Wednesday, 26 May 2021

വൺലൈൻ

'' മാധവൻ സാർ ഞാൻ റെഡിയാണ്.
അവൾ സമ്മതിക്കും ''
രമേശന്റെ വാക്കിൽ വിശ്വസിച്ച് അഘോരി മാധവ് ഇരുപത് ലക്ഷത്തിന്റെ നോട്ടുകെട്ടുകൾ അയാൾക്ക് കൈമാറി.
അറുപതുകാരനായ അഘോരി മാധവ് ബിസിനസ്സ് അതികായൻ കല്ല്യാണം കഴിച്ചിട്ടില്ല സ്വന്തമെന്നു പറയാൻ ആരുമില്ല എന്നാൽ സ്വന്തം ചോരയിൽ ഒരു കുട്ടി വേണം എന്ന ആഗ്രഹം, അത് ഒരു വാടക ഗർഭപാത്രം എന്ന ചിന്തയിലെത്തിച്ചു,
എന്നാൽ രമേശന്റെ 45 കാരി ഭാര്യ തനി നാട്ടിൻപുറത്തുകാരി രമയ്ക്ക് അത് ഉൾക്കൊള്ളാനായില്ല രമേശന്റെ നിർബന്ധത്തിനു വഴങ്ങാതെ അവൾ ആത്മഹത്യ ചെയ്തു. ഇളയ കുട്ടിയുടെ ബ്രെയിൻ ഓപ്പറേഷന് പതിനഞ്ച് ലക്ഷം വേണം. കൊടും ദുരിതങ്ങളുടെ നടുവിൽ 21 കാരിയായ മകൾ ആശ ഇതിന് തയ്യാറായി. അച്ഛനു വേണ്ടി അനിയത്തിക്കു വേണ്ടി അവളുടെ ത്യാഗം .അഘോരി മാധവ് അവരെ അവിടെ നിന്നും മാറ്റി. ഊട്ടിയിലെ തന്റെ ഫ്ലാറ്റിൽ താമസിപ്പിച്ചു. രമേശന്റെ ഇളയ മകളുടെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി.ആശ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. എന്നാൽ കുഞ്ഞിനെ വിട്ടുകൊടുക്കാൻ അവളുടെ മാതൃഹൃദയം അനുവദിച്ചില്ല.അവിവാഹിതയായ അമ്മ.അഘോരി മാധവും സങ്കടത്തിലായി. പ്രശ്നപരിഹാരത്തിനായി അഘോരി മാധവ് ആശയെ വിവാഹം കഴിച്ചു.
'' ഏയ് ഇത് പോരാ ഇതിൽ എന്തെങ്കിലും ട്വിസ്റ്റ് വേണം എന്നാൽ മാത്രമേ സിനിമ കാണാൻ ആളുകൾ കയറൂ. വൺ ലൈൻ സ്റ്റോറി കൊള്ളാം പക്ഷേ ഒന്നു കൂടെ പൊളിച്ചെഴുതണം .കൈമാക്സ് തകർക്കണം'' സംവിധായകൻ മുഖം നോക്കാതെ പറഞ്ഞു
''ഓ ചെയ്യാം സർ''
അയാൾ പ്രതീക്ഷയോടെ പടിയിറങ്ങി
-പ്രശാന്ത് കണ്ണോം-

1 comment:

  1. അത് ശരിയാ. എന്തിലും ഒരു ട്വിസ്റ്റ്‌ വേണം. 😄😄

    ReplyDelete