Saturday, 4 April 2020

തിരിച്ചറിവ്(കഥ)
-------------------------
ദേവൂട്ടി കൈകൾ സോപ്പിട്ടു കഴുകി.കുഞ്ഞു വിരലുകളുടെ ഇടയിലും അകവും പുറവും പോലീസ് സാറുമാരുടെ 'കൊറോണ പാട്ടിൽ ' കണ്ടതുപോലെ.
ചായ കുടിക്കാൻ ഓടി അടുക്കളയിലെത്തി.
കുഞ്ഞൂട്ടൻ ദോശ തിന്നുന്നു.പയറു കറിയാണ്.
ദോശയും പയറു കറീം ദേവൂട്ടിക്കിഷ്ടല്ല.എന്നാ കൂഞ്ഞൂട്ടനതേ വേണ്ടൂ.
''എടീ ധൃതി കൂട്ടേണ്ട ഇന്ന് പരീക്ഷയില്ല. ഏഴാം ക്ളാസ്സു വരെയുള്ള കുട്ടികൾക്കിനി പരീക്ഷയില്ല സ്കൂളില്ല.''അമ്മ സ്മിത ഇടപെട്ടു.
ദേവൂട്ടിക്ക് കൊറോണയെ കൊല്ലാനുള്ള ദേഷ്യം വന്നു.എല്ലാം പഠിച്ചതാ.കണ്ടോം എൽ പി സ്കൂളിലെ നാലാം ക്ളാസിലെ ഒന്നാം റാംക് കാരിയാ ദേവൂട്ടി.

ചൈനയിൽ മരണം ആയിരം കവിഞ്ഞു ലോകരാജ്യങ്ങളിലെല്ലാം പടർന്നു കേറുന്നു.
എങ്ങും കൊറോണ ഭീതി ടിവി യിൽ വാർത്ത മുഴങ്ങുന്നു.ഒരാഴ്ച അങ്ങിനെ കടന്നു പോയി.

''അച്ഛൻ ഇന്ന് പോയിട്ടില്ല ഉറങ്ങിയെണീറ്റിട്ടുമില്ല.''
പാതിരാ കഴിഞ്ഞു വരികയും നേരം പരാ പരാ വെളുക്കുമ്പോൾ ജോലിക്കു പോകും ചെയ്യുന്ന അച്ഛൻ ദാസൻ ദേവൂട്ടിക്കൊരു കാണാ കാഴ്ചയാണ്.ഇനി ലീവുള്ള ദിവസമാണേൽ നല്ല ഫിറ്റിലുമായിരിക്കും.എപ്പോഴും ദേഷ്യമാ.
അമ്മ സ്മിതക്ക് ആലിക്കായുടെ സിമന്റ് കടയിൽ കണക്കെഴുത്താ പണി.രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്നരവരെ.വരുമ്പോ എൽ കെ ജീന്ന് കൂഞ്ഞുട്ടനെ കൂട്ടും.അച്ഛന്റെ ജോലിയെന്താണെന്ന് ദേവൂട്ടിക്കൊരു പിടിയുമില്ല.

കുഞ്ഞൂട്ടൻ തെയ്യം കെട്ടിക്കളി തുടങ്ങി.ഇന്ന് കുളിയൻ തെയ്യമാണ്.കോലം കെട്ടലും ചെണ്ട കൊട്ടലും ദേവൂട്ടിയും നന്ദനയു (വെല്ല്യച്ഛന്റെ മോൾ)മാണ്.കട്ടിക്കടലാസിൽ മുഖപ്പാള വരച്ച്
ഓലകൊണ്ട് അരമട ചുറ്റിക്കെട്ടി നല്ല അസ്സല് കുളിയൻ.അച്ഛമ്മക്ക് ഇത് കാണുന്നത് വല്ല്യ ഇഷ്ടമാണ്.

അച്ഛൻ ദാസന് കുട്ടികളുടെ ഈ കളികളെല്ലാം പുതുമയാണ്.രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ തുടങ്ങ്യതിന് ശേഷം ദാസൻ അമ്മയേയും ഭാര്യയേയും കുട്ടികളേയും പുതുമയോടെ നോക്കിക്കാണുകയാണ്.
തന്റെ വീടും പരിസരവും എല്ലാം അയാൾക്ക് പുതിയതാണ്.
മദ്യം കിട്ടാത്തതിന്റെ ഭീകര താണ്ഡവം ഒരാഴ്ച ദാസൻ നടത്തി.കുട്ടികൾ പേടിച്ചരണ്ടു.അച്ഛമ്മ പോട്ടിക്കരഞ്ഞു.സ്മിത സ്ട്രാംങ്ങായി പിടിച്ചു നിന്നു.അവൾ നല്ല കുരുമുളകു കഷായം വെച്ച് ദാസനെ കുടിപ്പിച്ചു.ആട്ടും തുപ്പും സഹിച്ച് പരിചരിച്ചു.ഇപ്പോഴിതാ ദാസൻ പുതിയ തീരത്തണഞ്ഞിരിക്കുന്നു.അലമാലകളുടെ അലറിവിളി അടങ്ങിയിരിക്കുന്നു.തികച്ചും ശാന്തമായ തീരം.

