Thursday, 1 October 2020



ഗാന്ധിജയന്തി ആശംസകൾ 
..........................................
സത്യം മൊഴിയില്‍ സൂക്ഷിച്ച്
ധര്‍മ്മം വഴിയില്‍ കാണിച്ച്
പ്രേമം നിറയും ചിരിതൂകി
ശാന്തി പരത്തി മുന്നേറി
ഭാരതമണ്ണിന്‍ സ്വാതന്ത്ര്യം
നേടിയെടുത്ത ഗാന്ധിജിതന്‍
ജന്മദിനത്തിൽ ഒന്നിക്കാം
നേര്‍വഴി തേടി നടന്നീടാം
-പ്രശാന്ത് കണ്ണോം-

Sunday, 27 September 2020

കാലം

(കാഴ്ചക്കപ്പുറം)

ചിറകറ്റു പോയ കിളിപോലെയിന്നു നീ
ഇലയറ്റുണങ്ങിക്കരിഞ്ഞു പോയോ
അരുതേ നിൻ സംകടം പാടേയകറ്റുക
ഇലവരും നാൾ വരെ കൂട്ടിരിക്കാം
-പ്രശാന്ത് കണ്ണോം-

Sunday, 20 September 2020

മുത്തച്ഛൻ

വടിയും കുത്തി വരുന്നുണ്ടേ
മടിയില്ലാതെൻ മുത്തച്ഛൻ
വടിയുടെ ചോട്ടിൽ ഞാനുണ്ടേ
അടിതെറ്റാതെ നോക്കീടാൻ

പ്രശാന്ത് കണ്ണോം

Sunday, 13 September 2020

കിളിയും തോടും



ഇന്നലെ പൈയ്ത പുതുമഴയിൽ
ഇത്രയും വെള്ളം നിറച്ചൊഴുകി
ഇത്ര ധൃതിയിൽ നീയെങ്ങു പോണു
ഇത്തിരി വെള്ളം കുടിച്ചോട്ടെ ഞാൻ

ഇഷ്ടമായി കിന്നാരം കൊച്ചുകിളി
ഇഷ്ടംപോൽ വെള്ളം കുടിച്ചോളു നീ
ഇത്തിരി ചെന്നാൽ അരുവിയെത്തും
ഇന്ന് കറുക്കും മുമ്പെത്തിടും ഞാൻ
-പ്രശാന്ത് കണ്ണോം-

Monday, 17 August 2020

പൂത്തുമ്പിയോട്

ചിങ്ങം വന്നേ പൂത്തുമ്പീ
ചില്ലകൾ പൂത്തേ പൂത്തുമ്പീ
പൂക്കളുണർന്നേ പൂത്തുമ്പീ
പൂന്തേനുണ്ണാം പൂത്തുമ്പീ.
പൊൻകതിരുണ്ടേ പൂത്തുമ്പീ
പൊൻ പട്ടുണ്ടേ പൂത്തുമ്പീ
പൂക്കളമുണ്ടേ പൂത്തുമ്പീ
പൂവിളിയുണ്ടേ പൂത്തുമ്പീ
ഊഞ്ഞാലാടാം പൂത്തുമ്പീ
ഊണു വിളമ്പാം പൂത്തുമ്പീ
ഓണം കൂടാം പൂത്തുമ്പീ
ഓടിയണഞ്ഞോ പൂത്തുമ്പീ
-പ്രശാന്ത് കണ്ണോം-

Saturday, 15 August 2020

ഓർമ്മയിലെ സ്വാതന്ത്ര്യദിനം

(ബാലസാഹിത്യം)
പുഞ്ചിരിതൂകിയീ സ്കൂളിലിന്ന്
കുട്ടികളെല്ലാമണിനിരന്നേ
പുണ്യദിനമിന്ന് സ്വാതന്ത്ര്യ നാള്‍
കൂട്ടരെ ഓര്‍ക്ക നാം ഗാന്ധിജിയെ
പൂര്‍വ്വികര്‍ താണ്ടിയ പോര്‍വഴികള്‍
കുട്ടികളെ നാം പഠിച്ചിടേണം
പുസ്തകം നന്നായി വായിക്കണം
കൂട്ടരെ ഒന്നായി മുന്നേറണം
പുത്തന്‍ പ്രതിജ്ഞയെടുത്തിടേണം
കൂട്ടരേ സ്വാതന്ത്ര്യം കാത്തിടേണം

പ്രശാന്ത് കണ്ണോം

Sunday, 19 July 2020

പിറന്നാൾ

 
അമ്മയിൽ നിന്ന് 
അമ്മയാം മണ്ണിലേക്ക് പദമൂന്നി 
ഒരു നുള്ളു ശ്വാസത്താൽ 
ചിണുങ്ങി കരഞ്ഞാനന്ദിച്ച ദിനം
-പ്രശാന്ത് കണ്ണോം-