Saturday, 16 June 2018

എനിക്കു മരണമില്ല

Welcome...
prasanthkannom.blogspot.com
എനിക്കു മരണമില്ല
................................
മകരത്തിലെ കുളിരു കോരുന്ന പുലരി
ഇത്തിമരം വലിയ ആവേശത്തിലാണ്.
തന്റെ ചോട്ടിലെ കാവില്‍ കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി...
കളിയാട്ടത്തിന്റ മൂന്നു നാളുകള്‍ ഇത്തിമരം എന്നും നെഞ്ചേറ്റും...

''തന്നെ ദീപങ്ങളാല്‍ അലംകരിച്ച് ഒരു സുമംഗലിയെപ്പോലെ ഒരുക്കിനിര്‍ത്തും..
തെയ്യക്കോലങ്ങള്‍ തിമിര്‍ത്താടുമ്പോള്‍
അതുകണ്ട്  നിര്‍വൃതിയടയും...
കുഞ്ഞുങ്ങളുടെ താലപ്പൊലിയും അമ്മമാരടങ്ങുന്ന നാരീജനങ്ങളുടെ കലവറ ഘോഷയാത്രയും...
എന്തൊരാനന്ദകരമായ വര്‍ണ്ണക്കാഴ്ചയാണ്.

വാദ്യസംഘക്കാര്‍ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ഒപ്പംകൂടാന്‍ കൊതിച്ചു പോകാറുണ്ട്....
ആരുമറിയാതെ ചില്ലകളനക്കി ആ താളത്തില്‍ ലയിക്കാറുണ്ട്....''

എത്രയോ വര്‍ഷങ്ങളായി ഈ കാവിലെ ഓരോ സ്പന്ദനത്തിനും മൂകസാക്ഷ്യം വഹിക്കുന്നു....
കാവിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും
എല്ലാ ഈ ഇത്തിമരത്തിന് ഹൃദിസ്ഥമാണ്..
നന്മയും തിന്മയും തിരിച്ചറിയാം...

''തന്റെ വികാരങ്ങള്‍ മനുജരെ
അറിയിക്കാനാവാതെ വിങ്ങിപ്പൊട്ടിയിട്ടുണ്ട്..
കാവിലെ നല്ല നല്ല ആചാരക്കാരുടേയും
കമ്മിറ്റിക്കാരുടേയും വിയോഗത്തില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.....

എന്റെ ചില്ലകളില്‍ ചേക്കാറാറുള്ള കിളികള്‍...എന്റെ പൊന്നു മക്കള്‍
അവര്‍ക്കെന്റെ വിഷമം അറിയാം
കുഞ്ഞുമ്മകള്‍ നല്‍കി അവരെന്നെ സാന്ത്വനിപ്പിക്കും....

എന്റെ ചോട്ടിലെ പൊത്തുകളിലെ കുഞ്ഞുപാമ്പുകള്‍ക്കും ഓടിച്ചാടി നടക്കുന്ന ഓന്തുകള്‍ക്കും അരണകള്‍ക്കും കരിംകണ്ണുകള്‍ക്കും ചീവീടുകള്‍ക്കുംചിലന്തികള്‍ക്കും
പാറിപ്പറക്കുന്ന ശലഭങ്ങള്‍ക്കും ഞാന്‍ ജീവനാണ്....എനിക്കവരും
എന്റെ ജന്മം കര്‍മ്മം സ്നേഹിക്കുന്നവര്‍ക്കായി സമര്‍പ്പിച്ചതാണ്
ഉയിരുള്ള കാലം വരെയും
അതങ്ങിനെയാണ് ''
ഇത്തിമരം ഓരോന്നോര്‍ത്തെടുത്തു.

''ഇത്തവണ എന്റെ ശിഖരങ്ങള്‍ വെട്ടാന്‍ ആരും വരുന്നില്ലെ...?
ഭഗവതിക്കോലത്തിന്റെ നീണ്ട മുടി തട്ടാതിരിക്കാന്‍ എല്ലാ കളിയാട്ടത്തിനും
ഇത് പതിവാണ്...
കാവിലെ ഭഗോതിക്കു വേണ്ടി ആ വേദന ഞാന്‍ സഹിക്കാറുണ്ട്......
പക്ഷെ ഇത്തവണ ...
എന്തോ ...'''

ഈ സമയം ചില്ലകളിലെ കിളികളാരും
ചിലക്കുന്നില്ല...
ചോട്ടിലെ മറ്റു ജീവികളാരും അനങ്ങുന്നില്ല..
ഇത്തിമരം അത്ഭുതപ്പെട്ടു..
നേരമിത്രയായിട്ടും...

ചില്ലകളിലെ കൂടുകള്‍
ശൂന്യമായിരുന്നു...
അവരെല്ലാം രാത്രിയില്‍ തന്നെ കൂടൊഴിഞ്ഞു
പോയിരുന്നു...ചോട്ടിലെ സകല ജീവിവര്‍ഗ്ഗങ്ങളും ഇത്തിമരത്തെ വിട്ടു പോയിരുന്നു...

അമ്മയുടെ...തങ്ങളുടെ സ്നേഹനിധിയായ
ഇത്തിമരത്തിന്റെ മരണം
അതവര്‍ക്ക് താങ്ങാവുന്നതിനുമപ്പുറത്താണ്..
അത് കണ്ടു നില്‍ക്കാന്‍
ആ മക്കള്‍ക്കാവില്ല....
അവര്‍ പ്രകൃതിയുടെ ഓരോ സ്പന്ദനവും
മുന്‍കൂട്ടിയറിയുന്നു..

എല്ലാവരും തന്നെ വിട്ടു പോയതായി ഇത്തിമരത്തിന്  മനസ്സിലായി...
തനിക്കെന്തോ സംഭവിക്കാന്‍ പോകുന്നെന്ന
ഭീതി ഇത്തിമരത്തെ വേട്ടയാടി...
കാവിലെ ഭഗോതിയെ കണ്ണടച്ച് നെഞ്ചുരുകി വിളിച്ചു...

ഈ സമയം ഭീതിപരത്തുന്ന ശബ്ദത്തോടെ
ഒരു യന്ത്രം തന്റെ അടിവേരക്കുന്നതായി
ഇത്തിമരത്തിന് മനസ്സിലായി..
ആ പ്രാണവേദനയിലും എല്ലാവര്‍ക്കും നന്മകളുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
കാവിനെ അവസാനമായി ഒന്നു നോക്കി
ഇത്തിമരം ആ മണ്ണില്‍ ചെരിഞ്ഞു വീണു...
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

No comments:

Post a Comment