''മോളൂ... '' അച്ഛന്റെ വിളികേട്ട് ദേവൂന് അത്ഭുതം.ആദ്യായിട്ടാ ഇത്ര സ്നേഹത്തോടെ വിളിക്കുന്നത്.
''ഇത് മോള് വരച്ചതാണോ.എന്തു ഭംഗ്യാ''.അയാൾ ദേവൂനെ ചേർത്ത് നിർത്തി കവിളിലൊരുമ്മ നൽകി.ദേവു ആനന്ദ വിവശയായി.ഇത് കണ്ട് കുഞ്ഞൂട്ടനും മടിച്ചു മടിച്ച് അടുത്തു വന്നു.അയാൾ കുഞ്ഞൂട്ടനെ
എടുത്ത് മടീലിരുത്തി.അച്ഛമ്മയും വടിയും കുത്തി അടുത്തെത്തി.ഈ രംഗം കണ്ട് സ്മിതയുടെ കണ്ണുകൾ ഈറനണിഞ്ഞു.
-പ്രശാന്ത് കണ്ണോം-

Saturday, 25 January 2020



റിപ്പബ്ളിക് ദിനം


ജനുവരി വന്നാൽ ഓർക്കേണം
റിപ്പബ്ളിക് ദിനമെപ്പോഴും
ജനഹിതമായൊരു ഗണതന്ത്രം
രാജ്യമറിഞ്ഞൊരു പുണ്യദിനം
ജന നന്മയ്ക്കായ് പുതുഭരണം
രാജ്യത്തേകിയ പൊൻസുദിനം
ജനഗണമനയും ചൊല്ലേണം
രാഷ്‌ട്രപിതാവിനെ ഓർക്കേണം
ജനസേവകരായ് മാറേണം
രാജ്യം കാക്കാൻ നോക്കേണം

-പ്രശാന്ത് കണ്ണോം-

Friday, 8 November 2019

    കേരളപ്പിറവി

താളത്തിൽ കേരമരങ്ങളാടും
തീരം പുണരുന്ന ആറുകളും
താളവാദ്യങ്ങളും മേളങ്ങളും
തെയ്യമുറയുന്ന കാവുകളും
താളം ചവിട്ടുന്ന കേകികളും
താണു പറക്കും കിളികുലവും
തെച്ചിയും മുല്ലയും പിച്ചകവും
താമരയാമ്പലും മന്ദാരവും
തിരുവാതിരക്കളി കുമ്മിയടി
തിരുവോണമേളം വിഷുക്കണിയും
തുഴയുടെ താളമായ് വള്ളംകളീം
താരാട്ടു പാടാമീ പുണ്യനാളിൽ
കേരളപ്പെണ്ണിൻ പിറവി നാളിൽ
-പ്രശാന്ത് കണ്ണോം -

Tuesday, 1 October 2019

ഗാന്ധിജയന്തി

ഒക്ടോബർ രണ്ടിനാണല്ലോ
ഗാന്ധിതൻ ജന്മസുദിനം
ഓർത്തിടാം രാഷ്ട്രപിതാവിൻ
ഗാഥകൾ പാടീ നടക്കം
ഒന്നായി സേവനം ചെയ്യാം
ഗ്രാമങ്ങൾ ശുദ്ധിചെയ്തീടാം
ഒരോരൊ നന്മകൾ ചെയ്യാം
​ഗാന്ധിയെ വാഴ്ത്തി മുന്നേറാം
-പ്രശാന്ത് കണ്ണോം-


Sunday, 8 September 2019

പൊന്നോണം

ഓണപ്പുക്കളിറുക്കാന്‍ വാ
ഓണത്തുമ്പീ പൂത്തുമ്പീ
ഓണക്കോടിയുടുക്കാന്‍ വാ
ഓണക്കിളിയേ പൂംകിളിയേ
ഓണസ്സദ്യയുമുണ്ണാന്‍ വാ
ഓണത്തപ്പാ കുടവയറാ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com


Friday, 6 September 2019

നമ്മുടെ ഓണം ഇങ്ങിനെ മതിയോ..?

