Saturday, 16 June 2018

സ്നേഹ

Welcome...
prasanthkannom.blogspot.com

സ്നേഹ
...............
''ഇവിടെ കായലിന് ആഴക്കൂടുതലാ...
നേരം ഇരുട്ടി തെരച്ചില്‍  ഇനി പ്രയാസാണ്.പോരാത്തയിന് കോരിച്ചോരീന്ന മഴേം ചുഴിക്കാറ്റും..പിള്ളാര് ബോട്ടിംഗിനെറങ്ങ്യ ടൈം...നല്ല ബെസ്റ്റ് ടൈം..'' രക്ഷാ പ്രവര്‍ത്തകന്റെ കമന്റ്

പാതിരാമണലിന്റെ വശ്യസൗന്ദര്യം  എല്ലാം മറന്ന് ആസ്വദിക്കാന്‍ ...ചെക്കന്‍മാരുടെ ഭാഷേ പറഞ്ഞാ ഓണക്കാലം അടിച്ചു പൊളിക്കാനെത്തിയതാ അവര്‍..സംഭവം നടന്നിട്ട് ഒരു മണിക്കൂറെ ആയിട്ടുള്ളൂ..
പ്രതീക്ഷ മുഴുവന്‍ കൈവിടാറായിട്ടില്ലാ...
തെരച്ചില്‍ ശക്തമാക്കിയിരിക്കയാണ്..

ആടിത്തകര്‍ത്ത പേമാരി ആ കൊച്ചു വള്ളം തകര്‍ത്തപ്പോള്‍...വള്ളക്കാരനടക്കം അഞ്ചുപേര്‍...കരയിലേക്ക് ഒരഞ്ഞൂറ് മീറ്റര്‍ മാത്രമുള്ളപ്പോള്‍...പലപ്പോഴും പ്രകൃതി അങ്ങിനെയായിപ്പോകുന്നു...

രണ്ടു പ്രണയ ജോഡികള്‍...
കാമ്പസ്സിലെ താരങ്ങള്‍...പാരന്റ്സിനെ നിലക്കുനിര്‍ത്താന്‍ കഴിവുള്ളോര്‍..
ഇപ്പോള്‍ അതും ഒരു പ്ളസ്പോയിന്റാണ്.
പിള്ളേര് തീരുമാനിക്കും എന്ത് വേണംന്ന്.
പദ്ധതികള്‍ പ്ളാനിംഗുകള്‍ എല്ലാം വാട്സാപ്പിലാണ്...നല്ല ഗുരുത്വാ....
മറയില്ലാത്ത കാഴ്ചകള്‍...അല്ലേലും ഭൂമീലോട്ടു വരുമ്പോ ഇതൊക്കെ  ഉണ്ടായിരുന്നൊ..? അവരതും ചോദിക്കും അതിനപ്പുറോം....
''പിള്ളേര്‍ക്ക് ഭയംകര നോളഡ്ജാ...''
ഒരു കേമന്‍ മക്കളേ പറ്റി പറഞ്ഞതാ...

മഴ ഇത്തിരി ശമിച്ചു...കായലും തീരവും രക്ഷാപ്രവര്‍ത്തകരെ കൊണ്ടുനിറഞ്ഞു
സ്പെഷ്യല്‍ ബോട്ടുകള്‍ ചീറിപ്പായുന്നു.
കേമായി...മന്ത്രീം മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി..ചാനലുകാരുടെ വലിയ ഘോഷയാത്രേം കാണാം....

'''ഇതെന്താടാ മനു യെവന്‍മാരു തെരയുന്നേ....'' തന്നെ പറ്റിപ്പുണര്‍ന്നു കിടക്കുന്ന മനുവോട് സ്നേഹ ചോദിച്ചു
മനുവിന്റെ വായില്‍ നിന്നും വെള്ളത്തില്‍ കുമിളകള്‍ ഉയരുന്ന കാഴ്ച അവള്‍ നോക്കി നിന്നു..
ചുറ്റും മത്സ്യങ്ങള്‍ നീന്തി തുടിക്കുന്നു
''ടാ നമ്മള്‍ വെള്ളത്തിനടീലാണോ...?
നനവില്ലാ..തണുപ്പില്ലാ...ഇവിടെയായിട്ടും കരമുഴുവന്‍ കാണാം ആളുകളുടെ കോലാഹലം കേള്‍ക്കാം...ടാ..'' അവളുടെ സ്പര്‍ശനമൊന്നും അവനറിയുന്നില്ല..
ഒരു മുങ്ങല്‍ വിദഗ്ദന്‍ മനുവിനെതൂക്കി മുകളിലേക്കുയര്‍ന്നു.അവള്‍ക്ക് ചെറുക്കാനായില്ല.അവന്റകാലില്‍ തൂങ്ങി അവളും മേലേക്കു പൊങ്ങി...

''മനു വെന്റിലേറ്ററിലാണ്...ഒപ്പമുള്ള എന്നെ ഒരുകുട്ടിയും മൈന്റ് ചെയ്യുന്നില്ല ...എന്റെ വാക്കുകള്‍  ചെവിക്കൊള്ളുന്നില്ല..'' സ്നഹ
പൊട്ടിക്കരഞ്ഞു...വിശപ്പില്ല ദാഹമില്ല അവള്‍ മനുവിനു കൂട്ടായിരുന്നു...
''മനുവിനു കാര്യമായിട്ടെന്തോ പറ്റീട്ടുണ്ട്...വള്ളത്തിലെ യാത്ര ..പൊടുന്നനെ വന്ന കാറ്റും കോളും...ങേ...സഞ്ജുവൂം ഗീതൂമെവിടെ...?'' സ്നേഹ ഓരോന്നായി ഓര്‍ത്തെടുത്തു...

പെട്ടെന്ന്  മനു ഒന്നു  പിടച്ചു... ഡോക്ടര്‍മാര്‍ ചുറ്റും കൂടി
''മനൂ.... മനൂ...''അവള്‍ ഉച്ചത്തില്‍വിളിച്ചു കൂവി...
''സ്നേഹാ...'' ഡോക്ടര്‍മാരുടെ ഇടയിലൂടെ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു സ്നഹയുടെ കൈപിടിച്ച് മാറോടു ചേര്‍ത്തു.
സ്നഹയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...
''ഒരു മനു ദേ വെന്റിലേറ്ററില്‍ നിശ്ചലനായി കിടക്കുന്നു...ഇതാ തന്നെ മാറോടുചേര്‍ത്ത് കൂടുതല്‍ കരുത്തോടെ പുതിയൊരു മനു..''
അവന്  അവളെ കാണാം പറയുന്നത് കേള്‍ക്കാം..
''മനൂ...''അവള്‍ അവനെ വാരിപ്പുണര്‍ന്നു.
ബന്ധനങ്ങളില്ലാത്ത പുതിയ ലോകവും
മറയില്ലാ കാഴ്ചകളും ഇനി അവര്‍ക്ക് സ്വന്തം...

No comments:

Post a Comment