Saturday, 16 June 2018

ജാലകം

Welcome...
prasanthkannom.blogspot.com
ജാലകം
--------------
കണ്ണിനും കാഴ്ചക്കുമിടയില്‍
പ്രതീക്ഷയുടെ ആനന്ദവും
നിരാശയുടെ വ്യഥകളും തീര്‍ക്കാന്‍
ജാലകപ്പാളിയൊന്നുണ്ട്....
തുറന്നിടാം അടച്ചിടാം....
അനന്തവിഹായസ്സും
വര്‍ണ്ണാഭമായ കാഴ്ചകളും
വിശാലമായ പ്രകൃതിയില്‍
അലിഞ്ഞു ചേരാം...
ജാലകം തടസ്സമല്ല...മറയല്ല
മലിനമായ മനസ്സിനെ
ശുദ്ധീകരിക്കുന്ന ...
സത്യത്തിനും ബോധത്തിനും
ഇടയിലെ ആശ്വാസമാണത്...
കാണേണ്ടതേ കാണാവൂ
കണ്ടതെല്ലാം പറയാതെ
പറയേണ്ടത് മാത്രം
പറയാനും...
പറയുന്നത്
പ്രവര്‍ത്തിക്കാനും
ശീലിക്കാം....
ജാലകം
തുറന്നിടാനുള്ളത്
തന്നെയാണ്....

പ്രണയം

Welcome..
prasanthkannom.blogspot.com

പ്രണയം
-------------
കുഞ്ഞു പാദങ്ങള്‍ പിച്ചവെച്ച കല്‍നടവഴികള്‍...
പൂക്കളും പൂത്തുമ്പിയും പൂമ്പാറ്റകളും
വര്‍ണ്ണങ്ങള്‍ വാരി വിതറിയ ബാല്യകാലം ..

കാവും കാട്ടുവള്ളികളിണചേര്‍ന്നാടുന്ന
ചെമ്പകവും...ചില്‍ ചില്‍ ചിലച്ച് ഓടിയൊളിക്കുന്ന അണ്ണാരക്കണ്ണനും
മാന്തളിരുണ്ട് മറുകൂവല്‍ കാക്കുന്ന കുയിലമ്മയും കുരുവികളും..
കോക്രി കാണിച്ച് മരക്കൊമ്പില്‍ തൂങ്ങിയാടുന്ന കുരങ്ങന്‍മാരും
പീലിവിടര്‍ത്തിയാടും മയിലും
കൊതിക്കുന്നില്ലേ ഈ കാഴ്ചകള്‍...

പുതുബാല്യങ്ങള്‍ക്ക് അന്യമാവുന്ന ഈ നാട്ടുവഴി ഇവിടെ എന്റെ കണ്ണോത്തിന്
വരദാനമാണ്...
നന്മ മരങ്ങള്‍ പൂത്തുവിരിയുന്ന മമ നാടേ
നിന്നെ ഞാന്‍ പ്രണയിക്കുന്നു...

പാതി കാത്ത്

Welcome...
prasanthkannom.blogspot.com

പാതി കാത്ത്
----------------------
''കൂട്ടിനൊരാളു വേണം
രണ്ടാം കെട്ടുമതി...
ശിഷ്ടകാലം മിണ്ടീം പറഞ്ഞും കൂടാന്‍
ഒരാള്‍...''ഒരു ദീര്‍ഘ നിശ്വാസം

''കഴിഞ്ഞ ദിവസം അവളെക്കണ്ടു...
ഗുരുവായൂര്‍ കിഴക്കേ നടയില്‍....ന്റെ....
കാലം അവളേയും മാറ്റി വരച്ചിരിക്കുന്നു...
കാര്‍കൂന്തല്‍ കെട്ടും വശ്യചാരുതയേകുന്ന
മേനിവടിവുകളും....എന്നാല്‍ കുലീനത ഒട്ടും
കുറഞ്ഞിട്ടില്ല...ഒരു കടാക്ഷം അത് ഇന്നലേം ഉണ്ടായി....ചുണ്ടു വിരല്‍ മുതല്‍ ശിരസ്സു വരെയുള്ള   ആ സ്പാര്‍ക്ക് അതുമുണ്ടായി...

വര്‍ഷം 25 കഴിഞ്ഞിരിക്കുന്നു...
അവള്‍ നല്ലൊരു കുടുംബിനിയായിരിക്കുന്നു..
കുടുംബത്തേം ഇന്നലെ കണ്ടു ....
ഭര്‍ത്താവും രണ്ട് ആണ്‍കുട്ട്യോളും
സന്തുഷ്ട കുടുംബം.....
അവളുടെ വലതു കവിളിലെ കറുത്ത മറുകിന് തിളക്കമിത്തിരി കൂടിയിരിക്കുന്നു....'''
അയാള്‍ ഓര്‍മ്മകളുടെ തീരത്തണഞ്ഞു

വല്യതിരുമേനീടെ ഫോട്ടൊ എടുക്കാനാ
അന്ന്  ആദ്യമായി ഇല്ലത്തെത്തിയത്....
ഒരു കുടുംബ ഫോട്ടൊ കൂടി ആവാം തിരുമേനീടെ കല്‍പനയാ..
ഓരോരാളായി അണിഞ്ഞൊരുങ്ങി വന്നിരുന്നു.
''പാറു എന്ത്യേ...?''' തിരുമേനി ഒന്നു തിരിഞ്ഞു..
''അപ്പാ ഞാനെത്തി....'' പാറു
അവന്‍ ഒന്നേ നോക്കിയുള്ളൂ...അവളും
ചുണ്ടു വിരലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ മിന്നല്‍ പിണരില്‍ അവന് സ്ഥലകാലബോധമില്ലാതായി..

