Monday, 26 December 2022

ആനന്ദതീർത്ഥൻ



ആനന്ദതീർത്ഥൻ തൻ പാദപത്മങ്ങളിൽ
ആനന്ദ കണ്ണീരാലെന്നർച്ചന
ആർത്തരെ കാത്തിടുമാശ്വാസമേകിടും
ആനന്ദ ചിത്തരായ് മാറ്റിടും നീ.
ആപത്തു നീക്കിയനുഗ്രഹമേകിടും
ആനന്ദതീർത്ഥം തളിച്ചിടും നീ.
ആശ്രമ ഭൂമിയിൽ ആതിഥ്യമേകി നീ
ആലംബഹീനരെയന്നമൂട്ടി
ആശകളേകി നീ വിശ്വാസമേകി നീ
ആനന്ദമേകുന്ന വിദ്യകളും
ആജാതി ഈജാതി വ്യത്യാസമില്ലാതെ
ആളുകൾക്കാവോളം സ്നേഹമേകി
ആനന്ദരൂപിയാം നാരായണശിഷ്യൻ
ആശ്രിതർക്കാനന്ദമേകിടുന്നു
ആദിത്യനുള്ളോരു കാലംവരേയും നിൻ
ആനന്ദ ലീലകൾ പാടിവാഴ്ത്തും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

Tuesday, 20 December 2022



ഒരു യുഗപുരുഷന്റെ അവതാര ദൗത്യം പരിപൂർണ്ണതയിലേക്ക് എത്തിയ നിമിഷം.
ഈ രാവിൽ ഒരു നിമിഷം ലോകം വിസ്മയിച്ചു നിന്നു. കാൽപ്പന്തുകളിയുടെ വശ്യ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ആദ്യപാതിയിൽ
എതിരാളികൾക്ക് ഒരു കുഞ്ഞു പന്തനക്കത്തിന് അവസരം കൊടുക്കാതെ മുൾമുനയിൽ നിർത്തിയ മിശിഹയുടെ പട.
പന്തമ്പുകൾ തൊടുത്ത് അവരുടെ ചങ്കിടിപ്പിന്റെ ആക്കം കൂട്ടിയ മിശിഹ....
ഈ വിജയം നിനക്ക് അവകാശപ്പെട്ടത്.
നീയും നിന്റെ ചങ്കായി ചേർന്ന യുവതയും
ലോകത്തിനേകിയ ഈ പോരാട്ട വീര്യം
ഒരു കനൽ തരിയായി ഞങ്ങൾ ഏറ്റെടുക്കട്ടെ.
മെസ്സി നിനക്കു മുന്നിൽ നമിക്കട്ടെ ഈ ലോകം..
-പ്രശാന്ത് കണ്ണോം-





Thursday, 8 September 2022




അമ്മയുടെ സ്നേഹ സാന്നിധ്യം ഇല്ലാത്ത ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ഓണം.
ആ കനിവും സ്നേഹ പരിലാളനകളുമേറ്റ് 
എത്രയെത്ര ഓണങ്ങൾ.കുത്തരിച്ചോറും പായസവും   സാമ്പാറും അവയിലും കൂട്ടുകറിയും പച്ചടിയും തോരനും ... അങ്ങിനെ അമ്മ ഓണത്തിന് വെച്ച് വിളമ്പിയ വിഭവങ്ങൾ എത്ര.. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളെല്ലാവരും 
അമ്മയോടൊപ്പം ഒത്തുചേരാറുണ്ട്. ആ മാതൃവാത്സല്യം ഏറെ അനുഭവിച്ചിട്ടുണ്ട്.
ആ നല്ല ഓർമ്മകൾക്ക് മുന്നിൽ 
പ്രണമിച്ചുകൊണ്ട്
ഏവർക്കും ഓണാശംസകൾ
പ്രശാന്ത് കണ്ണോം

Sunday, 7 August 2022

മഴയത്ത്


അമൃതവർഷിണീ ഇന്നു നീയെൻ
മണ്ണിനെ പ്രണയിച്ചു പെയ്തിറങ്ങി
അകതാരിലാനന്ദതീർത്ഥമായെൻ
വ്യഥകളെയലിയിച്ചു പെയ്തിറങ്ങി
അന്നു നീ കാർകൂന്തൽ കെട്ടഴിച്ച്
കിന്നാരം ചൊല്ലി ചിരിച്ചതോർക്കൂ
അന്നെന്റെ മാറിലും പെയ്തിറങ്ങി
നിന്നിലലിഞ്ഞു ഞാനില്ലാതായി
അന്നത്തെയോർമ്മതൻ ചില്ലയിൽ
പൂവിട്ട കാവ്യകുസുമമേ പുഞ്ചിരിക്കൂ
-പ്രശാന്ത് കണ്ണോം-

Monday, 4 April 2022

യാത്രാ വേളയിൽ.....

(പ്രിയ വിനുവേട്ടന്...)


വിസ്മയമേകും വാർത്തകൾ കോർത്ത്
വിശ്വമെങ്ങും പുകൾപെറ്റ പത്രമാം
വിജ്ഞാന ധാമമാം മാതൃഭൂമി തൻ
വിശ്വാസമാർജ്ജിച്ച് കർമ്മനിരതനായി
വിനോദമേകുമീ വദന കാന്തിയും
വിവേകമാർന്നൊരീ കർമ്മ ശുദ്ധിയും
വിടയേകുന്നൊരീ ധന്യ വേളയിൽ
വിരഹ വ്യഥയാണെന്റെയുളളിലും
വിനോദ് ചന്ദ്രനാം നാമധേയത്തിൽ
വിശ്വനാഥനാമീശന്റെ കാരുണ്യം
വീശിടേണമേ ശിഷ്ട കാലത്തും
വിശ്വമുള്ളോരു കാലം വരേക്കുമേ.
-പ്രശാന്ത് കണ്ണോം-