Friday, 25 June 2021

കണ്ണന്റെ ലൗബേർഡ്സ്


ലൗ ബേർഡ്സിൻറെ കൊഴിഞ്ഞുവീണ രണ്ടു കുഞ്ഞു തൂവലുകൾ. കണ്ണൻറെ കണ്ണീർത്തുള്ളികളിൽ കുതിർന്നു.

കഴിഞ്ഞയാഴ്ചയാണ് അച്ഛൻ രണ്ടു ലൗബേർഡ്സ്കളെ അവന് കൊണ്ട് കൊടുത്തത്. ഒന്ന് പച്ചയും മറ്റേത് നീലയും . എത്ര പെട്ടെന്നാ കണ്ണനുമായി ഇവ അടുത്തത്.കണ്ണൻറെ കയ്യിൽ വന്നിരിക്കുക. ആഹാരസാധനങ്ങൾ കൊത്തി പെറുക്കുക. കണ്ണൻ കുഞ്ഞു കിളികളെ നെഞ്ചോട് ചേർത്തു.
ലോക്ക് ഡൗണും ഓൺലൈൻ പഠനവും ഈ നാലാം ക്ലാസ്സുകാരനെ വല്ലാതെ ബോറടിപ്പിച്ചിരുന്നു.എന്നാൽ കിളികൾ വന്നതോടുകൂടി അവൻ ഉന്മേഷവാനായി. ഊണിലും ഉറക്കത്തിലും കിളികൾ എന്ന ഒറ്റ ചിന്ത മാത്രമായി.

ഉറക്കമുണർന്ന ഉടൻ ഇന്നും തൻറെ ലൗബേർഡ്സിനടുത്തേക്ക് കണ്ണനോടിയെത്തി . വിറക് പുരയിൽ വെച്ചിരുന്ന കിളിക്കൂട് തുറന്നുകിടക്കുന്നു.
അതിൽ പേടിച്ച് വിറച്ച് നീല ലൗബേർഡ്സ് മാത്രം. വീണുകിടന്ന രണ്ടു പച്ചകിളി തൂവലുകളിൽ ചോര പുരണ്ടിരിക്കുന്നു. അവൻ ആ കുഞ്ഞു തൂവലുകൾ വാരിയെടുത്ത് നിലവിളിച്ചു . അമ്മേ....
അവൻ വിങ്ങിപ്പൊട്ടി .

ചുടുചോര മോന്തി വിറക് പുരയുടെ മൂലയിൽ ഒളിച്ചിരിക്കുന്ന പെരുച്ചാഴി ഇതൊന്നും അറിഞ്ഞതേയില്ല.
-പ്രശാന്ത് കണ്ണോം-


No comments:

Post a Comment