Friday, 31 August 2018

ഉ-ഉറി(സ്വരാക്ഷരപ്പാട്ട് )

ഉറിയൊന്നുണ്ടേ തൂങ്ങുന്നേ
ഉറിയിൽ വെണ്ണയിരിപ്പുണ്ടേ
ഉണ്ണിക്കുട്ടൻ കൊതിയോടെ
ഉറിയും നോക്കിയിരിപ്പാണേ
പ്രശാന്ത് കണ്ണോം


Thursday, 30 August 2018

ഈ-ഈച്ച(സ്വരാക്ഷരപ്പാട്ട് )

ഈച്ച വരുന്നുണ്ടേ തേനീച്ച
ഈണത്തിൽ മൂളി വരുന്നുണ്ടേ
ഈമരക്കൊമ്പിലേ കൂട്ടിനുള്ളിൽ
ഈച്ചയ്ക്ക് കൂട്ടായി റാണിയുണ്ടേ

പ്രശാന്ത് കണ്ണോം

Wednesday, 29 August 2018

ഇ-ഇല(സ്വരാക്ഷരപ്പാട്ട് )

ഇലയിൽ മുമ്പൻ വാഴയില
ഇലയൂണമ്പോ ബഹുകേമം
ഇലയടയാണേൽ രുചിയേറും
ഇലയതുവേണേൽ കുട ചൂടാം

പ്രശാന്ത് കണ്ണോം

Tuesday, 28 August 2018

ആ-ആന(സ്വരാക്ഷരപ്പാട്ട് )

ആന അനങ്ങി വരണ കണ്ടോ
ആറാട്ടു കൂടാൻ വരണ കണ്ടോ
ആരും കൊതിക്കണ ചേലു കണ്ടോ
ആളുകൾ പിമ്പേ പോണ കണ്ടോ

പ്രശാന്ത് കണ്ണോം

അ-അമ്മ(സ്വരാക്ഷരപ്പാട്ട് )

അമ്മയെന്നുമെന്റെ സ്വന്തമായിരുന്നു
അമ്മ ചൊന്നതെല്ലാം നന്മയായിരുന്നു
അമ്മതന്നെയെന്നും നാം പിറന്ന നാടും
അമ്മയെ നമിക്കാം നന്മതേടി നീങ്ങാം

പ്രശാന്ത് കണ്ണോം

Sunday, 26 August 2018

കേരളപ്പെണ്ണ്

ചിഞ്ചിലം പാടിയൊഴുകും പുഴ
ചില്ലകൾ താഴ്ത്തിയ കണ്ടലുകൾ
ചിത്തിരത്തോണികളേറെയുണ്ടേ
ചിത്തത്തിലാനന്ദമേകീടുന്നേ
കേരങ്ങൾ തിങ്ങിയ തീരങ്ങളും
കേകികളാടുന്ന പൂന്തൊടികൾ
കേളികൊട്ടെങ്ങും മുഴങ്ങീടുന്നേ
കേരളപ്പെണ്ണിനിതെന്തുഭംഗി

പ്രശാന്ത് കണ്ണോം 

Saturday, 25 August 2018

തത്തമ്മേ

മാമരമൊന്നിൽ തത്തി നടന്ന്
മാന്തളിർ തിന്നും തത്തമ്മേ
മാവിൻ ചോട്ടിൽ നില്ക്കുമെനിക്ക്
മാമ്പൂ തരുമോ തത്തമ്മേ
പ്രശാന്ത് കണ്ണോം

Friday, 24 August 2018

നമിക്കാം

മണിനാദവും ചെണ്ടവാദ്യവും മുഴങ്ങുന്ന
പ്രഭാത പൂജാവേള..കിഴക്കിന്റെ അരുണകിരണങ്ങൾ മാടായി തിരുവർക്കാട്ടമ്മയുടെ തൃച്ചേവടികളെ വന്ദിക്കുന്ന പുലർവേള.
തിരവോണദിനത്തിലെ അമ്മയുടെ ദർശന സായൂജ്യം.പ്രകൃതി...ശക്തി...മഹാപ്രളയസാക്ഷിണി...തിരുനടയിൽ ശിരസ്സു നമിച്ചപ്പോൾ
ഒരു വിദ്യുത് സ്പുലിംഗം തരംഗരൂപിയായ് കടന്നു പോയ്...ജന്മാന്തര പാപബന്ധങ്ങളുടെമുക്തി...നമിക്കാം ദുരിത നിവാരണത്തിനായ് പ്രാർത്ഥിക്കാം