പാറുവിന്റെ സൗന്ദര്യ വര്‍ണ്ണനക്ക് മുതിരുന്നില്ല...
സാക്ഷാല്‍ മഹാക്ഷ്മി മുന്നില്‍ വന്നിരുന്നതായി അവന് തോന്നി..

വര്‍ണ്ണ വ്യത്യാസം ജാതി ചിന്തകള്‍
മറ്റുകാരണങ്ങള്‍..
കഴിഞ്ഞ 25 വര്‍ഷക്കാലം അവന്‍
പാറുവിനെ മനസ്സാവരിച്ചു ജീവിച്ചു.
ഒരൊറ്റയാനായി.....

ഇതാ ഇന്നീ ഗുരുവായൂര്‍ കണ്ണന്റെ
തിരു നടേന്ന് ഒരു തീരുമാനമെടുക്കുന്നു...
ആരുമില്ലാത്തൊരൊറ്റയാനാവേണ്ട...
മടുത്തു...
അവന്‍ യാഥാത്ഥ്യമുള്‍ക്കൊണ്ടു.
''തനിക്കൊരു  പാതിവേണം
ഒരു പെണ്ണ് ...ഒരു രണ്ടാം കെട്ട്....''

കൗണ്ട് ഡൗണ്‍

Welcome .....
prasanthkannom.blogspot.com

കൗണ്ട് ഡൗണ്‍
-----------------------
''എല്ലോരും വിനയാന്വിതരായിരിക്കുന്നു...
തല കുനിച്ചിരിക്കുന്നു ....
നമ്മുടെ നാട് മാറിയിരിക്കുന്നു
ട്രൈനിലും ബസ്സിലും...
പൊതു സ്ഥലത്തും...
എന്തിന് ബിവറേജിനു മുന്നിലെ ക്യൂവില്‍ പോലും ആളുകള്‍ ശിരസ്സു കുനിച്ചാണ്...
ക്ഷമ സഹന ശക്തി....
ഇതെല്ലാം ഇവര്‍ ശീലിച്ചു...
അവനവനിലേക്കൊതുങ്ങി....

വീടുകളില്‍ കുട്ടികള്‍ ഏകാന്തത ശീലിച്ചു..
അച്ഛന്‍ അമ്മ വഴക്കില്ല ...
സംസാരമേയില്ല...
എല്ലാവര്‍ക്കും എന്തു പറ്റി...?

ഈ മാറ്റം നല്ലതിനാണോ....?
ഫേസ്ബുക്കിലും വാട്സാപ്പിലും
ജനിച്ചു മരിക്കുന്ന മനുഷ്യര്‍...
തമ്മിലൊന്നു മിണ്ടാനും
മനസ്സു തുറക്കാനും
മറന്നിരിക്കുന്നു....

ഈ നരജന്മം
പകരം വെക്കാനില്ലാത്തതാണ്...
ഓരോ നിമിഷവും ഒരോരാളില്‍
നിന്നും ഈ ഭൂമിയിലെ അവര്‍ക്കനുവദിച്ച
സമയം എണ്ണിക്കുറച്ചു കൊണ്ടിരിക്കുകയാണ്...ഓര്‍ക്കുക
കൗണ്ട് ഡൗണ്‍....
ജാഗ്രത''

നെഞ്ചോടു ചേര്‍ക്കാം.....

നെഞ്ചോടു ചേര്‍ക്കാം.....
---------------------------------------
അതിഭയംകരമായ ശബ്ദത്തോടെ ആ വലിയ പാറക്കല്ല് അടര്‍ന്ന് തെറിച്ചു...
പുറത്തുനിന്നും നീലവെളിച്ചം അകത്തേക്ക്
ഇരച്ചു കയറി...

ആ നിമിഷം  തല്ലിച്ചതച്ചപ്പോളുണ്ടായ  കഠിന
വേദന ശമിച്ചതായി അവനറിഞ്ഞു
ഏതോ ഒരാനന്ദം അവനനുഭവിച്ചു
പുറത്തെ നീലവെളിച്ചത്തിലവനലിഞ്ഞു ചേര്‍ന്നു....

കുറെ നിഴല്‍ രൂപങ്ങള്‍ അവനെ പൊതിഞ്ഞു  ''മോനേ ...''ആ ഗദ്ഗതം അവന്‍ തിരിച്ചറിഞ്ഞു...
'''അപ്പാ....''അവന് പൊട്ടിക്കരയാന്‍ തോന്നി...
സാധിക്കുന്നില്ല...

