Sunday, 23 December 2018

ക്രിസ്മസ് തലേന്ന്

എന്നെ ആരും നോക്കുന്നു പോലുമില്ല.എല്ലാവരും ബാഹ്യ സൗന്ദരത്തിൽ ഭ്രമിച്ചവരാണ്.ഓരോരാളും സമീപത്തുടെ കടന്നു പോകുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്.എന്തൊക്കെ പ്രതീക്ഷകളോടെയാണ് ഞാനീ ബേക്കറിയിലെത്തിയത്.ഇന്നേക്ക് മൂന്നു ദിവസായി നാളെ ക്രിസ്മസ്സുമായി.കഴിഞ്ഞ ദിവസം കുറെ ന്യുജൻ ചെക്കൻമാർ ബർത്ത് ഡേ അടിച്ചു പൊളിക്കാൻ വന്നപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.ഒരു തടിയൻ പയ്യന്റെ നോട്ടം എനിക്കും  ഇഷ്ടായിരുന്നു.
പക്ഷെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു.അവരും  വൈറ്റുംറെഡുംക്രീമുംഇട്ടോരൊപ്പായിരുന്നു.ഇന്ന് ക്രിസ്മസ് തലേന്ന് അവസാന നിമിഷം ആരേലും വരും.പ്രതീക്ഷകളാണല്ലോ ജീവിതത്തിന് നിറം പകരുന്നത്.ഒരു പാട് വെന്തുരുകി മധുരിക്കുന്ന മനസ്സും ശരീരവുമായി ഒരു നല്ല വിരുന്നിൽ പംകെടുക്കാൻ ആശിച്ചു കൊതിച്ചാണ് ഞാൻ കാത്തിരിക്കുന്നതെന്ന് ആരെംകിലും അറീന്നുണ്ടൊ.ആരെംകിലും എന്റെ ശരീരം പിച്ചിച്ചീന്തും.അത് നല്ല കുടുംബത്തിലുള്ള ഒരാളാവണേ നല്ല മനസ്സുള്ള ഒരാളാവണേ .ഈ ജന്മം  വിഫലമാകല്ലേ.  നെഞ്ചുരുകിയുള്ള പ്രാർത്ഥന അതു മാത്രമാണ്.എന്നെ ആരോ സ്പർശിക്കുന്നു.
എന്റെ ഹൃദയമിടിപ്പ് ഞാനറിയുന്നു.വിട..
സ്വന്തം
ബ്ളാക്ക് ഫോറസ്റ്റ്

Thursday, 6 December 2018

വാനരൻ (മൃഗപ്പാട്ട് )

വാനരനോടി നടപ്പാണേ
വാകമരത്തിൻ കൊമ്പിൽ
വാലിൽ തൂങ്ങിയാടുന്നേ
വാനം മുട്ടെ ചാടുന്നേ.
-പ്രശാന്ത് കണ്ണോം-

Friday, 23 November 2018

ഓട്ടർഷ

നാടിന്റെ നന്മയും ഗന്ധവു മുള്ള ഒരു നല്ല ചിത്രം.കോടി മുടക്കി കൂപ്പു കുത്തുന്ന സൂപ്പർ താര ചിത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു ഓട്ടർഷ.അനുശ്രീയുടെ ഓട്ടോഡ്രൈവർ കുടുംബ സദസ്സുകളെയും നിറച്ച് ഓട്ടം തുടങ്ങിയിരിക്കുന്നു. വായിൽ തോന്നിയത് വിളിച്ചു പറഞ്ഞ് സിനിമയെ തകർക്കുന്നവർക്കൊരു താക്കീതാണീ ചിത്രം.ഇതിലെ പുതുമുഖങ്ങളെല്ലാം അഭിനന്ദനമർഹിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു.ദൃശ്യങ്ങൾ അതിമനോഹരമാണ്.മലയാളികൾക്ക് നെഞ്ചേറ്റാൻ നാട്ടിൻ പുറത്തിന്റെ നന്മകളുള്ള ഒരു കുഞ്ഞു സിനിമ.ഏവർക്കും കണ്ടാസ്വദിക്കാംമടുപ്പില്ലാതെ.
-പ്രശാന്ത് കണ്ണോം-