പൊന്നോണം


അത്തത്തിനൊത്തിരി പൂ പറിച്ച്
ചിത്തിരപ്പെണ്ണ് ഒരുങ്ങി വന്നേ
ചോതിയോ മുറ്റത്ത് പൂക്കളിട്ടു
വിശാഖമൊ പൊന്നരിച്ചോറുവച്ചു
അനിഴം കറികൾ പലതൊരുക്കി
തൃക്കേട്ട പായസം രണ്ടു വച്ചു
മൂലമോ വാഴയില മുറിച്ചു
പൂരാടം താളത്തിൽ പാട്ടു പാടി
ഉത്രാടം മേളമൊരുക്കി നന്നായ്
തിരുവോണത്തപ്പനേ കാത്തിരുന്നു
പ്രശാന്ത് കണ്ണോം

Thursday, 23 August 2018

ഉത്രാടത്തലേന്ന്

''അയ്യോ അവളെവിടെ...തന്റെ കണ്ണായവൾ
അവളില്ലെംകിൽ താനില്ല കഴിഞ്ഞ വർഷം ആലപ്പുഴയിൽ നിന്നും കൂടെ പോന്നതാ.
തന്റെ ഓരോ പ്രവർത്തിക്കും കൂട്ടിരുന്നവൾ.
എഴുത്തും വായനയും ഓഫീസിലെ സിസ്റ്റം പ്രോഗ്രാമുകളും എല്ലാം അവളില്ലാതെ ചെയ്യാനാകില്ല...ഉറങ്ങുമ്പോൾ മാത്രമാണ് അവളെന്നെ പിരിയാറുള്ളത്...പക്ഷെ അവളെ എനിക്ക് നഷ്ടമായിരിക്കുന്നു''
അയാൾ ആ സത്യവുമായി പൊരുത്തപ്പെടാൻപാടുപെട്ടു.

അയാൾ വൈകുന്നേരം പതിവിലും നേരത്തേ റെയിൽവേ സ്റ്റഷനിൽ വന്നിറങ്ങിതായിരുന്നു.ഉത്രാടത്തിനും ഒാണത്തിനുംഅവധി.അടുത്ത ദിവസം ഞായറാഴ്ചയും.മൂന്നു ദിവസം അവധി.ഇക്കുറി പ്രളയം കാരണം ആഘോഷങ്ങളില്ല.ദുരിത ബാധിതർക്കായി എന്തെംകിലും ചെയ്യണം.ചിന്തകൾ പലവഴിക്കും പോയി.

മഴ ചാറാൻ തുടങ്ങി.കോട്ടും ഹെൽമ്മറ്റും ധരിച്ചു.അവളെ മഴച്ചാറലേൽക്കാതിരിക്കാൻ
സ്കൂട്ടറിന്റെ മുന്നിലെ ഹോൾഡറിലിരുത്തിയിരുന്നു.അവിടെ അവൾ സേഫായിരുന്നു.
ആകെ സ്കൂട്ടർ നിർത്തിയിട്ടത് പച്ചക്കറിക്കടക്കു മുന്നിലാണ്.
സാധനങ്ങൾ വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അവളില്ല...

''ആരാണ് അവളെ കിഡ്നാപ്പു ചെയ്തത്.
എന്തിനാണീ ക്രൂരത..? അല്ല അവൾ ചാടിപ്പോയതാണോ...''വന്ന വഴിയേ റെയിൽവേ സ്റ്റേഷൻ വരെ അയാൾ അവളെ തിരഞ്ഞു നടന്നു.അയാളുടെ നെഞ്ചകം നീറി.
അയാൾകരഞ്ഞു. അവളെ കണ്ടെത്താൻ അയാൾക്കയില്ല.തന്റെ കണ്ണിൻ വെളിച്ച മാണ് നഷ്ടപ്പെട്ടത്.തന്റെ കാഴ്ച...താൻ ഏറെ ഇഷ്ടപ്പെട്ട ലണ്ടൻ ഹോർസ് എസ് പി 'കണ്ണട'

