Tuesday, 25 January 2022

പുനർജനി



അരിഞ്ഞിറങ്ങിയ മഞ്ഞുകണങ്ങൾ
പുൽനാമ്പുകളെ പ്രണയിച്ച് കാമിച്ച് പരമാനന്ദമാം അമൃത രേണുക്കൾ 
അവനിതൻ ഗർഭ ഗേഹം പൂകവേ
പുനർജനി കൊതിക്കുമാത്മാക്കൾ
പുരുഷനിൽ കാമാഗ്നി തീർക്കവേ
ഒരു നീർക്കുമിള പോൽ മർത്ത്യർ
മഹാമാരിയാൽ മണ്ണിലടിയവേ-
സ്നേഹമോടുരിയാടാം തമ്മിൽ
വീര്യമോടെയടരാടാം  മണ്ണിൽ..
-പ്രശാന്ത് കണ്ണോം-

Thursday, 23 December 2021

സുഗത സ്മൃതിയിൽ



ഇവൾ അമ്മയാണ്
കിളികൾക്ക് മലകൾക്ക്
പുഴകൾക്ക് പുൽകൾക്ക്
പുഴുക്കൾക്ക് ...
കണ്ണീരാൽ കവിത ചാലിച്ചൊരമ്മ
സുഗതയാമമ്മ
ഇടനെഞ്ചിലക്ഷരം ചാലിച്ചു
നീ തീർത്ത നവ്യ സുഗന്ധിയാം
കാവ്യ കുസുമങ്ങൾ
ഇന്നു നിൻ പാദത്തിലർപ്പിച്ചു
നിൻ സ്മൃതിയിൽ അലിയട്ടെ ഞങ്ങൾ..
-പ്രശാന്ത് കണ്ണോം-

Wednesday, 15 December 2021

പുതുവർഷപ്പെണ്ണ്



മാനത്ത് താരകങ്ങളും മേഘശകലങ്ങൾക്കിടയിലൂടെ ഒളികണ്ണെറിഞ്ഞ് അമ്പിളിയും
പുതുവർഷ കനൃയെ കാത്തിരുപ്പായി.
ഇക്കുറി എന്തൊക്കെ കുസൃതികളാണാവോ
അവൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
പോയ കാലത്തിന്റെ നൊമ്പരങ്ങൾക്ക്
സാന്ത്വനമേകാൻ അവൾക്കാകുമോ..?
കാലത്തിന്റെ മുഖമറ നീക്കാൻ
നമുക്കും അവളുടെ കൂട്ടു കൂടാം...
-പ്രശാന്ത് കണ്ണോം-

Sunday, 10 October 2021

വിജയദശമി



നവമി പുലർന്ന ദശമിദിനത്തിൽ
നാവിൽ അക്ഷരമെഴുതേണം
നല്ലറിവെല്ലാം നേടീടേണം
നാടിൻ നന്മകൾ കാക്കേണം
നാനാഭാഷകളറിയേണം
നല്ലതു ചൊല്ലി നടക്കേണം
നാടിൻ നാമം നമ്മുടെ പേരാൽ
നാനാലോകവുമറിയേണം
-പ്രശാന്ത് കണ്ണോം-

Sunday, 3 October 2021

പ്രേമം @ദേശീയ കോളേജ് കഥ അഞ്ചാം ഭാഗം



അരിച്ചിറങ്ങിയ നേർത്ത തണുപ്പിൽ  ബാംഗ്ലൂർ നഗരം പുതച്ചുമൂടി ഉറങ്ങി. അനുരാഗ പരവശരായ ഇണകൾ ആനന്ദ നിർവൃതിയിൽ  മദിച്ചുറങ്ങിയ ഈ രാത്രി മനോരഞ്ജന് വിരഹ വേദനകൾ മാത്രമാണ് നൽകിയത് .  വീശിയടിച്ച ഇളംകാറ്റിൽ ജനൽ പാളികൾ  പരസ്പരം കൂട്ടിയിടിച്ച് ആനന്ദം പങ്കുവച്ചു.
ആ മർമ്മര ശബ്ദത്തിൽ മനോ ആലസ്യത്തോടെ എഴുന്നേറ്റിരുന്നു.