Friday, 2 November 2018

മാൻ (മൃഗപ്പാട്ട് )

മാനേ നീയിന്നെങ്ങോട്ടാ
മാനം നോക്കി ചാടുന്നേ?
മാരി വരുന്നത് കണ്ടില്ലേ
മാളം തേടി പോണൂ ഞാൻ
-പ്രശാന്ത് കണ്ണോം-

Tuesday, 16 October 2018

മുയൽ(മൃഗപ്പാട്ട് )

മുയലൊന്നുണ്ടേ വയലിൽ
മുകിലൊന്നുണ്ടേ മുകളിൽ
മുയലിന് കൂട്ടായ് ഞാനുണ്ടേ
മുകിലിന് അമ്പിളി കൂട്ടുണ്ടേ.
-പ്രശാന്ത് കണ്ണോം-

Friday, 12 October 2018

ഒട്ടകം(മൃഗപ്പാട്ട് )

ഒട്ടകമൊന്നു വരുന്നുണ്ടേ
ഒത്തിരി ദൂരം താണ്ടീട്ട്
ഒപ്പം പോകാം കട്ടികളേ
ഒട്ടും സമയം കളയേണ്ട.
-പ്രശാന്ത് കണ്ണോം-




Monday, 8 October 2018

കുതിര(മൃഗപ്പാട്ട് )

കുതിച്ചു പായും വെള്ളക്കുതിരേ
കുത്താൻ കൊമ്പു നിനക്കില്ലേ.?
കുഞ്ഞിക്കാലിൽ  ലാടമണിഞ്ഞ്
കുസൃതി കളിച്ചു നടപ്പാണോ!
-പ്രശാന്ത് കണ്ണോം-

Sunday, 7 October 2018

കഴുത(മൃഗപ്പാട്ട് )

കഴുതപ്പുറമതിലെന്താണ് ?
കനമേറുന്നൊരു ചാക്കാണേ
കനവും പേറി നടക്കാനോ
കഴുതക്കെന്നും മടിയാണേ!.
-പ്രശാന്ത് കണ്ണോം-

Thursday, 4 October 2018

കുറുനരി (മൃഗപ്പാട്ട് )

കുറിയൊരു കുറുനരിവന്നേരം
കുട്ടികൾ പേടിച്ചലറുന്നേ
കുറുവടി കയ്യിലെടുത്തപ്പോൾ
കുറുനരി പേടിച്ചോടുന്നേ.
-പ്രശാന്ത് കണ്ണോം-

Tuesday, 2 October 2018

പോത്ത് (മൃഗപ്പാട്ട് )

പോത്തന്നൂരൊരു പോത്തുണ്ടേ
പോത്തിനു വലുതാം കൊമ്പുണ്ടേ
പോത്തിൻ കോമ്പിനു ചേലുണ്ടേ
പോത്തിനു പണിയാൻ മടിയുണ്ടേ.
-പ്രശാന്ത് കണ്ണോം-

Monday, 1 October 2018

എരുമ (മൃഗപ്പാട്ട് )

എന്തൊരു ചന്തം എരുമക്ക്
എന്നുടെ സ്വന്തം എരുമക്ക്
എന്നും നിറയെ പാലും തരും
എന്നുടെയരുമ  ഈയെരുമ.
-പ്രശാന്ത് കണ്ണോം-

Saturday, 29 September 2018

കാള(മൃഗപ്പാട്ട് )

കണ്ടോ കാള വരുന്നുണ്ടേ
കറുത്തിരുണ്ടൊരു ചേലാണേ
കണ്ടോ കൊമ്പു കുലുക്കുന്നേ
കണ്ടവരമ്പോ! ഓടുന്നേ
-പ്രശാന്ത് കണ്ണോം -