തിരുവോണം

തിരുവോണത്തിൻ തിരുമുറ്റത്ത്
തിരുവാതിരയും പൂക്കളവും
തിരുവോണത്തിൻ കോടിയണിഞ്ഞ്
തിരുനാമങ്ങൾ പാടുന്നേ
പ്രശാന്ത് കണ്ണോം

Wednesday, 22 August 2018

ഉത്രാടം

ഉത്രാടപ്പൊൻ വെയിലെത്തിനോക്കി
ഉമ്മറമുറ്റത്തെ  പൂക്കളത്തേ
ഉത്രാട സദ്യയൊരുങ്ങിയല്ലോ
ഉൽസാഹമായല്ലോ കുട്ടികൾക്കും
പ്രശാന്ത് കണ്ണോം

Tuesday, 21 August 2018

പൂരാടം

പൂരാടത്തിന് പൂന്തേനുണ്ണാൻ
പൂവുകൾ തേടും പൂമ്പാറ്റേ
പൂത്തുവിരിഞ്ഞൊരു പൂമരമുണ്ടേ
പൂന്തേൻ തരികിൽ പറയാം ഞാൻ
പ്രശാന്ത് കണ്ണോം

Monday, 20 August 2018

മൂലം

മൂലമോ മാനത്തുദിച്ചു നിന്നേ
മൂന്നുലോകങ്ങളും ദീപ്തമാക്കാൻ മൂവന്തിനേരമായ് മാലോകരീ
മൂവർണ്ണകാന്തിയിൽ മുങ്ങീടുന്നേ
പ്രശാന്ത് കണ്ണോം

Sunday, 19 August 2018

തൃക്കേട്ട

തൃക്കേട്ട നാളെത്തി കൂട്ടുകാരേ
തൃക്കരങ്ങൾ കൊട്ടി ആടിടേണ്ടേ
തൃക്കണ്ണനീശനെ വാഴ്ത്തിടേണ്ടേ
തൃച്ചേവടികൾ നമിച്ചിടേണ്ടേ
പ്രശാന്ത് കണ്ണോം

Saturday, 18 August 2018

അനിഴം

അനിഴമലയിലായ് പൂത്തു നിൽക്കും
അരിമുല്ല കാറ്റിനോടോതിയല്ലോ
അരുതേ നീ ശാന്തത കൈവിടല്ലേ
അരുമക്കിടാങ്ങളേ കാത്തിടേണം
പ്രശാന്ത് കണ്ണോം

Friday, 17 August 2018

വിശാഖം

വിണ്ണിലുദിച്ചു വിശാഖ താരം
വിശ്വത്തിനാനന്ദമേകിടാനായ്
വിനയം വെടിയാതെ മുന്നേറണം
വിജയങ്ങളൊന്നായി നേടീടണം
പ്രശാന്ത് കണ്ണോം

Thursday, 16 August 2018

ചോതി

ചോതിപ്പറവകൾ പാറി വന്നേ
ചോലക്കരയിലെ പൂ പറിക്കാൻ
ചോദ്യങ്ങളൊന്നുമേ ചൊല്ലിടാതെ
ചോറും കറികളും നൽകിടും ഞാൻ
പ്രശാന്ത് കണ്ണോം

Wednesday, 15 August 2018

ചിത്തിര

ചിത്തിര ചന്തത്തിലെത്തിയല്ലോ
ചിത്തം നിറക്കുവാൻ മോദമേകാൻ
ചിഞ്ചിലം താളത്തിൽ നൃത്തമാടി.
ചിത്രശലഭങ്ങൾ കൂട്ടിനുണ്ടേ
പ്രശാന്ത് കണ്ണോം

അത്തം തൊട്ടോണം

അത്തം പൂവിളി കൂട്ടുന്നേ
ചിത്തിര ചമയമൊരുക്കുന്നേ
ചോതിപ്പറവകൾ കൂവുന്നേ
വിശാഖം കോടിയുടുക്കുന്നേ
അനിഴം സദ്യയൊരുക്കുന്നേ
തൃക്കേട്ട ദീപം കൊളുത്തുന്നേ
മൂലം മുറ്റമൊരുക്കുന്നേ
പൂരാടം പൂക്കളം തീർക്കുന്നേ
ഉത്രാടം ആർപ്പു വിളിക്കുന്നേ
തിരുവോണം വന്നേ കൂട്ടുകാരെ