''എന്നാലും പ്രദീപ് ഹോനായ്...?
''പ്രദീപ് ഹോനായ് മുംബൈയിൽ അനിലയെ കാണാൻ ശ്രമിച്ചത് എന്തിന്..? അവളുടെ യഥാർത്ഥ പ്രണയം തകർത്തതാര്..? ''
രാം ഈശ്വറിന്റെ  പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ  ഇവനായിരുന്നോ അനിലയെ......" മനോ ആത്മഗതം മുഴുമിപ്പിച്ചില്ല.
എന്തും നേരിടാൻ അയാൾ   മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.
''മനു പ്രതാപിനോട് തന്നെപ്പറ്റി അവൾ പറഞ്ഞതെല്ലാം  സത്യമാണൊ.
എങ്കിൽ  ഇത്രയും വലിയൊരു ദുരന്തം അന്നു സംഭവിച്ചതിന് ഉത്തരവാദി ആരാണ്.''മനോയുടെ മനസ്സിനെ ചിന്തകൾ 
കടിച്ചു കീറി.
സർക്കാർ-എയ്ഡഡ് കോളേജായ എസ് എസ് കോളേജിൽ ബികോമിന് അഡ്മിഷൻ കിട്ടിയിട്ടും ദേശീയ കോളജിൽ ചേർന്നത് അനില അവിടെ ചേർന്നത് കൊണ്ട് മാത്രമാണ്.
സുരനെയും  പ്രലോഭിപ്പിച്ച് ദേശീയ കോളജിൽ ചേർത്തത് മനോയാണ്.
കോർട്ട് റോഡിൽ ന്യൂസ് കോണർ ജംഗ്ഷനിൽ അച്ഛൻറെ ചെരാപ്പില ടിവിഎസിൽ അനില വന്നിറങ്ങുന്നതും കാത്തു എത്ര സമയം നിൽക്കുമായിരുന്നു. ദിവസങ്ങളും മാസങ്ങളും ഇതു തുടർന്നുകൊണ്ടേയിരുന്നു. അവളുടെ അച്ഛൻറെ താക്കീത് പലതവണ കിട്ടിയിട്ടും  മാറിയിരുന്നില്ല. ഒരുതവണ ഓടിച്ചിട്ട് അടിക്കാൻ വന്നപ്പോൾ മാത്യൂസ് ഡോക്ടറുടെ വീട്ടിൽ ഓടിക്കയറി ഡോക്ടറുടെ ടോക്കൺ എടുക്കുന്ന ക്യൂവിൽ നിന്നതും കയ്യാങ്കളിയും ചീത്തയും  സുരന് കിട്ടിയതും ദേശീയ കോളേജിൽ അക്കാലത്ത് വലിയ ചർച്ചയായിരുന്നു. 
ഇതിപ്പോ കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞിരിക്കുന്നു. അനില പ്രണയം കേരളക്കരയാകെ ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. രാമേശ്വറിൻറെ ഒടുക്കത്തെ ഒരു അന്വേഷണവും പത്ര സമ്മേളനവും.എങ്കിലും പ്രദീപ് ഹോനായ് അത് ചെയ്യുമോ.അടിച്ചു വീപ്പക്കുറ്റി ആകുമ്പോൾ അവൻ പലതും പറയാറുണ്ട്. എന്നാലും...'' മനോയുടെ ചിന്തകളെ തടയിടാൻ മൊബൈൽ തെറി വിളി തുടങ്ങി.
''ഡാ മനോ ഇത് ഞാനാടാ.... കാമ്പ്രോത്ത്.. നീ ഉടനടി റൂം വിട്ടു പുറത്തിറങ്ങണം... നോ പറയരുത് .. നിൻറെ സേഫ്റ്റി ആണ് എനിക്ക് പ്രധാനം.. ഞാൻ മെജസ്റ്റിക്കിൽ കാത്തിരിപ്പുണ്ട്...''മനോ എന്തെങ്കിലും പറയുന്നതിന്  മുമ്പ്  സുനന്ദ് ഫോൺ കട്ട് ചെയ്തു. മനൊയുടെ ഹൃദയമിടിപ്പിന്റെ താളം മുറുകി
(തുടരും)