Thursday, 27 September 2018

പശു (മൃഗപ്പാട്ട് )

പശുവൊന്നുണ്ടേ കേശൂന്
പനിമതിപോലെ വെളുത്ത പശു
പയ്യൻമാരെ കൊതി വേണ്ട
പശുവിൻ പാലു കറന്നു തരാം.
-പ്രശാന്ത് കണ്ണോം-

Tuesday, 25 September 2018

ആട്(മൃഗപ്പാട്ട്)

ആടൊന്നോടി വരുന്നേ
ആരാ പിറകെ  ഓടുന്നേ?
ആടിൻ പാലു കറന്നീടാൻ
ആലങ്ങാട്ടെ പാത്തുമ്മ
- പ്രശാന്ത് കണ്ണോം -

പട്ടി(മൃഗപ്പാട്ട്)

(ബാലസാഹിത്യം)

പട്ടി വരുന്നേ കുട്ടികളേ
പല്ലുമിളിച്ച് വരുന്നുണ്ടേ
പമ്മി പമ്മി നടന്നില്ലേൽ
പണികിട്ടീടും സൂക്ഷിച്ചോ!
-പ്രശാന്ത് കണ്ണോം -

Sunday, 23 September 2018

പൂച്ച(മൃഗപ്പാട്ട്)

(ബാലസാഹിത്യം)

പൂച്ചയക്കിഷ്ടം മീനാണേ
കാച്ചിയെടുത്താരു പാലാണെ
പൂച്ച വരുന്നേ അച്ചാമ്മേ
കാച്ചിയ പാല് സൂക്ഷിച്ചോ.
-പ്രശാന്ത് കണ്ണോം -

Tuesday, 11 September 2018

അം-അംബുജം(സ്വരാക്ഷരപ്പാട്ട് )

അംബുജമൊന്നു വിരിഞ്ഞേ
അംഗനമാരതു കണ്ടേ
അംഗുലി കൊണ്ടതു നുള്ളി
അംബരമൊന്നിലണിഞ്ഞേ
-പ്രശാന്ത് കണ്ണോം -

Sunday, 9 September 2018

ഔ-ഔഷധം(സ്വരാക്ഷരപ്പാട്ട് )

ഔഷധമൊന്നു വാങ്ങാനായി
ഔതച്ചേട്ടൻ പോകുമ്പോൾ
ഔഷധമൊത്തിരി മേടിച്ച്
ഔസേപ്പച്ചൻ വരണുണ്ടേ
-പ്രശാന്ത് കണ്ണോം -

Friday, 7 September 2018

ഓ-ഓന്ത് (സ്വരാക്ഷരപ്പാട്ട് )

ഓന്ത് വരുന്നത് കണ്ടിട്ട്
ഓടിയൊളിച്ചു കുഞ്ഞുണ്ണി
ഓലത്തുമ്പിലിരുന്നീട്ട്
ഓന്തതു കണ്ടു ചിരിക്കുന്നേ.
-പ്രശാന്ത് കണ്ണോം -

Thursday, 6 September 2018

ഒ-ഒച്ച്(സ്വരാക്ഷരപ്പാട്ട് )

ഒച്ചിഴയുന്നത് കണ്ടില്ലേ
ഒച്ചയിടാതത് നോക്കീടാം
ഒത്തിരി ദൂരം താണ്ടാനായ്
ഒറ്റയ്ക്കാണേയീ യാത്ര.
-പ്രശാന്ത് കണ്ണോം -

ഐ-ഐരാവതം(സ്വരാക്ഷരപ്പാട്ട് )

എെരാവതമത് സ്വർഗ്ഗത്തിൽ
എെശ്വര്യത്താൽ വാഴുന്നേ
എെക്യത്തോടെ ദേവന്മാർ
എെവരുമൊന്നായ് നോക്കുന്നേ.
-പ്രശാന്ത് കണ്ണോം -

