Sunday, 16 May 2021

കാറ്റിനോട്


കാറ്റേ നീ 
അങ്ങിനെയാണ്
കാണാതെ
അനുഭവിച്ചറിയുന്ന സത്യം
ഇളം കാറ്റേറ്റിരിക്കുവാൻ
എന്തുസുഖമാണ്

കടൽക്കാറ്റിനെ
പ്രണയിതാക്കളും
നെഞ്ചേറ്റും
നല്ല ചൂടിൽ 
വിയർപ്പൊപ്പുന്ന കാറ്റ്

മഴമേഘങ്ങളെ തള്ളി 
ചെടികളുടെ ബീജം
വഹിച്ച്
കാടും മേടും 
കേറും കാറ്റ്
 
യന്ത്രങ്ങളും
ചക്രങ്ങളും കറക്കും
അഗ്നി ആളിക്കത്തിക്കും
ചെറുദീപമണയ്ക്കും
കലിതുള്ളുംകാളിയാകും 
താണ്ഡവമാടും
 
കാറ്റേ അടങ്ങൂ 
ശാന്തയാകൂ
ഇളം തെന്നലായ്
വന്നണയൂ.

ഇന്നലെ നീ
വീശിയടർത്തിയ
പ്ളാമരച്ചില്ലയിലെ
ചക്കകൾ
പ്രായം തികയാത്ത
കുരുന്നുകൾ

വേണ്ട തോന്ന്യാസം
ഇക്കുറി
കൂട്ടുചേരില്ല
നിൻ നെറികേടിന്

ആവില്ല
നിന്നോട് മുട്ടി 
നോക്കാൻ
ആയതിനാൽ
ഇതോരപേക്ഷ മാത്രം

ഉപേക്ഷ കൂടാതെ
കാത്തിടേണം
കാറ്റേ നിൻ ചാരത്ത്
ഞാനുമുണ്ട്.
-പ്രശാന്ത് കണ്ണോം-

 
 

No comments:

Post a Comment