Sunday, 26 September 2021

പ്രേമം @ദേശീയ കോളേജ് കഥ( നാലാം ഭാഗം)


ബാംഗ്ലൂരിലെ വിജനമായ രാത്രിയെ കീറിമുറിച്ചുകൊണ്ട് മൊബൈൽ ഫോൺ നിലവിളിച്ചു. കൺപോളകളെ പ്രയാസപ്പെട്ടു ഉയർത്തിക്കൊണ്ട് മനോ ഫോണിൽ എത്തി പിടിച്ചു. മൊബൈൽ കരച്ചിലടക്കി.
''മനോ ഇത് ഞാനാണ് ആണ് മനു പ്രതാപ് ഫ്രം മുംബൈ.. ഡാ ഞാൻ അവളെ കണ്ടു അനിലയെ.. നിൻറെ തെറ്റിദ്ധാരണക്ക് അറുതി വരുത്തണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്''.. മനു ദീർഘനിശ്വാസം വിട്ടു. മനോ യുടെ മറുപടിക്കായി ചെവികൂർപ്പിച്ചു
മനോ ഒന്നും പറഞ്ഞില്ല .അവൻ ഫോൺ കട്ട് ചെയ്തു.

സമയം രാവിലെ 10 മണി
കോവിഡിൻറെ ഭീകര താണ്ഡവ ത്തിനുശേഷം കണ്ണൂർ നഗരം വീണ്ടും സജീവമായി തുടങ്ങിയിരിക്കുന്നു . പാതയോര കച്ചവടക്കാരുടെ ബഹളം ഒഴിച്ചാൽ കണ്ണൂർ പഴയ കണ്ണൂർ ആയി മാറാൻ തുടങ്ങിയിരിക്കുന്നു. മാസ്കിട്ട മുഖത്തെ കണ്ണുകളിൽ പരിചിതരെ കണ്ടെത്തേണ്ട കാലമായതിനാൽ ഇപ്പോൾ സൗഹൃദബന്ധങ്ങൾ സൂക്ഷിക്കുക ഏറെ പ്രയാസം ആയിരിക്കുന്നു.പഴയ ബസ് സ്റ്റാൻഡിന് പിറകിലൂടെയുള്ള റോഡ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം എത്തുന്നിടത്തെ ഇടതുവശത്തുള്ള  കെട്ടിടത്തിലാണ് പ്രസ്ക്ലബ് . 

 പ്രമുഖ പത്രങ്ങളിലെയും ചാനലുകളിലെയും റിപ്പോർട്ടർമാർ എത്തിയിട്ടുണ്ട് എല്ലാവരും വളരെ തിരക്കിലാണ് ഇന്ന് വിജിലൻസ് ഓഫീസർ രാം ഈശ്വറിന്റെ പത്രസമ്മേളനമാണ്.
സംസ്ഥാനത്താകെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന അനില പ്രണയ കേസിന്റെ
ചുരുളഴിയുമോ..?
ഇന്നലത്തെ ചാനൽ ചർച്ചകളിൽ അനിലപ്രണയകേസ് കത്തിപ്പടർന്നിരുന്നു.
28 വർഷത്തിനുശേഷം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം മാധ്യമങ്ങൾക്ക് കിട്ടാനില്ല.
എല്ലാവരുടെ കണ്ണുകളും വിജിലൻസ് ഓഫീസർ രാം ഈശ്വറിലേക്കാണ്. ആ കാലഘട്ടത്തിൽ അനിലയുടെ കൂടെ ദേശീയ കോളേജിൽ സഹപാഠി ആയിരുന്നു രാം ഈശ്വർ. നിരവധി കേസുകൾക്ക് തുമ്പ് ഉണ്ടാക്കിയ ധീക്ഷണാശാലിയായ ഓഫീസർ . മന്ത്രിസഭ സഭ ഈ കേസന്വേഷണത്തിന് ഏകകണ്ഠമായി ഇദ്ദേഹത്തിൻറെ പേരാണ് പ്രഖ്യാപിച്ചത്.
കേസന്വേഷണത്തിന് ഭാഗമായി ഇന്ത്യക്കകത്തും പുറത്തും നിരവധി യാത്രകൾ നടത്തിയതിനു ശേഷമാണ് രാംഈശ്വർ പത്രസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത്.