Tuesday, 4 September 2018

ഏ-ഏണി(സ്വരാക്ഷരപ്പാട്ട് )

ഏണിയെടുത്തു നടന്നേ
ഏലങ്ങാട്ടേ ചാണ്ടി
ഏത്തക്കുലകൾ പറിച്ചേ
ഏഴെട്ടെണ്ണം വിറ്റേ.
-പ്രശാന്ത് കണ്ണോം -

Monday, 3 September 2018

എ-എലി(സ്വരാക്ഷരപ്പാട്ട് )

എലിയൊന്നു ചാടി നടക്കുന്നേ
എലിയാമ്മ കെണിയുമെടുക്കുന്നേ
എലിയാ കെണിയിൽ വീഴുന്നേ
എലിയാമ്മയെലിയെയടിക്കുന്നേ
-പ്രശാന്ത് കണ്ണോം -

Sunday, 2 September 2018

ഋ-ഋഷി(സ്വരാക്ഷരപ്പാട്ട് )

ഋഷികൾ കാട്ടിൽ തപസ്സാണെ
ഋതുക്കളെല്ലാം പലതാണെ
ഋഷഭം വയലിൽ പണിയാണേ
ഋണമായ്  വാങ്ങാൻ മടിയാണേ
-പ്രശാന്ത് കണ്ണോം -

ഊ-ഊഞ്ഞാൽ(സ്വരാക്ഷരപ്പാട്ട് )

ഊഞ്ഞാലിലാടുവാനെന്തു രസം
ഊത്ത് വിളിക്കുവാനെന്തു രസം
ഊതാം ബലൂണതിനെന്തു രസം
ഊണുണ്ടുറങ്ങുവാനെന്തു രസം

പ്രശാന്ത് കണ്ണോം 

Friday, 31 August 2018

ഉ-ഉറി(സ്വരാക്ഷരപ്പാട്ട് )

ഉറിയൊന്നുണ്ടേ തൂങ്ങുന്നേ
ഉറിയിൽ വെണ്ണയിരിപ്പുണ്ടേ
ഉണ്ണിക്കുട്ടൻ കൊതിയോടെ
ഉറിയും നോക്കിയിരിപ്പാണേ
പ്രശാന്ത് കണ്ണോം


Thursday, 30 August 2018

ഈ-ഈച്ച(സ്വരാക്ഷരപ്പാട്ട് )

ഈച്ച വരുന്നുണ്ടേ തേനീച്ച
ഈണത്തിൽ മൂളി വരുന്നുണ്ടേ
ഈമരക്കൊമ്പിലേ കൂട്ടിനുള്ളിൽ
ഈച്ചയ്ക്ക് കൂട്ടായി റാണിയുണ്ടേ

പ്രശാന്ത് കണ്ണോം

Wednesday, 29 August 2018

ഇ-ഇല(സ്വരാക്ഷരപ്പാട്ട് )

ഇലയിൽ മുമ്പൻ വാഴയില
ഇലയൂണമ്പോ ബഹുകേമം
ഇലയടയാണേൽ രുചിയേറും
ഇലയതുവേണേൽ കുട ചൂടാം

പ്രശാന്ത് കണ്ണോം

Tuesday, 28 August 2018

ആ-ആന(സ്വരാക്ഷരപ്പാട്ട് )

ആന അനങ്ങി വരണ കണ്ടോ
ആറാട്ടു കൂടാൻ വരണ കണ്ടോ
ആരും കൊതിക്കണ ചേലു കണ്ടോ
ആളുകൾ പിമ്പേ പോണ കണ്ടോ

പ്രശാന്ത് കണ്ണോം

അ-അമ്മ(സ്വരാക്ഷരപ്പാട്ട് )

