Saturday, 22 May 2021

കവിതാ പൂരണം


കോട്ടും സൂട്ടുമണിഞ്ഞിട്ട്
കേട്ടോ ചെക്കൻ വരണുണ്ടേ
കിട്ടമ്മാന്റെ കുട്ടിപ്പെണ്ണിനെ
'കെട്ടാ'നെന്തൊരു നെട്ടോട്ടം
-പ്രശാന്ത് കണ്ണോം-

Wednesday, 19 May 2021

മഴയോഴിഞ്ഞ വഴിയിൽ



എവിടെയും ആളനക്കമില്ല
നാട്ടിൻപുറത്തെ ഒഴിഞ്ഞ
പീടികത്തിണ്ണകൾ പലതും
നായ്ക്കൾ താവളമാക്കി
അവയ്ക്ക് മാസ്ക് വേണ്ട
സാമൂഹ്യ അകലം ബാധകമല്ല
തെരുവിൽ അലയുന്ന
പിച്ചക്കാർ എങ്ങുപോയി?
ഇരുചക്രങ്ങളും ഒറ്റ വണ്ടികളും
ശൂന്യമായ റോഡിന് സാന്ത്വനമേകുന്നു
ആംബുലൻസിന്റെ ചിറിപ്പാച്ചൽ
കാതടപ്പിക്കുന്നു കരളിൽ കുത്തുന്നു
കൊറോണക്ക് കൂട്ടായി മഴയും
അടച്ചു പൂട്ടലിന് ആക്കം കൂട്ടി
കാക്കിയിട്ട പോലീസുകാർ
അങ്ങുമിങ്ങും ജാഗ്രതയിലാണ്
തളരാതിരുന്നാൽ തീരത്തണയാം
മുഖം മൂടിയില്ലാ കാലത്തിനായ്
കരുതലോടെ കാത്തിരിക്കാം
-പ്രശാന്ത് കണ്ണോം-

Sunday, 16 May 2021

കാറ്റിനോട്


കാറ്റേ നീ 
അങ്ങിനെയാണ്
കാണാതെ
അനുഭവിച്ചറിയുന്ന സത്യം
ഇളം കാറ്റേറ്റിരിക്കുവാൻ
എന്തുസുഖമാണ്

കടൽക്കാറ്റിനെ
പ്രണയിതാക്കളും
നെഞ്ചേറ്റും
നല്ല ചൂടിൽ 
വിയർപ്പൊപ്പുന്ന കാറ്റ്

മഴമേഘങ്ങളെ തള്ളി 
ചെടികളുടെ ബീജം
വഹിച്ച്
കാടും മേടും 
കേറും കാറ്റ്
 
യന്ത്രങ്ങളും
ചക്രങ്ങളും കറക്കും
അഗ്നി ആളിക്കത്തിക്കും
ചെറുദീപമണയ്ക്കും
കലിതുള്ളുംകാളിയാകും 
താണ്ഡവമാടും
 
കാറ്റേ അടങ്ങൂ 
ശാന്തയാകൂ
ഇളം തെന്നലായ്
വന്നണയൂ.

ഇന്നലെ നീ
വീശിയടർത്തിയ
പ്ളാമരച്ചില്ലയിലെ
ചക്കകൾ
പ്രായം തികയാത്ത
കുരുന്നുകൾ

വേണ്ട തോന്ന്യാസം
ഇക്കുറി
കൂട്ടുചേരില്ല
നിൻ നെറികേടിന്

ആവില്ല
നിന്നോട് മുട്ടി 
നോക്കാൻ
ആയതിനാൽ
ഇതോരപേക്ഷ മാത്രം

ഉപേക്ഷ കൂടാതെ
കാത്തിടേണം
കാറ്റേ നിൻ ചാരത്ത്
ഞാനുമുണ്ട്.
-പ്രശാന്ത് കണ്ണോം-

 
 

Saturday, 15 May 2021

അവൾ


മണ്ണിന്റെ മാറിലേക്ക്
അവൾ പെയ്തിറങ്ങി
കാർമേഘ കൂടുകളിൽ
സൂര്യൻ പിടിച്ചു വെച്ച പെണ്ണ്
ആർത്തി പൂണ്ട മണ്ണ്
മാടി വിളിച്ചപ്പോൾ
കൂടു പൊളിച്ച് അവളെത്തി
മണ്ണിന്റെ പൈദാഹമാറ്റാൻ
മേഘങ്ങൾ ഗർജിച്ചു
അവരുടെ കോപാവേശം
കണ്ണുകളിൽ അഗ്നിയായി ജ്വലിച്ചു
മഴ ആനന്ദനൃത്തമാടി
കാറ്റും അവളോടൊപ്പം കൂടി
ഗിരിശൃംഗങ്ങൾ ആടിയുലഞ്ഞു
മരങ്ങൾ കടപുഴകി
മണ്ണിൻറെ മനം കുളിർത്തു
മാറ് നിറഞ്ഞു 
മഴ നിർത്താൻ ഭാവമില്ല
നൃത്തം താണ്ഡവമായി 
മണ്ണിൻറെ മക്കൾ വാവിട്ടു
ആനന്ദത്തിൽ മുഴുകിയ 
സൂര്യന്റെ മനസ്സലിഞ്ഞു
തൻറെ പ്രണയിനിയെ 
ചേർത്തുപിടിച്ചു 
ആ കരവലയത്തിൽ
അവൾ തെല്ലൊന്ന് 
ശാന്തയായി
-പ്രശാന്ത് കണ്ണോം-

Wednesday, 12 May 2021

പെരുന്നാൾ ആശംസകൾ


ആർദ്രമായ മനസ്സിന്റ നൈർമല്യവും ആനന്ദവും സാഹോദര്യ സ്നേഹവും ഒന്നിച്ച് ദാനധർമ്മാദികളാലും സേവന കർമങ്ങളാലും അകലത്തിരുന്നാണേലും മനസ്സു കൊണ്ട് ഒന്നിച്ചുള്ള നമ്മുടെ പെരുന്നാൾ ദിനം പുണ്യം നിറഞ്ഞതാവട്ടെ.പെരുന്നാൾ  ആശംസകൾ 
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

പ്രണാമം

അന്തരംഗം വിതുമ്പുന്നു
അക്ഷരങ്ങൾ വിറകൊള്ളുന്നു
അഭ്രപാളികളിൽ മറഞ്ഞൊരീ
അറിവിന്റെ ഗുരുനാഥനായ്
അകലെ ആകാശപഥങ്ങളിൽ
അനന്തശയന പാദങ്ങളിൽ
അണയാ ജ്യോതിയായ് നീ
അമരനായ് മരുവൂയിനി
-പ്രശാന്ത് കണ്ണോം-

Saturday, 8 May 2021

അമ്മ



നന്മ ചെയ്യുന്ന മർത്യന്നു മണ്ണിതിൽ
കർമ്മദോഷം വരികില്ല നിർണ്ണയം
തിന്മ തീണ്ടാതെ മണ്ണിതിൽ വാഴുവാൻ
അമ്മ തന്നെ തുണ പാരിലാർക്കുമേ
-പ്രശാന്ത് കണ്ണോം-