..''
''അപ്പോ ഈ വഴി രക്ഷയില്ലേ..?""
''വഴി മാറി പോകുന്നതാ നല്ലത്''
ഒന്ന് വണ്ടി വെട്ടിച്ചതും പാണ്ടി ലോറി വന്നിടിച്ചതും ഒരുമിച്ചായിരുന്നു.
''അയ്യോ''...ആ നിലവിളി തെരുവിനെ പ്രകമ്പനം കൊള്ളിച്ചു.
'എന്തു പണ്ടാരത്തിന്റെ നിലവിളിയാടാ ഇത്''
കട്ടിലിൽ നിന്നും ഉരുണ്ടു താഴെ വീണു കിടക്കുന്ന ഷാജിയെ നോക്കി അമ്മച്ചി പിറു പിറുത്തു..
''മൂക്കറ്റം വലിച്ചു കേറ്റി വന്നിട്ട്.. നട്ടുച്ചക്ക് കെടന്നൊറങ്ങി ഓരിയിടുന്ന് നായി..
എണീച്ചു പോന്നുണ്ടാ എൻറെ മുമ്പീന്ന്...''
-പ്രശാന്ത് കണ്ണോം -
Sunday, 27 August 2023
Monday, 14 August 2023
Tuesday, 11 July 2023
പയ്യാമ്പലം (കഥ)
മിഥുനത്തിലെ ഒരു മധ്യാഹ്നം
ഒരാഴ്ചയായി പെയ്തു തിമിർത്ത മഴമേഘങ്ങൾ കോപമടക്കി ശാന്തരായതിന്റെ തെളിച്ചം മാനത്ത് കാണാം. പകലോൻ മടിച്ചുമടിച്ച് തല ഉയർത്തിയും താഴ്ത്തിയും
കടലിന് ചൂട് പകരുന്നു. തീരത്ത് ആളുകൾ നന്നേ കുറവ്. കടലമ്മ കോരിയിട്ട പ്ലാസ്റ്റിക് കുപ്പികളും തടിക്കഷണങ്ങളും തീരത്ത് കുമിഞ്ഞു കൂടിയിട്ടുണ്ട് ആകെ ജീർണ്ണിച്ച അവസ്ഥ. കുളിച്ചൊരുങ്ങി സുന്ദരിയായി നിൽക്കുന്ന പയ്യാമ്പലം ആയിരുന്നു മനസ്സിൽ.
തങ്ങളീ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തിയ ചരിത്രപുരുഷന്മാരുടെ സ്മാരക സ്തൂപങ്ങൾ തലയെടുപ്പോടെ കടലിനെ ഉറ്റുനോക്കുന്നു. അതിനുമപ്പുറത്ത് എരിഞ്ഞടങ്ങുന്ന ചിതയിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും സങ്കടവും സന്തോഷവും ധൂമമായി ആകാശത്തെ പുൽകിക്കൊണ്ടിരിക്കുന്നു.
കടലമ്മ ഇന്ന് ശാന്തയാണ്. കടലിൻറെ മടിത്തട്ടിലിരുന്ന് ഒരു കൊച്ചു പയ്യൻ മണലുവാരി കളിക്കുന്നു പ്ലാസ്റ്റിക് കുപ്പി പെറുക്കുന്നു. അഞ്ചോ ആറോ വയസ്സുകാണും.
എന്താ പേര്..? അവൻ ഉറ്റു നോക്കിയതല്ലാതെ ഉത്തരം ഒന്നും പറഞ്ഞില്ല. നല്ല ഓമനത്തമുള്ള മുഖം .കണ്ണുകളിൽ വിഷാദ ഛായ കലർന്ന കൃശഗാത്രനായ അവന്‍റെ ഉടുപ്പുകൾ കീറിപ്പറിഞ്ഞിരുന്നു. മുടി പാറി പറന്നു കിടക്കുന്നു കഴുത്തിൽ കറുപ്പും ചുവപ്പും ചേർന്ന ചരട് കൊണ്ട് കെട്ടിയ ഒരു മാല . കയ്യിലുമുണ്ട് കറുപ്പ് ചരട്. ഒന്നും ശ്രദ്ധിക്കാതെ അവൻ മണൽവാരി കുപ്പിയിൽ നിറച്ചു കൊണ്ടിരുന്നു.
"ഏതായാലും മലയാളിയല്ല..? ഇവൻ ഒറ്റയ്ക്ക് ഇവിടെ..?"അയാൾ പരിഭ്രാന്തനായി
"ആ എന്തേലും ആവട്ടെ.! നമുക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട? " കൂട്ടുകാരൻ മുന്നോട്ട് നടന്നു
""നമ്മുടെ കുഞ്ഞാണെങ്കിലോ. ഈയൊരു കോലത്തിൽ ഇവിടെ..? എനിക്കെന്തോ വല്ലാതെ മനസ്സ് വേദനിക്കുന്നു. എനിക്കൊരടി മുന്നോട്ട് വെക്കാൻ കഴിയുന്നില്ല..""
കൂട്ടുകാരൻ അത് കേൾക്കാൻ നിന്നില്ല.
''വെറുതെ ഓരോ കാര്യം തലയിലെടുത്തിടേണ്ട .
വല്ല അലമ്പ് കേസുമായിരിക്കും.''
കൂട്ടുകാരൻ അയാളെ ദയനീയമായി നോക്കി.
''നീ വാ.. നമുക്ക് വഴിയുണ്ടാക്കാം..
പോലീസിനെ അറിയിക്കാം.""
അയാൾ കൂട്ടുകാരനോടൊപ്പം മുന്നോട്ടു നടന്നു.ഇടയ്ക്ക് അയാൾ പിന്തിരിഞ്ഞു നോക്കി.
"" അയ്യോ അവനെ അവിടെ കാണാനില്ല.."
അയാൾ നിലവിളിച്ചു.തീരങ്ങളിൽ അത് പ്രതിധ്വനിച്ചു. ഈ സമയം തിരമാലകൾ അലറി വിളിച്ച് ആർത്തിരമ്പുന്നുണ്ടായിരുന്നു.
- പ്രശാന്ത് കണ്ണോം -
Thursday, 6 July 2023
മഴ..മഴ
മാനം നിറയെ പെയ്യട്ടെ
മഴയുടെ താളം മുറുകട്ടെ
മയിലുകൾ നൃത്തം ചെയ്യട്ടെ
മഴയിൽ തോടുകൾ നിറയട്ടെ
മാക്രികൾ ചാടി രസിക്കട്ടെ
മണ്ണിൻ മാറു കുളുർക്കട്ടെ
മരമതു പൂത്തു തളിർക്കട്ടെ
- പ്രശാന്ത് കണ്ണോം -
Subscribe to:
Posts (Atom)