പല രൂപങ്ങളും അവനോട്
അവ്യക്തമായി പലതും പറഞ്ഞു...
കൂട്ടത്തിലേക്കൊരാള്‍ വന്നതിന്റെ ആനന്ദം
അവര്‍ പംകുവെച്ചു...

അവരവനെ വെള്ളാരം കല്ലു പാകിയ
പ്രതലത്തിലേക്കു നയിച്ചു...
തറയിലെ വെട്ടിത്തിളങ്ങുന്ന കണ്ണാടി കാണിച്ചു...അവനുറ്റു നോക്കി...

''അയ്യോ..''അവന്റെ നിലവിളി  പുറത്തു വന്നില്ല ...
അവിടെ വെള്ള പുതച്ചു കിടത്തിയ അവന്റെ രൂപം ...അലമുറയിടുന്ന അമ്മയും സഹോദരിയും....ആളുകള്‍ ഒത്തിരി കൂടിയിട്ടുണ്ട്...
''ഏനക്കാണാന്‍.....''' ഓന് പൊട്ടിക്കരയാന്‍ തോന്നി കഴിഞ്ഞില്ല ...

അവനാ യാഥാര്‍ത്ഥ്യം ബോധ്യായി
ഓനിപ്പോ ശരീരമില്ലാ......
അവന്‍ കണ്ണാടിയിലേക്ക് തുറിച്ചു നോക്കി..
വെള്ളയുടുപ്പിട്ടാളുകളും...ഫോട്ടോക്കാരും
ഫോണെടുത്ത ചെക്കമ്മാരും....
തന്റെ വെള്ള പുതച്ച ശരീരത്തെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു...

തന്റെ  പഠനം വഴിമുട്ടിയപ്പോളും
പണിചെയ്ത് തളര്‍ന്നെരിഞ്ഞപ്പോഴും
ഒടുവില്‍ ഉരിയരിക്കായി അലഞ്ഞു
തീര്‍ന്നപ്പോഴും ഇവരെന്റ ചുറ്റുമുണ്ടായിരുന്നോ...?

ഒരു പഴം തിന്ന് അവസാനം
പശിയടക്കിയതോര്‍മ്മയുണ്ട്
പിന്നെയൊടുക്കത്തെ
പൊട്ടിത്തെറിയും....

ഇല്ല തളരില്ല....
അവന്‍ ഒരഗ്നിയായി ആ കണ്ണാടിയിലേക്കാളിക്കത്തി...
കാത്തിരിക്കാം ...
ആ അഗ്നിയില്‍ പെടാതിരിക്കാന്‍
കൂടപ്പിറപ്പുകളെ
നെഞ്ചോടു ചേര്‍ക്കാം.....

ഉറക്കം നടിക്കാം

Welcome ...
prasanthkannom.blogspot.com
ഉറക്കം നടിക്കാം
--------------------------
കരയാതുറങ്ങുക
കണ്ണീര്‍കടലിരമ്പുമീ യാത്രയില്‍
കാഴ്ചകള്‍ മറക്കുക
കണ്ടതൊന്നും പറയാതുറങ്ങുക
കണ്ണടച്ചിരുട്ടാക്കിയീ പകലിനെ
കരിമ്പടപുതപ്പാല്‍ പൊതിയുക
കലിയിളകിയകിടാങ്ങളമ്മയെ
കൊടുവാളിനാലുറക്കിടുമ്പോള്‍
കനിവു തേടുന്നകണ്ണുകള്‍
കൂര്‍ത്ത കമ്പിയില്‍
കോര്‍ത്തെടുത്താടുമ്പോള്‍
കണ്ണേയുറങ്ങുക
കരയാതുറങ്ങുക....

സൂര്യതേജസ്സ്

സൂര്യതേജസ്സ്
..........................
വിശന്ന് കരഞ്ഞു തളര്‍ന്ന
മരുമക്കള്‍ക്കായി അവനതു ചെയ്തു..
റൊട്ടി മോഷ്ടിച്ചു...

നീണ്ട ജയില്‍ വാസം
രക്ഷപ്പെടാനുള്ള വിഫല ശ്രമങ്ങള്‍...
ജീന്‍വാള്‍ജിന്‍ എന്ന യുവാവിന്റെ
ജീവിതം തകര്‍ന്നടിഞ്ഞു...
എന്നാലും പിന്നീടൊരു
ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി....
കഥാകാരന് മനസാക്ഷിയുണ്ടായിരുന്നു
ഇത് ഒരു കഥയില്‍

ഇതെന്താ കഥ...?
വിശപ്പിന്റ വിളിയടക്കാന്‍
ഒരുരുളച്ചോറിനായ് കരഞ്ഞവനെ...
അന്നമില്ലാത്ത വിശപ്പില്ലാത്ത
നാട്ടിലേക്കയച്ചവര്‍...

പ്രാണന്‍ വിടാനായുള്ള
പിടച്ചിലിനിടയിലെ
അതിദൈന്യവും അവ്യക്തവുമായ 
അവന്റ മൊഴികള്‍
സൂര്യതേജസ്സായി
പുനര്‍ജ്ജനിക്കട്ടെ...