Monday, 17 August 2020

പൂത്തുമ്പിയോട്

ചിങ്ങം വന്നേ പൂത്തുമ്പീ
ചില്ലകൾ പൂത്തേ പൂത്തുമ്പീ
പൂക്കളുണർന്നേ പൂത്തുമ്പീ
പൂന്തേനുണ്ണാം പൂത്തുമ്പീ.
പൊൻകതിരുണ്ടേ പൂത്തുമ്പീ
പൊൻ പട്ടുണ്ടേ പൂത്തുമ്പീ
പൂക്കളമുണ്ടേ പൂത്തുമ്പീ
പൂവിളിയുണ്ടേ പൂത്തുമ്പീ
ഊഞ്ഞാലാടാം പൂത്തുമ്പീ
ഊണു വിളമ്പാം പൂത്തുമ്പീ
ഓണം കൂടാം പൂത്തുമ്പീ
ഓടിയണഞ്ഞോ പൂത്തുമ്പീ
-പ്രശാന്ത് കണ്ണോം-

Saturday, 15 August 2020

ഓർമ്മയിലെ സ്വാതന്ത്ര്യദിനം

(ബാലസാഹിത്യം)
പുഞ്ചിരിതൂകിയീ സ്കൂളിലിന്ന്
കുട്ടികളെല്ലാമണിനിരന്നേ
പുണ്യദിനമിന്ന് സ്വാതന്ത്ര്യ നാള്‍
കൂട്ടരെ ഓര്‍ക്ക നാം ഗാന്ധിജിയെ
പൂര്‍വ്വികര്‍ താണ്ടിയ പോര്‍വഴികള്‍
കുട്ടികളെ നാം പഠിച്ചിടേണം
പുസ്തകം നന്നായി വായിക്കണം
കൂട്ടരെ ഒന്നായി മുന്നേറണം
പുത്തന്‍ പ്രതിജ്ഞയെടുത്തിടേണം
കൂട്ടരേ സ്വാതന്ത്ര്യം കാത്തിടേണം

പ്രശാന്ത് കണ്ണോം

Sunday, 19 July 2020

പിറന്നാൾ

 
അമ്മയിൽ നിന്ന് 
അമ്മയാം മണ്ണിലേക്ക് പദമൂന്നി 
ഒരു നുള്ളു ശ്വാസത്താൽ 
ചിണുങ്ങി കരഞ്ഞാനന്ദിച്ച ദിനം
-പ്രശാന്ത് കണ്ണോം-

Saturday, 27 June 2020

ഈശ്വരചൈതന്യം

ഈശ്വരചൈതന്യമാകുന്ന മഹാസാഗരത്തിൽ ലയിക്കുക എന്നതാവണം നമ്മുടെ ലക്ഷ്യം.
നാം ഒരു മഴത്തുള്ളി മാത്രം.സാധനകളാകുന്ന കൈവഴികളിലൂടെ ചാലിട്ടൊഴുകി നദിയോടൊപ്പം ചേർന്നു ലക്ഷ്യം തെറ്റാതെ സാഗരത്തിലെത്തിച്ചേരണം.നല്ല സത്സംഗങ്ങളും പ്രർത്ഥനകളും നമ്മുടെ ഒഴുക്കിന് ശക്തി പകരും.സഹജീവികളോടുള്ള സ്നേഹവും സേവന മനോഭാവവും നമ്മുടെ വഴിയിലെ തടസ്സങ്ങൾ തട്ടിയകറ്റും.നമുക്ക്
വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാം
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com

Wednesday, 24 June 2020

കാൽപന്തിൻ സ്പന്ദനം നെഞ്ചിലേറ്റും
കായികലോകത്തെ മിശിഹ മെസ്സി
കാലിടറാതെ പട നയിക്കൂ നിന്നെ
കാലം തളർത്താതെ കാത്തിടട്ടേ
കാണണമെന്നും നിൻ ജൈത്രയാത്ര
കാത്തിരിപ്പാണെയീലോകരെല്ലാം
കാലിണ രണ്ടും പുണർന്നു നേരാം
കാലത്തിൻ ജന്മദിനാശംസകൾ

-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com

Tuesday, 23 June 2020

മാതാവിൻ മധുര ചുംബനം
മക്കൾക്കതമൃത ചുംബനം
പതിതൻ സ്നേഹചുംബനം
പത്നിമാർക്കതഭയ ചുബനം
കാമുകന്റെ പ്രണയചുംബനം
കാമുകിക്കത് കാമചുംബനം
മൃതമേനിയിലശ്രു ചുംബനം
മോക്ഷമേകുമതന്ത്യ ചുംബനം

-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com

Sunday, 21 June 2020

ലളിത സംഗീതം
മാരിവിൽ മാനത്ത് ചിറക് വിരിക്കുമ്പോൾ
മാനസപൊയ്കയിൽ നീയുണർന്നു
സപ്തവർണ്ണങ്ങളും സപ്തസ്വരങ്ങളും
സംഗീതമേ നിന്നിൽ അലിഞ്ഞു ചേർന്നു

മഴയുടെതാളത്തിൽ കേകികളാടുമ്പോൾ
മയിൽപീലിക്കണ്ണിനാൽ ഒളിഞ്ഞുനോക്കി
മലരമ്പാൽ ഞാനും വിളിച്ചുണർത്തി
മധുവൂറും ചുംബനം ഞാൻ ചൊരിഞ്ഞു

ഇളംകാറ്റിൻ ശ്രുതിയിൽ കുയിലുകൾ പാടുമ്പോൾ
ഇമചിമ്മാതിരുന്നു ഞാൻ നിന്നെ നോക്കി
സംഗീതമേ നിന്നെ പ്രണയിച്ചു ഞാനിന്ന്
സാർത്ഥകമാക്കട്ടേയെന്റെ ജന്മം

മാരിവിൽ മാനത്ത് ചിറക് വിരിക്കുമ്പോൾ
മാനസപൊയ്കയിൽ നീയുണർന്നു
സപ്തവർണ്ണങ്ങളും സപ്തസ്വരങ്ങളും
സംഗീതമേ നിന്നിൽ അലിഞ്ഞു ചേർന്നു

പ്രശാന്ത് കണ്ണോം