Tuesday, 14 August 2018

സ്വാതന്ത്ര്യ നാൾ

പാറും പറവകൾ വാനിലൂടെ
പായും മൃഗങ്ങൾ വനത്തിലൂടെ
പാരിടമെങ്ങുമേ ജീവജാലം
പാരതന്ത്ര്യത്തെ ഭയപ്പെടുന്നു
സ്വാതന്ത്ര്യ ബോധം വളർത്തിടേണം
സ്വാതന്ത്ര്യമെന്നും കാത്തിടേണം
സ്വാതന്ത്ര്യനാളിൻ സ്മരണവേണം
സ്വാതന്ത്ര്യമെന്നുമമൃതമാണേ
പ്രശാന്ത്  കണ്ണോം

Saturday, 11 August 2018

പൊൻ സുദിനം

സ്വാതന്ത്ര്യ ദിനാശംസകൾ

ബാലഭൂമി 10.08.2018

Thursday, 9 August 2018

കുട്ടനും തുമ്പീം

ഓണത്തുമ്പീ ഓമനത്തുമ്പീ
ഓണത്തിനിത്തിരി പൂ തരുമോ
ഓമനക്കുട്ടാ ഓടി വാ കുട്ടാ
ഓണത്തിനൊരുവട്ടി പൂ തരാലോ

പ്രശാന്ത് കണ്ണോം 

Wednesday, 8 August 2018

താളത്തിൽ



താളത്തിൽ പെയ്യുന്നേ ചാറ്റൽമഴ
താളത്തിൽ ആടുന്നേ പൊൻമയിലും
താളത്തിൽ തുള്ളുന്നേ മാക്രികളും
താളത്തിൽ പാടുന്നേ കുട്ടികളും

പ്രശാന്ത് കണ്ണോം 

കാക്കേം കുട്ടീം

കുട്ടീ കരയുവതെന്താണ്
കൂടേ നീയുംപോരുന്നോ
കാക്കേ  കൂടെ പാറീടാൻ
കുട്ടിച്ചിറകുകളില്ലല്ലോ!!

പ്രശാന്ത് കണ്ണോം

Monday, 6 August 2018

കാറ്(കുട്ടിക്കവിത)

കർക്കിടകത്തിൻ കറുത്ത കാറ്
കണ്ടില്ലേ മാനത്തൂടോടുന്നത്
കാറ്റിനാലോടുന്ന കാറുകൾക്ക്
കണ്ടില്ലേ ബ്രേക്കില്ല ചക്രമില്ല

പ്രശാന്ത് കണ്ണോം

Sunday, 5 August 2018

പെരുമഴ

മഴ മഴ പെരുമഴ  പെയ്യുന്നേ
മഴയാൽ പുഴകൾ നിറയുന്നേ
പുഴ വഴിമാറീട്ടൊഴുകുന്നേ
പലവഴിയാളുകളോടുന്നേ

പ്രശാന്ത് കണ്ണോം 

Saturday, 4 August 2018

എന്റെ കേരളം

Welcome ...
prasanthkannom.blogspot.com
ഇന്ന് കേരളപ്പിറവി ദിനം
ആശംസകളോടെ ...
എന്റെ കേരളം
-----------------------
കേരമരങ്ങള്‍ കുണുങ്ങിയാടും
കേരളപ്പെണ്ണിനിന്നെന്തു ചേല്
കേകികള്‍ നര്‍ത്തനമാടിടുന്ന
കേദാരമാം  മമ കേരളമേ
കുഞ്ചന്റെ തുള്ളല്‍ കഥകളിയും
കൂടിയാട്ടോം കൂത്തും കോലങ്ങളും
കുരവയിട്ടാര്‍പ്പു വിളികളുണ്ടേ
കൂട്ടരേ കേരളം പുണ്യനാട്
കേരള മണ്ണിന്റെ പൈതൃകത്തെ
കേവലം വാക്കിലൊതുക്കരുതേ
കേരളപ്പെണ്ണിനേ കാത്തിടേണം
കേളികളെങ്ങും പരത്തിടേണം