അമ്മയെന്നുമെന്റെ സ്വന്തമായിരുന്നു
അമ്മ ചൊന്നതെല്ലാം നന്മയായിരുന്നു
അമ്മതന്നെയെന്നും നാം പിറന്ന നാടും
അമ്മയെ നമിക്കാം നന്മതേടി നീങ്ങാം

പ്രശാന്ത് കണ്ണോം

Sunday, 26 August 2018

കേരളപ്പെണ്ണ്

ചിഞ്ചിലം പാടിയൊഴുകും പുഴ
ചില്ലകൾ താഴ്ത്തിയ കണ്ടലുകൾ
ചിത്തിരത്തോണികളേറെയുണ്ടേ
ചിത്തത്തിലാനന്ദമേകീടുന്നേ
കേരങ്ങൾ തിങ്ങിയ തീരങ്ങളും
കേകികളാടുന്ന പൂന്തൊടികൾ
കേളികൊട്ടെങ്ങും മുഴങ്ങീടുന്നേ
കേരളപ്പെണ്ണിനിതെന്തുഭംഗി

പ്രശാന്ത് കണ്ണോം 

Saturday, 25 August 2018

തത്തമ്മേ

മാമരമൊന്നിൽ തത്തി നടന്ന്
മാന്തളിർ തിന്നും തത്തമ്മേ
മാവിൻ ചോട്ടിൽ നില്ക്കുമെനിക്ക്
മാമ്പൂ തരുമോ തത്തമ്മേ
പ്രശാന്ത് കണ്ണോം

Friday, 24 August 2018

നമിക്കാം

മണിനാദവും ചെണ്ടവാദ്യവും മുഴങ്ങുന്ന
പ്രഭാത പൂജാവേള..കിഴക്കിന്റെ അരുണകിരണങ്ങൾ മാടായി തിരുവർക്കാട്ടമ്മയുടെ തൃച്ചേവടികളെ വന്ദിക്കുന്ന പുലർവേള.
തിരവോണദിനത്തിലെ അമ്മയുടെ ദർശന സായൂജ്യം.പ്രകൃതി...ശക്തി...മഹാപ്രളയസാക്ഷിണി...തിരുനടയിൽ ശിരസ്സു നമിച്ചപ്പോൾ
ഒരു വിദ്യുത് സ്പുലിംഗം തരംഗരൂപിയായ് കടന്നു പോയ്...ജന്മാന്തര പാപബന്ധങ്ങളുടെമുക്തി...നമിക്കാം ദുരിത നിവാരണത്തിനായ് പ്രാർത്ഥിക്കാം

പൊന്നോണം


അത്തത്തിനൊത്തിരി പൂ പറിച്ച്
ചിത്തിരപ്പെണ്ണ് ഒരുങ്ങി വന്നേ
ചോതിയോ മുറ്റത്ത് പൂക്കളിട്ടു
വിശാഖമൊ പൊന്നരിച്ചോറുവച്ചു
അനിഴം കറികൾ പലതൊരുക്കി
തൃക്കേട്ട പായസം രണ്ടു വച്ചു
മൂലമോ വാഴയില മുറിച്ചു
പൂരാടം താളത്തിൽ പാട്ടു പാടി
ഉത്രാടം മേളമൊരുക്കി നന്നായ്
തിരുവോണത്തപ്പനേ കാത്തിരുന്നു
പ്രശാന്ത് കണ്ണോം

Thursday, 23 August 2018

ഉത്രാടത്തലേന്ന്

''അയ്യോ അവളെവിടെ...തന്റെ കണ്ണായവൾ
അവളില്ലെംകിൽ താനില്ല കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നും കൂടെ പോന്നതാ.
തന്റെ ഓരോ പ്രവർത്തിക്കും കൂട്ടിരുന്നവൾ.
എഴുത്തും വായനയും ഓഫീസിലെ സിസ്റ്റം പ്രോഗ്രാമുകളും എല്ലാം അവളില്ലാതെ ചെയ്യാനാകില്ല...ഉറങ്ങുമ്പോൾ മാത്രമാണ് അവളെന്നെ പിരിയാറുള്ളത്...പക്ഷെ അവളെ എനിക്ക് നഷ്ടമായിരിക്കുന്നു''
അയാൾ ആ സത്യവുമായി പൊരുത്തപ്പെടാൻപാടുപെട്ടു.

