Saturday, 15 May 2021

അവൾ


മണ്ണിന്റെ മാറിലേക്ക്
അവൾ പെയ്തിറങ്ങി
കാർമേഘ കൂടുകളിൽ
സൂര്യൻ പിടിച്ചു വെച്ച പെണ്ണ്
ആർത്തി പൂണ്ട മണ്ണ്
മാടി വിളിച്ചപ്പോൾ
കൂടു പൊളിച്ച് അവളെത്തി
മണ്ണിന്റെ പൈദാഹമാറ്റാൻ
മേഘങ്ങൾ ഗർജിച്ചു
അവരുടെ കോപാവേശം
കണ്ണുകളിൽ അഗ്നിയായി ജ്വലിച്ചു
മഴ ആനന്ദനൃത്തമാടി
കാറ്റും അവളോടൊപ്പം കൂടി
ഗിരിശൃംഗങ്ങൾ ആടിയുലഞ്ഞു
മരങ്ങൾ കടപുഴകി
മണ്ണിൻറെ മനം കുളിർത്തു
മാറ് നിറഞ്ഞു 
മഴ നിർത്താൻ ഭാവമില്ല
നൃത്തം താണ്ഡവമായി 
മണ്ണിൻറെ മക്കൾ വാവിട്ടു
ആനന്ദത്തിൽ മുഴുകിയ 
സൂര്യന്റെ മനസ്സലിഞ്ഞു
തൻറെ പ്രണയിനിയെ 
ചേർത്തുപിടിച്ചു 
ആ കരവലയത്തിൽ
അവൾ തെല്ലൊന്ന് 
ശാന്തയായി
-പ്രശാന്ത് കണ്ണോം-

Wednesday, 12 May 2021

പെരുന്നാൾ ആശംസകൾ


ആർദ്രമായ മനസ്സിന്റ നൈർമല്യവും ആനന്ദവും സാഹോദര്യ സ്നേഹവും ഒന്നിച്ച് ദാനധർമ്മാദികളാലും സേവന കർമങ്ങളാലും അകലത്തിരുന്നാണേലും മനസ്സു കൊണ്ട് ഒന്നിച്ചുള്ള നമ്മുടെ പെരുന്നാൾ ദിനം പുണ്യം നിറഞ്ഞതാവട്ടെ.പെരുന്നാൾ  ആശംസകൾ 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രണാമം

അന്തരംഗം വിതുമ്പുന്നു
അക്ഷരങ്ങൾ വിറകൊള്ളുന്നു
അഭ്രപാളികളിൽ മറഞ്ഞൊരീ
അറിവിന്റെ ഗുരുനാഥനായ്
അകലെ ആകാശപഥങ്ങളിൽ
അനന്തശയന പാദങ്ങളിൽ
അണയാ ജ്യോതിയായ് നീ
അമരനായ് മരുവൂയിനി
-പ്രശാന്ത് കണ്ണോം-

Saturday, 8 May 2021

അമ്മ



നന്മ ചെയ്യുന്ന മർത്യന്നു മണ്ണിതിൽ
കർമ്മദോഷം വരികില്ല നിർണ്ണയം
തിന്മ തീണ്ടാതെ മണ്ണിതിൽ വാഴുവാൻ
അമ്മ തന്നെ തുണ പാരിലാർക്കുമേ
-പ്രശാന്ത് കണ്ണോം-

Sunday, 4 April 2021

പനിനീർ

മരതക പട്ടണിഞ്ഞീറനോടെ
മേനിയിൽ മാദകപ്പൂവു ചൂടി
മാനത്തെ കാന്തനേക്കാത്തിരിക്കും
മോഹിനീ സുന്ദരീയെൻ പനിനീർ
-പ്രശാന്ത് കണ്ണോം-

Saturday, 13 March 2021


ഒരു വിത്തു പാകണം മണ്ണിൽ നമ്മൾ
ഒരു വിത്തു ഹൃത്തിലും സൂക്ഷിക്കണം
ഒരുമിച്ചു കൂടണം സ്നേഹം പകരണം
ഒരു പുതുവർഷത്തെ നെഞ്ചിലേറ്റാൻ
-പ്രശാന്ത് കണ്ണോം-