ഇളം കാറ്റില്‍ ചാഞ്ചാടിയാടുന്ന നെല്‍ക്കതിരുകള്‍. നെല്‍ ചോലകളില്‍ പളുംകുമണികള്‍ പോലെ ഒട്ടിക്കിടക്കുന്ന മഞ്ഞുകണങ്ങളില്‍ അരുണകിരണങ്ങള്‍
മഴവില്‍ കാന്തി പരത്തുന്ന നെല്‍പ്പാടങ്ങള്‍.
കാക്കപ്പൂവും തുമ്പയും ആമ്പലും ഇടകലര്‍ന്ന് സമൃദ്ധമായിവളരുന്ന പാടങ്ങളില്‍ കണ്ണിമീനുകളും മാക്രികളും പുളച്ചു തിമിര്‍ക്കുന്നു.

പാടവരമ്പുകളില്‍ ഓണക്കാലമായാല്‍ പൂപറിക്കാനെത്തുന്ന കുട്ടികളെ കാണാം.
എന്തൊരാഹ്ളാദത്തിമര്‍പ്പാണ്.തോര്‍ത്തുമുണ്ട് വലയാക്കി കണ്ണിമീന്‍ പിടിക്കുന്നവര്‍ മാക്രിയെ ചാടിക്കുന്നവര്‍.ആര്‍പ്പു വിളിച്ച് ആടിപ്പാടി നാടിനെയുണര്‍ത്തുന്ന കുട്ടികള്‍.

തിരുവോണത്തിന് നാട്ടിലെ കലാസമിതികളില്‍ ഗംഭീര ഓണാഘോഷപരിപാടികള്‍ ഉണ്ടാകും.ജാതിമതഭേതമന്യേ ആബാലവൃദ്ധം ജനങ്ങളും പരിപാടികളില്‍ സജീവമായി പംകുകൊള്ളും.ഓട്ടവും ചാട്ടവും പാട്ടും കഥപറച്ചിലും ഗ്രാമീണരുടെ സര്‍ഗ്ഗവാസനകള്‍പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ നന്മയുടേയും സ്നേഹത്തിന്റേയും സന്ദേശം കൈമാറിയിരുന്നു.

പോയകാലത്തിന്റെ ഓണം ഓര്‍മ്മകള്‍ പുതിയതലമുറകള്‍ക്ക് അന്യമാവാതിരിക്കണം.ശീതീകരിച്ച മുറിയിലിരുന്നു താരങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ഓണാഘോഷപരിപാടിള്‍ കണ്ട്  സംതൃപ്തിയടയേണ്ടി വരുന്ന കുട്ടികള്‍.
നാം പുതു തലമുറയോടു നീതിപുലര്‍ത്തണം.
ഈ തടവറയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കണം.

പൂത്തുമ്പിയോടു കിന്നാരം പറഞ്ഞും പൂനുള്ളിയും പാടിയും ആടിയും നമ്മുടെ കുട്ടികള്‍ തിമര്‍ക്കട്ടെ.ഒാണം പോലുള്ള നമ്മുടെ സംസ്കാരത്തിന്റെ തനിമ കാത്തു സൂക്ഷിക്കുന്ന ആഘോഷവേളകളിലെംകിലും 
നാം വീടുകളില്‍ നിന്നും നാട്ടുവഴികളിലേക്കിറങ്ങണം.നാടിന്റെ ആഘോഷങ്ങളില്‍ പംകുചേരണം.
നന്മയെ നെഞ്ചേറ്റാം.
-പ്രശാന്ത് കണ്ണോം -



Thursday, 5 September 2019

ഓണം കൂടാം

ചിങ്ങം വന്നേ പൂംകിളിയേ
ചില്ലകള്‍ പൂത്തേ പൂംകിളിയേ
ചിത്തമുണര്‍ന്നേ പൂംകിളിയേ
ചിന്തയൊഴിഞ്ഞേ പൂംകിളിയേ
ഓണം വന്നേ കുട്ടികളേ
ഓര്‍മ്മയുണര്‍ന്നേ കുട്ടികളേ
ഓടിയണഞ്ഞോ കുട്ടികളേ
ഓണം കൂടാം കുട്ടികളേ.
-പ്രശാന്ത് കണ്ണോം-
prasanthkannom.blogspot.com