അയാൾ വൈകുന്നേരം പതിവിലും നേരത്തേ റെയിൽവേ സ്റ്റഷനിൽ വന്നിറങ്ങിതായിരുന്നു.ഉത്രാടത്തിനും ഒാണത്തിനുംഅവധി.അടുത്ത ദിവസം ഞായറാഴ്ചയും.മൂന്നു ദിവസം അവധി.ഇക്കുറി പ്രളയം കാരണം ആഘോഷങ്ങളില്ല.ദുരിത ബാധിതർക്കായി എന്തെംകിലും ചെയ്യണം.ചിന്തകൾ പലവഴിക്കും പോയി.

മഴ ചാറാൻ തുടങ്ങി.കോട്ടും ഹെൽമ്മറ്റും ധരിച്ചു.അവളെ മഴച്ചാറലേൽക്കാതിരിക്കാൻ
സ്കൂട്ടറിന്റെ മുന്നിലെ ഹോൾഡറിലിരുത്തിയിരുന്നു.അവിടെ അവൾ സേഫായിരുന്നു.
ആകെ സ്കൂട്ടർ നിർത്തിയിട്ടത് പച്ചക്കറിക്കടക്കു മുന്നിലാണ്.
സാധനങ്ങൾ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവളില്ല...

''ആരാണ് അവളെ കിഡ്നാപ്പു ചെയ്തത്.
എന്തിനാണീ ക്രൂരത..? അല്ല അവൾ ചാടിപ്പോയതാണോ...''വന്ന വഴിയേ റെയിൽവേ സ്റ്റേഷൻ വരെ അയാൾ അവളെ തിരഞ്ഞു നടന്നു.അയാളുടെ നെഞ്ചകം നീറി.
അയാൾകരഞ്ഞു. അവളെ കണ്ടെത്താൻ അയാൾക്കയില്ല.തന്റെ കണ്ണിൻ വെളിച്ച മാണ് നഷ്ടപ്പെട്ടത്.തന്റെ കാഴ്ച...താൻ ഏറെ ഇഷ്ടപ്പെട്ട ലണ്ടൻ ഹോർസ് എസ് പി 'കണ്ണട'

തിരുവോണം

തിരുവോണത്തിൻ തിരുമുറ്റത്ത്
തിരുവാതിരയും പൂക്കളവും
തിരുവോണത്തിൻ കോടിയണിഞ്ഞ്
തിരുനാമങ്ങൾ പാടുന്നേ
പ്രശാന്ത് കണ്ണോം

Wednesday, 22 August 2018

ഉത്രാടം

ഉത്രാടപ്പൊൻ വെയിലെത്തിനോക്കി
ഉമ്മറമുറ്റത്തെ  പൂക്കളത്തേ
ഉത്രാട സദ്യയൊരുങ്ങിയല്ലോ
ഉൽസാഹമായല്ലോ കുട്ടികൾക്കും
പ്രശാന്ത് കണ്ണോം

Tuesday, 21 August 2018

പൂരാടം

പൂരാടത്തിന് പൂന്തേനുണ്ണാൻ
പൂവുകൾ തേടും പൂമ്പാറ്റേ
പൂത്തുവിരിഞ്ഞൊരു പൂമരമുണ്ടേ
പൂന്തേൻ തരികിൽ പറയാം ഞാൻ
പ്രശാന്ത് കണ്ണോം

Monday, 20 August 2018

മൂലം

മൂലമോ മാനത്തുദിച്ചു നിന്നേ
മൂന്നുലോകങ്ങളും ദീപ്തമാക്കാൻ മൂവന്തിനേരമായ് മാലോകരീ
മൂവർണ്ണകാന്തിയിൽ മുങ്ങീടുന്നേ
പ്രശാന്ത് കണ്ണോം