''പ്രണയത്തെ പോലും പ്രണയിക്കുന്ന വരാണ് കലാകാരന്മാർ.. '' അനില പ്രണയ കേസിൽ സുനിൽ സിംഗറും ആർട്ടിസ്റ്റ് ചന്ദ്രകാന്തും മാപ്പ് സാക്ഷികൾ ആകുമോ?
അനില പ്രണയ കേസ് വിജിലൻസ് അജയ് രാജിന്റെ മൊഴിയെടുക്കുന്നു...
അനില പ്രണയ കേസ് മലയാളഭൂമി പത്രത്തിലെ ശാന്തൻ വഴി തെറ്റിക്കുമോ..?

ഇന്നത്തെ പത്ര സമ്മേളനത്തിനായി കേരളം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ദേശീയ കോളജിലെ 1993ലെ ബികോം ബാച്ചും. അനിലയെ പ്രണയിച്ചത് ഒട്ടനവധി പേരാണ്. എന്നാൽ അനില ഒരാളെ.. ഒരാളെമാത്രം ആത്മാർത്ഥമായി പ്രണയിച്ചിരുന്നു അത് ആരാണ്..?
രാമേശ്വർ കേസിന്റെ ചുരുളഴിക്കുമോ...?
(തുടരും)



Saturday, 25 September 2021

എന്റെ സ്കൂൾ


പച്ചപ്പരവതാനി പുതച്ചു കിടക്കുന്ന കുന്നിൻ ചെരുവിൽ ആകാശ കാഴ്ചകൾ കാണാൻ ശിരസ്സുയർത്തി നോക്കുന്ന കൊട്ടില ഹയർ സെക്കൻഡറി സ്കൂൾ. വാത്സല്യവും സാന്ത്വനവുമേകിയ മാതൃവിദ്യാലയത്തിൻറ പടി കടന്നെത്തിയപ്പോൾ വല്ലാത്തൊരാനന്ദത്തിൽ ലയിച്ചു പോയി. അഞ്ചു മുതൽ 10 വരെ വരെ പഠിച്ച എൻറെ പ്രിയ വിദ്യാലയം.
എൻറെ മകൾ അഭിരാമിയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി ഇന്ന് വീണ്ടും ആ അക്ഷരമുറ്റത്തെത്തി.
ഒരു നിമിഷം മനസ്സ് 34 വർഷം പിറകോട്ട് പോയി.
അന്നുണ്ടായിരുന്ന ഓല ഷെഡ്ഡുകളും ഓടിട്ട ബിൽഡിങ്ങും ഇന്നില്ല . അവിടെയൊക്കെ കൂറ്റൻ കെട്ടിടങ്ങൾ പരസ്പരം നോക്കി നിൽക്കുന്നു .സ്കൂൾ മുറ്റത്തെ പുതിയ പൂമരങ്ങളും പൂച്ചെടികളും ഒരപരിചിതനെ കണ്ടതുപോലെ അത്ഭുതംകൂറി നോക്കുന്നു.
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന എൻറെ പ്രിയ വിദ്യാലയത്തിൽ മകളെ ചേർത്തു മടങ്ങുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി യിലായിരുന്നു.
-പ്രശാന്ത് കണ്ണോം-