Sunday, 19 August 2018

തൃക്കേട്ട

തൃക്കേട്ട നാളെത്തി കൂട്ടുകാരേ
തൃക്കരങ്ങൾ കൊട്ടി ആടിടേണ്ടേ
തൃക്കണ്ണനീശനെ വാഴ്ത്തിടേണ്ടേ
തൃച്ചേവടികൾ നമിച്ചിടേണ്ടേ
പ്രശാന്ത് കണ്ണോം

Saturday, 18 August 2018

അനിഴം

അനിഴമലയിലായ് പൂത്തു നിൽക്കും
അരിമുല്ല കാറ്റിനോടോതിയല്ലോ
അരുതേ നീ ശാന്തത കൈവിടല്ലേ
അരുമക്കിടാങ്ങളേ കാത്തിടേണം
പ്രശാന്ത് കണ്ണോം

Friday, 17 August 2018

വിശാഖം

വിണ്ണിലുദിച്ചു വിശാഖ താരം
വിശ്വത്തിനാനന്ദമേകിടാനായ്
വിനയം വെടിയാതെ മുന്നേറണം
വിജയങ്ങളൊന്നായി നേടീടണം
പ്രശാന്ത് കണ്ണോം

Thursday, 16 August 2018

ചോതി

ചോതിപ്പറവകൾ പാറി വന്നേ
ചോലക്കരയിലെ പൂ പറിക്കാൻ
ചോദ്യങ്ങളൊന്നുമേ ചൊല്ലിടാതെ
ചോറും കറികളും നൽകിടും ഞാൻ
പ്രശാന്ത് കണ്ണോം

Wednesday, 15 August 2018

ചിത്തിര

ചിത്തിര ചന്തത്തിലെത്തിയല്ലോ
ചിത്തം നിറക്കുവാൻ മോദമേകാൻ
ചിഞ്ചിലം താളത്തിൽ നൃത്തമാടി.
ചിത്രശലഭങ്ങൾ കൂട്ടിനുണ്ടേ
പ്രശാന്ത് കണ്ണോം

അത്തം തൊട്ടോണം

അത്തം പൂവിളി കൂട്ടുന്നേ
ചിത്തിര ചമയമൊരുക്കുന്നേ
ചോതിപ്പറവകൾ കൂവുന്നേ
വിശാഖം കോടിയുടുക്കുന്നേ
അനിഴം സദ്യയൊരുക്കുന്നേ
തൃക്കേട്ട ദീപം കൊളുത്തുന്നേ
മൂലം മുറ്റമൊരുക്കുന്നേ
പൂരാടം പൂക്കളം തീർക്കുന്നേ
ഉത്രാടം ആർപ്പു വിളിക്കുന്നേ
തിരുവോണം വന്നേ കൂട്ടുകാരെ

Tuesday, 14 August 2018

സ്വാതന്ത്ര്യ നാൾ

പാറും പറവകൾ വാനിലൂടെ
പായും മൃഗങ്ങൾ വനത്തിലൂടെ
പാരിടമെങ്ങുമേ ജീവജാലം
പാരതന്ത്ര്യത്തെ ഭയപ്പെടുന്നു
സ്വാതന്ത്ര്യ ബോധം വളർത്തിടേണം
സ്വാതന്ത്ര്യമെന്നും കാത്തിടേണം
സ്വാതന്ത്ര്യനാളിൻ സ്മരണവേണം
സ്വാതന്ത്ര്യമെന്നുമമൃതമാണേ
പ്രശാന്ത്  കണ്ണോം

Saturday, 11 August 2018

പൊൻ സുദിനം

സ്വാതന്ത്ര്യ ദിനാശംസകൾ

ബാലഭൂമി 10.08.2018